രണ്ട് മൂന്ന് വിളി വിളിച്ചു നോക്കിയെങ്കിലും പ്രതികരണം ഇല്ല, ഉറങ്ങി പോയെന്ന് തോന്നുന്നു….
പിന്നെ വിളിക്കാൻ നിന്നില്ല, എനിക്ക് ഇഷ്ടമല്ലാത്ത ഒരു കാര്യമാണ് ഉറങ്ങി കിടക്കുന്ന ഒരാളെ ഉണർത്തുന്നത്. ഞാനും വേഗം ലൈറ്റ് ഓഫാക്കി ഫാനും ഇട്ട് വന്നു കട്ടിലിൽ കയറി കിടന്നു.
എത്ര ദിവസമായി ഇതുപോലെ ഒന്ന് കട്ടിലിൽ ഒക്കെ കിടന്നു ഉറങ്ങിയിട്ട്, നല്ല കാലാവസ്ഥയും… എല്ലാം കൂടി ആയതുകൊണ്ട് പെട്ടെന്ന് തന്നെ ഞാൻ ഉറങ്ങിപ്പോയി.
എത്ര നേരം അങ്ങനെ സുഖമായി കിടന്ന് ഉറങ്ങി എന്ന് അറിയില്ല, എന്തോ ഒച്ച കേട്ടാണ് ഞാൻ ഞെട്ടി എഴുന്നേറ്റത്…. ചുറ്റും നോക്കിയപ്പോൾ ഒന്നുമില്ല….. ഫോൺ എടുത്ത് ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്ത് അടിച്ചു നോക്കി, ഒന്നുമില്ല….. തോന്നിയതാണ്….
വീണ്ടും കിടന്നപ്പോഴാണ് അതുവരെയുള്ള സുഖ നിദ്രയിൽ കണ്ട മനോഹരമായ സ്വപ്‌നം ഓർമ്മ വന്നത്, ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഫുട്ബോൾ ക്ലബ് ആയ ബാഴ്‌സലോണയുടെ കളിക്കാർ പരിശീലനം ചെയ്യുന്നതും നോക്കി നിൽക്കുകയാണ് ഞാൻ… പുറത്തേക്ക് പോവുന്ന ബോൾ എടുത്ത് കൊടുക്കലാണ് എന്റെ പണി, യെസ് ബോൾ ബോയ്…… പഴയ വിന്റേജ് ബാഴ്‌സ ടീമാണ്…. ഇനിയേസ്റ്റയും സാവിയും പുയോളും വാൽഡസും പിന്നെ നമ്മുടെ മുത്ത് ലിയോയും എല്ലാം കൂടി മനോഹരമായ പാസിംഗ് ചെയ്യുന്നതും നോക്കി കണ്ണും തള്ളി നിൽക്കുകയാണ് ഞാൻ…. ഒന്നും കൂടി ചിന്തിച്ചപ്പോഴാണ് അവർ പരിശീലനം നടത്തുന്നത് ഞങ്ങടെ വയലിൽ ആണെന്ന് ഓർത്തത്, ആലോചിച്ചപ്പോൾ എനിക്ക് തന്നെ ചിരി വന്നുപോയി…. മെസ്സിയും പിള്ളേരും ഞങ്ങടെ വയലിൽ പന്ത് തട്ടി കളിക്കുന്നു, എന്ത് മണ്ടത്തരമാണ്…….. ഹാാാ, സ്വപ്‌നം അല്ലേ…… എന്ത് വേണമെങ്കിലും കാണാലോ… അതിലും വല്യ കോമഡി എന്താണെന്ന് വെച്ച ഇടയ്ക്ക് പുറത്തേക്ക് പോകുന്ന ബോൾ തട്ടി കൊടുക്കുമ്പോൾ എന്റെ സ്‌കിൽസ് കണ്ട് അവർ ഒരുനിമിഷം കളി നിർത്തി കയ്യടിക്കുന്നു, ഛെ… ഓർക്കുമ്പോൾ എനിക്ക് തന്നെ കുറവാവുന്നു, ഈ കഥ വേറെ ആരോടെങ്കിലും പറഞ്ഞാൽ ചിലപ്പോൾ എന്നെ പിടിച്ചു വല ഭ്രാന്താശുപത്രിയിലും കൊണ്ടുപോയി ഇടും….
വീണ്ടും കണ്ണടച്ച് കിടക്കാൻ തുടങ്ങുമ്പോഴാണ് ഒരു ശബ്ദം കേട്ടത്, അത് താഴെ നിന്ന് ആയിരുന്നു….. യാമിനി കിടക്കുന്ന അവിടെ നിന്ന്. ഇരുട്ട് ആയതുകൊണ്ട് ഒന്നും കാണുന്നില്ല, പക്ഷെ അവൾ ശ്വാസം എടുക്കുന്ന ശബ്ദമാണെന്ന് തോന്നുന്നു കേട്ടത്…
ഞാൻ എഴുന്നേറ്റ് ലൈറ്റ് ഇട്ട് നോക്കുമ്പോഴാണ് അവൾ കിടന്ന് വിറക്കുകയാണെന്ന് മനസ്സിലായത്. ഞാൻ വേഗം ഫാൻ ഓഫാക്കിയിട്ട് അവളുടെ അടുത്ത് ചെന്നു നോക്കി, ശരിയാണ് കിടന്ന് വിറയ്ക്കുകയാണ്…. ഇടയ്ക്ക് എന്തോ പിച്ചും പെയ്യും ഒക്കെ പറയുന്നുണ്ട്, മലയാളം അല്ല, മറ്റ് ഏതോ ഭാഷയാണെന്ന് തോന്നുന്നു, ഒന്നും മനസിലായില്ല..
അവൾ ചുരുണ്ട് കൂടി കിടക്കുകയാണ്…. പൂച്ച കിടക്കുന്നത് പോലെയുണ്ട്. നെറ്റിയിൽ കൈ വെച്ച് നോക്കിയപ്പോൾ ചുട്ടു പൊള്ളുന്ന ചൂട്, അയ്യോ നല്ല പനിയുണ്ട്…… കർത്താവെ എന്ത് ചെയ്യും….
“യാമിനി……….. ഡോ…….. അതേ……..”
“ഏഹ്മ്മ്……..”
ഞാൻ വിളിച്ചപ്പോൾ ഒന്ന് ചിണുങ്ങിയിട്ട് ഒന്നുകൂടി ചുരുണ്ട് കൂടി കിടന്നു….
ഇങ്ങനെ നിലത്ത് കിടത്തിയാൽ പണിയാവും, പക്ഷെ പെണ്ണ് ഒന്ന് എഴുന്നേറ്റ് കിട്ടണ്ടേ…