🤵പുലിവാൽ കല്യാണം 3👰 [Hyder Marakkar]

Posted by

മുകളിൽ എത്തിയപ്പോൾ മുറിയിൽ നിന്ന് അടക്കിയ സംസാരം കെട്ടു, യാമിനി ചിരിക്കുന്നുണ്ട്…… ആരാ ഇപ്പോ ഇവളെ കാണാൻ ഇവിടെ വന്നത്??

അകത്തു നിന്ന് മറ്റൊരു ചിരി കെട്ടു, വളരെ പരിചയമുള്ള ഒരു ചിരി, ആാാ ചിരിയുടെ ഉടമയെ തിരിച്ചറിഞ്ഞതും എന്റെ ക്ഷീണം എല്ലാം പറപറന്നു…… അതെ എന്റെ മേരി, മേരിയുടെ ചിരിയാണ് ആ കേട്ടത്….. മേരി എങ്ങനെ ഇവിടെ?? അപ്പൻ സമ്മതിച്ച് കാണുമോ ഇങ്ങോട്ട് വരാൻ??

 

ഞാൻ ആവേശത്തോടെ വാതില് തള്ളി തുറന്ന് അകത്ത് കയറുമ്പോൾ കാണുന്നത് കട്ടിലിൽ കാല് നീട്ടി ഇരിക്കുന്ന മേരിയും, മേരിയുടെ മടിയിൽ തല വെച്ച് കിടക്കുന്ന യാമിനിയും… എന്റെ പൊന്നു മേരിയുടെ സ്പെഷ്യൽ ഹെഡ് മസ്സാജും ആസ്വദിച്ചു കിടക്കുകയാണ് യാമിനി, പക്ഷെ അത് കണ്ടപ്പോൾ എനിക്ക് ചെറുതായി അസൂയ തോന്നി…. എനിക്ക് മാത്രം കിട്ടിയിരുന്ന സ്പെഷ്യൽ മസ്സാജ് ആണ്…..

 

“ഹോ പേടിപ്പിച്ച് കളഞ്ഞല്ലോ ചെക്കാ….”
വാതില് തള്ളി തുറന്നുള്ള എന്റെ മാസ്സ് എൻട്രയിൽ ഞെട്ടി പോയ ശേഷം മേരി ചൂടായി, സന്തോഷം കൊണ്ട് എന്നെ കണ്ട ഉടനെ ഓടി വന്ന് കെട്ടിപ്പിടിക്കും എന്ന് കരുതിയ ഞാൻ ആരായി, അല്ലെങ്കിലും സന്തോഷം കൊണ്ട് ഓടി വന്ന് കെട്ടിപ്പിടിക്കാൻ മകൻ വേൾഡ് കപ്പും ജയിച്ച് വരുകയല്ലല്ലോ….. അറ്റ്ലീസ്റ്റ് സങ്കടം കൊണ്ടെങ്കിലും അവളെ മടിയിൽ നിന്ന് എഴുന്നേൽപ്പിച്ച് എന്നെ വന്നു കെട്ടിപ്പിടിക്കാമായിരുന്നു.

 

ഞാൻ അവരുടെ അടുത്തേക്ക് ചെന്നതും യാമിനി മേരിയുടെ മടിയിൽ നിന്നും എഴുന്നേറ്റിരുന്നു.

“പൊന്നുമോൻ ഒന്ന് ഇങ്ങോട്ട് വന്നേ…..”
അടുത്ത് എത്തിയതും മേരി എന്നെ വാത്സല്യത്തോടെ വിളിച്ചു, ആ വിളി കേട്ടതും ദേഹത്തെ ഓരോ രോമവും എഴുന്നേറ്റ് നിന്ന് സല്യൂട്ട് അടിച്ചു…. കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ ഏറ്റവും കൂടുതൽ കേൾക്കാൻ കൊതിച്ചത് ഇതായിരുന്നു….. എന്റെ മേരിയുടെ വാത്സല്യത്തോടെയുള്ള ഈ സ്വരം.

കേൾക്കാൻ കൊതിച്ചത് കേട്ട സന്തോഷത്തിൽ ഞാൻ കട്ടിലിൽ ഇരിക്കുന്ന മേരിയുടെ അടുത്തേക്ക് കുനിഞ്ഞു

“ഔ………… ആാാ…….. മേരി വേദനിക്കുന്നു… വിട്.”
അതെ ആ വാത്സല്യം ഒരു ചതിയായിരുന്നു, അടുത്തേക്ക് മുഖം അടുപ്പിച്ച എന്റെ ചെവി മേരി പിടിച്ചു തിരിച്ച് ഒരു പരുവമാക്കി.

 

“മതി……. പ്ലീസ് പ്ലീസ് പ്ലീസ്, വിട്…. ആാാ……..”
ഞാൻ നിന്ന് കുതറി, മേരിയ്ക്ക് ചെവി വിടാനുള്ള പ്ലാൻ ഇല്ലെന്ന് തോന്നുന്നു, യാമിനി ഇതെല്ലാം കണ്ട് കട്ടിലിൽ ഇരുന്ന് ചിരിക്കുന്നുണ്ട്…… അത് കണ്ടപ്പോൾ ചെറുതായി ലജ്ജ തോന്നി, ഇതുവരെ തോന്നാത്ത ഒരു വികാരം.

 

“ഇത് എന്തിനാ ന്ന് മനസ്സിലായോ??”
ചെവിയിൽ നിന്ന് കൈ വിട്ട ശേഷം മേരി ഗൗരവത്തോടെ ചോദിച്ചു…

“മ്മ……. കല്യാണം കഴിച്ചതിന്”
ചെവി തടവിക്കൊണ്ട് ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു.

“ഏയ് ഒരിക്കലും അല്ല, എന്റെ പൊന്നുമോൻ ജീവിതത്തിൽ ആദ്യമായിട്ട് ചെയ്ത നല്ല കാര്യമാണ് അത്……. അതുകൊണ്ട് അല്ലേ ഈ ചക്കര കുടത്തിനെ എനിക്ക് കിട്ടിയത്”

Leave a Reply

Your email address will not be published. Required fields are marked *