“എന്താടി??”
അല്പസമയം എന്റെ മുഖത്തേക്ക് തന്നെ നോക്കി കിടന്ന ശേഷം വീണ്ടും മറ്റേ ആക്കിയ ചിരി ചിരിക്കുന്നത് കണ്ട് ഞാൻ ഗൗരവത്തോടെ ചോദിച്ചു.
“മ്മ്ച്….”
അവൾ ഒന്നുമില്ല എന്ന രീതിയിൽ ചുമൽ അനക്കി.
“ഹ്മ്മ്……”
ഒന്ന് മൂളിയിട്ട് ഞാൻ എഴുന്നേറ്റു
“നമ്മള് ആദ്യമായി കണ്ടത് എപ്പോഴാണെന്ന് അറിയുമോ??”
കട്ടിലിൽ നിന്നും എഴുന്നേറ്റപ്പോൾ പിന്നിൽ നിന്ന് യാമിനിയുടെ ചോദ്യം, ഇതെന്താ ഇപ്പോ ഇങ്ങനെ ഒരു ചോദ്യം??
“അങ്ങനെ മറക്കാൻ പറ്റിയ ഒരു ദിവസമല്ല അത്……….”
ഇവളെ ഞാൻ ഇപ്പോ ഒരുപാട് ഇഷ്ടപ്പെടുന്നു, പക്ഷെ ആ ദിവസം അത് ഇപ്പോഴും എനിക്ക് ഒരു നീറ്റൽ തന്നെയാണ്…. ഹരി…….. ആ മുഖമാണ് മനസിലേക്ക് വരുന്നത്…
“അന്ന് അല്ല……ഒരുപാട് വർഷങ്ങൾക്ക് മുന്നെ നമ്മൾ കണ്ടിട്ടുണ്ട്….”
എന്റെ മുഖഭാവത്തിൽ നിന്നും ഞാൻ ആ രാത്രിയെ കുറിച്ചാണ് ആലോചിക്കുന്നത് എന്ന് അവൾക്ക് മനസിലായി
“ഏഹ് എപ്പോ…… എങ്ങനെ???”
എനിക്ക് ഒരു പിടിയും കിട്ടിയില്ല, ഇനി പനി കൂടി പെണ്ണിന് വല്ല ഭ്രാന്തും പിടിച്ചോ…
ശരിയാണ്, എന്റെ ഊഹം ശരിയാണ്. അവൾക്ക് ഭ്രാന്ത് പിടിച്ചെന്ന് തോന്നുന്നു, എന്റെ ചോദ്യത്തിനുള്ള മറുപടി തരാതെ കിടന്ന് ചിരിക്കുകയാണ്, കുറച്ച് മുൻപ് പനിച്ചു വിറച്ചു കിടന്ന ആളെ അല്ല, പനി ഒക്കെ പറപറന്നിട്ടുണ്ട്.
“ഒരുമാതിരി ആളെ കളിയാക്കാതെ കാര്യം പറയെടോ…..”
“ഞാൻ നാലാം ക്ലാസ്സില് പഠിക്കുമ്പോൾ ടോണി LKGയിൽ ആയിരുന്നു, ഒരേ സ്കൂളിൽ… ഒരേ ഓട്ടോയിൽ ആയിരുന്നു നമ്മൾ പോയിരുന്നത്….”
അയ്യേ…… ഛെ, അത് കേട്ടപ്പോൾ ഞാൻ ശരിക്കും ചമ്മി പോയി. ഇപ്പോ കാണുമ്പോൾ വലിയ പ്രശ്നമില്ല, ഏകദേശം സമ പ്രായക്കാരെ പോലെയുണ്ട്, പക്ഷെ പഴയ ആ സീൻ ഞാൻ ഒന്ന് മനസ്സിൽ സങ്കൽപ്പിച്ച് നോക്കി, അയ്യേ…. ആലോചിക്കാൻ കൂടി വയ്യ……
“ടോണി ആകെ മാറിപ്പോയി, എനിക്ക് മനസ്സിലായിരുന്നില്ല….. പക്ഷെ ഇന്ന് അമ്മച്ചിയെ കണ്ടപ്പോഴാണ് എനിക്ക് ഓർമ്മ വന്നത്….”
എന്ന് പറഞ്ഞ് അവൾ വീണ്ടും ചിരി തുടങ്ങി, ഞാൻ ആണെങ്കിൽ ആകെ ചമ്മി നാറി നിൽക്കുന്നു.
“അതെ ഓവർ കിണിക്കണ്ട, ഇപ്പോ ഞാൻ വലുതായില്ലേ…..”
ചമ്മൽ മറയ്ക്കാൻ വേണ്ടി ഞാൻ ഗൗരവത്തോടെ പറഞ്ഞു.
“അയ്യോ സോറി, പഴയത് ഓരോന്നും ആലോചിച്ചു ചിരിച്ചു പോയതാണ്…”