കുറച്ച് കഴിഞ്ഞ് പിന്നിൽ ഒരു അനക്കം കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ മടിച്ച് മടിച്ച് എന്റെ അടുത്തേക്ക് നടന്നു വരുന്ന യാമിനിയെ ആണ് കണ്ടത്…..
“മ്മ്??”
ഞാൻ എന്താണ് കാര്യം എന്ന രീതിയിൽ ഒന്ന് തല പൊക്കി മൂളി. അവളെ കണ്ടപ്പോൾ കയ്യിലുള്ള വലിച്ചു തീരാനായ സിഗരറ്റ് ഞാൻ നിലത്തിട്ട് ചവിട്ടി കെടുത്തി. എന്തോ അവളുടെ മുനിൽ നിന്ന് വലിക്കാൻ ഒരു മടി…
“പൈസ……..”
മടിച്ചുകൊണ്ട് തന്നെ അവൾ എനിക്ക് നേരെ കൈ നീട്ടി…. രാവിലെ ഞാൻ ഡ്രസ്സ് വാങ്ങാൻ കൊടുത്ത പൈസയാണെന്ന് മനസിലായി…
“ഇതെന്താ?? ഡ്രസ്സ് വാങ്ങിയില്ലേ?”
“മ്മ….. ഫ്രണ്ട് വന്നിരുന്നു, അവള് വാങ്ങി തന്നു…”
എന്റെ മുഖത്തു നോക്കാതെ ആണ് അവൾ സംസാരിക്കുന്നത്, അത്ര നോക്കാൻ കൊള്ളാത്തതാണോ എന്റെ ഈ മുഖം.
“ഉണ്ണിമായ അല്ലേ??”
ഞാൻ അത് ചോദിച്ച ആ നിമിഷം അതുവരെ എന്റെ മുഖത്തേക്ക് പോലും നോക്കാതെ നിന്നവൾ എന്നെ ആശ്ചര്യത്തോടെ ഒരു നോട്ടം…..
“മ്മ…..”
ഒരു നിമിഷം എന്നെ അങ്ങനെ നോക്കി നിന്ന ശേഷം അവൾ അതെ എന്ന രീതിയിൽ മൂളി.
“എന്നെ കാണാൻ വന്നിരുന്നു തന്റെ കൂട്ടുകാരി….”
“എന്തിന്??”
അവൾ പോലും അറിയാതെ ആണ് ആ ചോദ്യം അവളിൽ നിന്ന് വന്നത് എന്ന് തോന്നി.
“ഏയ് അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല, കൂട്ടുകാരിയുടെ വരനെ കാണാൻ പൂതിയായിട്ട് വന്നതാണെന്ന് പറഞ്ഞു”
അവൾ ഒന്നും മിണ്ടാതെ സംശയത്തോടെ എന്നെ നോക്കി നിൽക്കുകയാണ്, എന്റെ മറുപടി ഒട്ടും വിശ്വസനീയം അല്ലെന്ന കാര്യം വ്യക്തമാണല്ലോ….
“ഞാനും തന്റെ രണ്ടാനമ്മയും പെങ്ങളും ഒക്കെ കൂടി തന്നെ ചതിച്ചതാണ് എന്ന് കരുതി തനെ വെറുതെ വിടാൻ പറയാൻ വേണ്ടി വന്നതാണ് പുള്ളിക്കാരി”
ഞാൻ അത് കൂടി കൂട്ടി ചേർത്തു, അത് പറഞ്ഞപ്പോൾ ഞാൻ പ്രതീക്ഷിച്ച പ്രതികരണമല്ല അവളുടെ മുഖത്ത് കണ്ടത്,
അവൾ ചിരി അടക്കി പിടിക്കുകയാണ്…
“എനിക്ക് അങ്ങോട്ട് വരാമോ??”
വിഷ്ണുവിന്റെ ശബ്ദം കേട്ടാണ് ഞാൻ അവളുടെ മുഖത്ത് നിന്ന് കണ്ണെടുത്തത്. അപ്പൊ തന്നെ അവൾ തിരിച്ച് അകത്തേക്ക് കയറി പോയി…… ഞാൻ അവൾ തിരിഞ്ഞ് നടക്കുന്നതും നോക്കി നിന്നു….
“ഹലോ…….. മോനുസേ…….”
വിഷ്ണു വന്നു മുഖത്തിന് നേരെ കൈകൊട്ടിയപ്പോഴാണ് ഞാൻ നോട്ടം മാറ്റിയത്.
“ഇന്നലെ അവളെ ചവിട്ടി പുറത്താക്കാൻ നിന്നവൻ ആണ്, നോക്കുന്ന നോട്ടം നോക്ക്…….. നാണം കെട്ടവൻ”
ഞാൻ വെറുതെ അവനെ നോക്കി ഒരു ഇളിഞ്ഞ ചിരി ചിരിച്ചു, അല്ലാതെ എനിക്ക് ഒന്നും പറയാനില്ല……. ശരിയാണ് അവൻ പറഞ്ഞത്, എത്ര പെട്ടെന്നാണ് എന്റെ മനസ്സ് മാറുന്നത്…..