“മോനു…… അന്ന് രമേശന്റെ കയ്യിൽ എ.ടി. എം കാർഡ് കൊടുത്തു വിട്ടിട്ട് എന്താ തിരിച്ചു തന്നത്??”
“അത് പിന്നെ……… ഞാൻ ജോലി അന്വേഷിക്കുന്നുണ്ട്, ആ കാർഡ് കയ്യിൽ വെച്ച ജോലി തിരയാനുള്ള ചൂട് പോവും”
അല്പം ചിന്തിച്ച ശേഷമാണ് ഞാൻ മറുപടി കൊടുത്തത്.
“ഹോ…… എന്റെ കർത്താവേ, എന്താ ഞാൻ ഈ കേട്ടത്……. എല്ലാം ആ കൊച്ച് വന്നതിന്റെ ഐശ്വര്യമാണ്”
“ഓ ആ ക്രെഡിറ്റും അവൾക്ക് കൊടുത്തോ, കഷ്ടപ്പെട്ട് പണിയെടുത്ത് ജീവിക്കാൻ തീരുമാനിച്ച ഞാൻ വെറും ശശി”
“ഏയ് അങ്ങനെ പറയരുത്, നീ ശശി ആണെന്ന് പറയുന്നത് നമ്മുടെ പ്ലംബർ ശശി എങ്ങാനും കേട്ടാൽ അവൻ തല തല്ലി ചാവും….”
എന്നും പറഞ്ഞ് മേരി കുടുകുടെ ചിരിക്കാൻ തുടങ്ങി…
“ദേ മേരി പെണ്ണേ……… കുറെ നേരം ആയി…… ഇങ്ങട്ട് വാ…….”
ഞാൻ മേരിയെ പൊക്കി എടുത്ത് വട്ടം കറക്കി, അങ്ങനെ വിട്ട പറ്റില്ലല്ലോ…… ഒന്നാമത് ആ പ്ലംബർ ശശിയുടെ കാര്യം പറഞ്ഞത് എനിക്ക് തീരെ പിടിച്ചിട്ടില്ല, കാരണം കള്ളും കുടിച്ച് പോയി ഭാര്യയെ തല്ലുന്ന ഒരു മ്ലേച്ചനാണ് അയാള്…
“വിട് മോനു, വിട് പ്ലീസ്…… അയ്യോ തല കറങ്ങുന്നു….. വിടെടാ…..”
വിടാൻ പറഞ്ഞ് ഒച്ച വെക്കുമ്പോഴും മേരി ചിരിക്കുകയായിരുന്നു… അങ്ങനെ വിടാൻ തോന്നിയില്ല…
കുറച്ച് നേരം അങ്ങനെ എടുത്ത് കറക്കിയ ശേഷം തല കറങ്ങാൻ തുടങ്ങിയപ്പോൾ മേരിയെ നിലത്തിറക്കി, പുള്ളിക്കാരി കൂൾ ആയിട്ട് നിന്ന് ചിരിക്കുന്നു, എനിക്കാണ് തല കറക്കം…
“ഹോ. .. ഇപ്പോ ഞാൻ ഇല്ലാത്തത് കൊണ്ട് എന്റെ ഫുഡ് കൂടി മേരിയാണ് ലേ കഴിക്കുന്നേ….. വെയിറ്റ് കൂടിയിട്ടുണ്ട്….”
“ഒന്ന് പോയെടാ ചെറുക്കാ….. പിന്നെ വെയിറ്റ് കൂടുന്നു, അതിന് ഇത്രയും കാലം നീ എന്നെ എടുത്തോണ്ട് നടക്കുക ആയിരുന്നല്ലോ…”
വെയിറ്റ് കൂടി എന്ന കമെന്റ് എന്റെ മാതാവിന് സഹിക്കാൻ കഴിയില്ല എന്ന് അറിയുന്നത് കൊണ്ടാണ് ഞാൻ പറഞ്ഞത് തന്നെ….. ഹ……ഹ.
“ഹാഹ്, മോള് എന്താ അവിടെ തന്നെ നിന്നെ…. ഇങ്ങ് വായോ”
മേരി മുറിയുടെ വാതിൽക്കലേക്ക് നോക്കി അത് പറഞ്ഞപ്പോഴാണ് അവിടെ പരുങ്ങി കളിക്കുന്ന യാമിനിയെ ഞാൻ ശ്രദ്ധിച്ചത്, വരണോ വേണ്ടേ എന്ന് ഉറപ്പില്ലാത്ത പോലെ മടിച്ചു മടിച്ചാണ് അവൾ ഞങ്ങടെ അടുത്തേക്ക് വരുന്നത്.
“കണ്ടോ ഡാ എന്റെ കൊച്ചിനെ, കുളിച്ച് ചന്ദനക്കുറിയും തൊട്ട് എന്തൊരു ഐശ്വര്യമാണ്”
അടുത്ത് എത്തിയ യാമിനിയെ ചേർത്തു പിടിച്ചുകൊണ്ട് മേരി പറഞ്ഞു, ഇവൾ എന്ത് കൈ വിഷമാണ് കർത്താവേ മേരിക്ക് കൊടുത്തത്….. ഇത്ര കാലത്തിനിടയ്ക്ക് ഇതുവരെ എന്നെ പറ്റി നല്ല ഒരു വാക്ക് പറയാത്ത കക്ഷിയാണ് ഇവളെ കാണുമ്പോ കാണുമ്പോൾ പൊക്കി അടിക്കുന്നത്.