സിഗരറ്റ് വലിച്ചുകൊണ്ട് നിന്നപ്പോഴാണ് പണ്ട് എന്റെ കൂടെ ഫുട്ബോൾ ക്യാമ്പിന് വന്നിരുന്ന റോഷനെ കണ്ടത്, കുറച്ചു നേരം അവനോട് സംസാരിച്ചിരുന്നു…. അവനും എന്നെ പോലെ തന്നെ കളിയൊക്കെ മുഴുവനായി ഉപേക്ഷിച്ചിരുന്നു… എങ്കിലും ഞങ്ങൾ കൂടുതലും സംസാരിച്ചത് ഇന്നും ആവേശം കെട്ടടങ്ങാത്ത കാല് പന്ത് കളിയെ കുറിച്ച് തന്നെയാണ്.
അവനോട് സംസാരിച്ചിരുന്നു സമയം പോയത് അറിഞ്ഞില്ല, വേഗം തന്നെ അവനോട് യാത്ര പറഞ്ഞ് തിരിച്ച് പി.ബിയിലേക്ക് തന്നെ നടന്നു….
ഞാൻ സ്റ്റെപ്പ് കയറി ചെല്ലുമ്പോൾ ഉറക്കെയുള്ള സംസാരം കേൾക്കുന്നുണ്ട്…. ഇതെന്താണ് സംഭവം,
ഓ…….. വിഷ്ണു എത്തിയിട്ടുണ്ട്, വെറുതെ അല്ല, അവനും മേരിയും കൂടെ കൂടിയ പിന്നെ ഒന്നും പറയണ്ട…. നേരിൽ കണ്ട കീരിയും പാമ്പും ആണെങ്കിലും മേരിക്ക് എന്നേക്കാൾ ഇഷ്ടം അവനെ ആണെന്ന് വരെ തോന്നി പോയിട്ടുണ്ട്.
“ഹാ നീ എവിടെ പോയതാടാ, പെട്ടെന്ന് നോക്കുമ്പോൾ ചെറുക്കനെ കാണുന്നില്ല…”
എന്നെ കണ്ടതും മേരി ചോദിച്ചു
“അവന് മുങ്ങൽ ലേശം കൂടിയിട്ടുണ്ട് അമ്മച്ചി”
വിഷ്ണുവാണ് അത് പറഞ്ഞത്.
“ആണോടാ??”
“അവൻ വെറുതെ ഓരോന്നും പറയുന്നതാണ് മേരിയേ…..”
ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞിട്ട് അവനെ നോക്കി കണ്ണുരുട്ടി ഞാൻ അവരുടെ അടുത്ത് ചെന്നിരുന്നു.
വിഷ്ണുവും മേരിയും അങ്ങോട്ടും ഇങ്ങോട്ടും വിട്ടുകൊടുക്കാതെ കൗണ്ടർ അടിക്കുന്നത് കണ്ട് തലയും കുത്തിയിരുന്ന് ചിരിക്കുകയായിരുന്നു യാമിനി, എനിക്ക് പിന്നെ ഇവരുടെ ഈ ബഡായി കേട്ട് നല്ല ശീലമാണ്.
പണ്ട് സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് വിഷ്ണുവിന് ഒരു കുട്ടിയോട് മുടിഞ്ഞ പ്രണയം ആയിരുന്നു, പക്ഷെ അവൾക്ക് ഞങ്ങടെ കണക്ക് മാഷിനോട് കട്ട പ്രണയവും…. ആ കഥ പറഞ്ഞാണ് മേരി എപ്പോഴും അവനെ തളർത്തുക്ക.
മേരിക്ക് കല്യാണത്തിന് മുന്നെ ഒരു പ്രണയം ഉണ്ടായിരുന്നു, അത് അറിഞ്ഞതോടെ എന്റെ വല്യപ്പച്ചൻ മേരിയെ പിടിച്ച് എന്റെ അപ്പനെ കൊണ്ട് കെട്ടിച്ച്, ഹൗ സാഡ് ലേ….. അത്രയെ ഞങ്ങക്ക് അറിയൂ, പക്ഷെ അവസാനം തോറ്റു പോവും എന്ന ഘട്ടം എത്തിയ വിഷ്ണു ആ കഥ ഇറക്കും, അതിൽ കുറച്ച് എരിവും പുളിയും ചേർത്തു പറഞ്ഞ മേരി ഫ്ലാറ്റ്…. ഇത് എപ്പോഴും കേട്ടു കേട്ട് അവസാനം
“ഒന്ന് നിർത്തുന്നുണ്ടോ രണ്ടിന്റെയും തൊലിഞ്ഞ പൈങ്കിളി കഥ” എന്നും പറഞ്ഞ് ഞാനാണ് ആ യുദ്ധം അവസാനിപ്പിക്കാറ്.
ഇന്നും അത് തന്നെ സംഭവിച്ചു, പക്ഷെ ഒരു വ്യത്യാസം എന്താണ് എന്ന് വെച്ച അവരുടെ ശോകം കഥ കേട്ടിരിക്കാൻ പറ്റിയ ഒരാളെ ഇന്ന് കിട്ടിയിരുന്നു, യാമിനി….. അവൾ എല്ലാ പൊട്ടത്തരവും കേട്ട് ചിരിക്കുന്നുണ്ട്.
അവസാനം രാത്രി രമേശേട്ടൻ വന്ന ശേഷം എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണവും കഴിച്ച ശേഷം മേരി യാത്ര പറഞ്ഞ് ഇറങ്ങുന്നത് വരെ ശരിക്കും ഒരു പള്ളി പെരുന്നാളിന്റെ അന്തരീക്ഷം ആയിരുന്നു, കുറെ ദിവസങ്ങൾക്ക് ശേഷമാണ് ശരിക്കും എല്ലാം മറന്ന് ചിരിച്ചത്.