“വേണ്ടാ…… ലൈറ്റ് ഓഫാക്കി പോയി കിടക്ക്”
അത്രയെ പറഞ്ഞുള്ളൂ, അതും അല്പം കനത്തിൽ തന്നെ…. അവൾ പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല, വേഗം ലൈറ്റും ഓഫാക്കി കട്ടിലിൽ കയറി കിടന്നു….
മഴയാണ് എല്ലാത്തിനും കാരണം, ദുഷ്ടൻ…… പക്ഷെ എന്റെ ഉള്ളിലുള്ളത് കുറച്ചു കുറച്ചായി എനിക്ക് തന്നെ മനസിലായി വരുന്നുണ്ട്, അതിന് മഴയ്ക്ക് നന്ദി….
പുറത്ത് തണുപ്പത്ത് കിടന്ന് എങ്ങനെ ഉറങ്ങുമെന്ന് ആയിരുന്നു ഇതുവരെയുള്ള വിഷമം, പക്ഷെ ഇപ്പോ ഉറങ്ങാൻ അതിലും കഷ്ടം തോന്നുന്നു, നിദ്രാദേവി ഈ പരിസരത്തേക്ക് തിരിഞ്ഞ് നോക്കുന്നു പോലും ഇല്ല……… കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാതെ ആയപ്പോൾ എഴുന്നേറ്റ് വാതിലിന്റെ അടുത്ത് പോയി നിന്ന് ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു….
മഴ നിന്നിരുന്നു, മേഘങ്ങൾ ഗർജ്ജിക്കുന്നില്ല…. നിശബ്ദത….. ചുറ്റും നിശബ്ദത….. പ്രകൃതി കുളിച്ച് കുട്ടപ്പനായി നിൽക്കുന്നു…. നല്ല മണം…. സിഗരറ്റ് വലിച്ചു തീർന്നത് അറിഞ്ഞില്ല, ഞാൻ ഒന്നും ചിന്തിച്ചിരുന്നില്ല….. ഒരു മഴ പെയ്തു പോയ ശേഷമുള്ള പ്രകൃതിയുടെ പ്രത്യേക സൗന്ദര്യത്തിൽ ലയിച്ച് പോയിരുന്നു………
അല്പസമയം അങ്ങനെ നിന്ന ശേഷം വാതിൽ അടച്ചു വന്ന് കിടക്കാൻ നേരം നോക്കുമ്പോൾ യാമിനിയും ഉറങ്ങിയിട്ടില്ല, ഇരുട്ടത്ത് അവളുടെ കണ്ണുകൾ തിളങ്ങുന്നു…. ഇതെന്താ പൂച്ചയോ?? എന്നെ തന്നെ നോക്കി കിടക്കുകയാണ്……. ഈ പൊട്ടൻ രാത്രി ഉറങ്ങാതെ എന്ത് ചെയ്യുകയാണെന്ന് നോക്കിയതാവും,
കൂടുതൽ നേരം നോക്കി നിന്നില്ല, ഞാൻ വേഗം കിടന്നു…. പക്ഷെ വീണ്ടും ഒരുപാട് കഷ്ടപ്പെട്ട ശേഷമാണ് നിദ്രാദേവി കനിഞ്ഞത്.
###
അടുത്ത ദിവസം രാവിലെ അടുക്കളയിൽ പാത്രങ്ങളുടെ ശബ്ദം കെട്ടാണ് ഞാൻ എഴുന്നേറ്റത്, ഇവൾ പാത്രങ്ങൾ വെച്ച് വല്ല യുദ്ധവും ചെയ്യാണോ…. ഒക്കെ പൊളിച്ചടുക്കും എന്ന് തോന്നുന്നു.
സമയം എട്ടര ആയതേ ഉള്ളു, പ്രഭാത കർമങ്ങൾ എല്ലാം വൃത്തിക്ക് ചെയ്ത് തീർത്ത ശേഷം അവൾ തന്ന കട്ടൻ ചായയും എടുത്ത് പുറത്ത് പോയി ഇരുന്നു….
താഴെ റോഡിലെ കാഴ്ചകൾ കാണാൻ തന്നെ നല്ല രസമാണ്, കട്ടൻ ചായയോടൊപ്പം ഒരു സിഗരറ്റും കത്തിച്ചുകൊണ്ട് ഞാൻ പുറത്തെ കാഴ്ചകൾ നോക്കി കണ്ടു,
ബസ്‌സ്റ്റോപ്പിൽ പല സൈസിൽ പല ഷേപ്പിലുള്ള തരുണീമണികൾ നിൽപ്പുണ്ട്, കോളേജിൽ പോവുന്നതും ജോലിക്ക് പോകുന്നതും….. അങ്ങനെ അങ്ങനെ അങ്ങനെ….. ഹൗ കൊള്ളാം, ഇനി ദിവസവും ഈ സമയത്ത് എഴുന്നേറ്റ് ഇവിടെ വന്നിരിക്കണം…. നല്ല കളക്ഷനുള്ള ഏരിയയാണ്…. ആ കറുത്ത ചുരിദാറിട്ട കുട്ടി ഇങ്ങോട്ട് നോക്കിയില്ലേ?? എന്തായാലും മുൻവശം കൊള്ളാം, പിന്നാമ്പുറം കൂടി കാണാൻ പറ്റിയ നന്നായിരുന്നു….
“ഫോൺ…………..”
പിന്നിൽ നിന്ന് യാമിനിയുടെ ശബ്ദം കേട്ട് ഞാൻ ഞെട്ടിപ്പോയി, ചുണ്ടിലിരുന്ന സിഗരറ്റ് തെന്നി താഴെ വീണു, ഭാഗ്യം ചായ കപ്പ് വീണില്ല.
“മ്മ…..”
ഫോൺ തന്ന ശേഷം താഴേക്ക് എത്തി നോക്കിയിട്ട് എന്നെ ഒന്ന് തുറിച്ചു നോക്കിയാണ് അവൾ അകത്തേക്ക് പോയത്…
മോശമായോ?? ഏയ്, ഇതൊക്കെ സർവ്വസാധാരണമല്ലേ…. ഒന്നും കൂടി താഴേക്ക് നോക്കിയപ്പോൾ ആ കറുത്ത ചുരിദാറിട്ട കുട്ടി ഇങ്ങോട്ട് നോക്കി ചിരിക്കുന്നു… ഛെ, കളഞ്ഞ്….. യാമിനി കണ്ട് കാണുമോ?? ചാൻസുണ്ട്, ആ നോട്ടം അത്ര പന്തി ആയിരുന്നില്ല….. പക്ഷെ, അവൾക്ക് എന്താ?? അവൾക്കും എന്നോട് ഇഷ്ടം തോന്നി തുടങ്ങിയോ?? ആാാ……..
ഫോൺ ഒക്കെ എപ്പോഴോ കട്ട് ആയിരുന്നു, നോക്കിയപ്പോൾ വിഷ്ണുവാണ് വിളിച്ചത്… ഇവൻ എന്താ രാവിലെ തന്നെ??
“എന്താടാ രാവിലെ തന്നെ….”