“അയ്യേ എന്റെ മേരി പെണ്ണ് പിണങ്ങിയോ……. മേരിയേ ദേ ഇങ്ങോട്ട് നോക്കിയേ…..കൂയ്”
ഞാൻ മേരിയേ കെട്ടിപ്പിടിച്ചു കൊണ്ട് താടിക്ക് പിടിച്ച് മുഖം ഉയർത്തി.
“മ്മ്??”
മേരി ചോദ്യ ഭാവത്തിൽ പുരികം ഉയർത്തി.
“എല്ലാം ശരിയാവും, അപ്പനും മേരിയും ഞാനും പിന്നെ ഇതാ ആ പൊട്ടത്തിയും എല്ലാം കൂടി ഒരുമിച്ച് നമ്മുടെ വീട്ടിൽ സന്തോഷത്തോടെ ജീവിക്കും….. പക്ഷെ കുറച്ച് സമയം വേണം, ഇപ്പോ ഇങ്ങനെ അങ്ങ് പോവട്ടെ….. ഒറ്റയ്ക്ക് നിന്ന എനിക്ക് ജീവിതത്തിൽ ജയിക്കാനുള്ള ആവേശം വരുള്ളൂ, അത് കഴിഞ്ഞ് ഞാൻ എന്തായാലും നമ്മുടെ വീട്ടിലേക്ക് തന്നെ വരും….. കേട്ടോ”
കെട്ടിപ്പിടിച്ചു കൊണ്ട് തന്നെ ഞാൻ അതും പറഞ്ഞു മേരിയുടെ നെറ്റിയിൽ ഒരുമ്മ കൊടുക്കുമ്പോൾ മേരിയുടെ കണ്ണിൽ നിന്നും ആനന്ദാഷു ഒഴുകിയിരുന്നു.
“അതൊക്കെ ശരി, പക്ഷെ നമ്മൾ നാലാളും പിന്നെ ഒരാളും കൂടി വേണ്ടേ??”
“വേറെ ആരാ??”
മേരി എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് പെട്ടെന്ന് കത്തിയില്ല.
“ഡാ മോനു……. നീ ഒരുപാട് അങ്ങോട്ട് പൊട്ടൻ കളിക്കണ്ട, നിന്റെ കെട്ട്യോള് പറഞ്ഞു നിനക്ക് കുറച്ച് കഴിഞ്ഞ് മതി എന്ന് പറഞ്ഞെന്ന്…….ശരിയാണ് നിനക്ക് ഒരു ജോലി ഒക്കെ ആയി സേറ്റിൽ ആവണം, പക്ഷെ ഒരുപാട് വൈകണ്ട എന്നാണ്……..”
മുഴുവൻ പറയാതെ എന്റെ കവിളിൽ പിടിച്ചു പിച്ചിയിട്ട് ഒരു ചിരിയും ചിരിച്ച് മേരി തിരിച്ചു നടന്നു,
അപ്പോഴാണ് എനിക്ക് കാര്യം കത്തിയത്…… അവൾ എന്തിനാണ് മേരിയോട് അങ്ങനെ പറഞ്ഞത്? കുഞ്ഞിന്റെ കാര്യം തന്നെ അല്ലേ ഉദ്ദേശിച്ചത്?
“മോനു പോവട്ടെ…..”
മേരിയുടെ ശബ്ദമാണ് എന്നെ ചിന്തയിൽ നിന്നും വേർപിരിച്ചത്.
“ആഹ്…….”
ഞാൻ പോയി മേരിയേ കെട്ടിപ്പിടിച്ചു, കണ്ണ് നിറയാതെ കഷ്ടപ്പെട്ട് പിടിച്ചു നിന്നു…
“അയ്യേ അമ്മച്ചീന്റെ മോളു എന്തിനാ കരയുന്നത്, മോൾക്ക് കാണാൻ തോന്നിയ അമ്മച്ചി ഇങ്ങ് ഓടി വരില്ലേ…..”
മേരി അത് പറഞ്ഞപ്പോഴാണ് ഞാൻ യാമിനിയെ ശ്രദ്ധിച്ചത്, അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുകയാണ്…. എനിക്ക് ആണെങ്കിൽ ഇവരുടെ ഈ സ്നേഹ പ്രകടനം കണ്ടിട്ട് സങ്കടം എല്ലാം മാറി ചിരി വരാൻ തുടങ്ങി…. ചിരിച്ചില്ല, കഷ്ടപ്പെട്ട് കണ്ട്രോൾ ചെയ്തു.
“ഇനി നിന്ന അമ്മച്ചിയും കരയും, ശരി…… പിന്നെ, അമ്മച്ചി രമേശന്റെ എടുത്ത് ഒരു ഫോൺ കൊടുത്ത് വിടും… അത് ആര് ചോദിച്ചാലും കൊടുക്കരുത്, അമ്മച്ചിക്ക് മോളോട് സംസാരിക്കാനാണ്…… ഇവിടെ ചിലര് പുതിയ ഫോൺ കണ്ട അപ്പൊ സോപ്പിട്ട് അടിച്ച് മാറ്റാൻ വരും…….. കേട്ടോ…..”
എന്നെ ഒന്നുകൂടി നോക്കി പേടിപ്പിച്ചിട്ട് അവളെ വീണ്ടും കെട്ടിപ്പിടിച്ച ശേഷം മേരി പോയി കാറിൽ കയറി….. ഏഹ്, പുതിയ ഫോണോ?? അപ്പൊ ഇവളുടെ കയ്യിൽ ഫോണില്ലേ?? ശരിയാണ്, അപ്പൊ അതാണ് അന്ന് ഉണ്ണിമായയെ വിളിക്കാൻ എന്റെ ഫോൺ ചോദിച്ചത്, പക്ഷെ അന്ന് ഫോൺ തിരിച്ച് വാങ്ങുമ്പോൾ അവളുടെ ഫോൺ റീചാർജ് ചെയ്യാൻ പറഞ്ഞിട്ടും അവൾ ഒന്നും പറഞ്ഞിലല്ലോ, ഹാ…… എങ്ങനെ പറയാനാണ്, ഞാൻ ഇതുവരെ അവളോട് ഒന്ന് നല്ലോണം സംസാരിച്ചിട്ട് പോലുമില്ല…. ഹ്മ്മ്…….