ഇതുവരെ നോൺ വെജ് ഇല്ലാതെ ഒരുമണി ചോറ് കഴിക്കാത്ത ഞാനാണ് ഇരുന്ന് വെട്ടി വിഴുങ്ങുന്നത്. വിശപ്പാണോ അതോ ആ ചമ്മന്തിയുടെ രുചിയാണോ കാരണമെന്ന് മനസിലാവുന്നില്ല…. ഞാൻ ഇങ്ങനെ വെറും പച്ചക്കറിയും ചമ്മന്തിയും കൂട്ടി ഒരു പരാതിയും പറയാതെ കഴിക്കുന്നത് കണ്ട എന്റെ പൊന്നു മേരി തല കറങ്ങി വീഴും, ഏത്ര ഏത്ര അടികളാണ് ഈ കാര്യത്തിൽ ഞങ്ങൾ തമ്മിൽ നടന്നിട്ടുള്ളത്………… സത്യം പറഞ്ഞ ഞാനും മേരിയും തെറ്റുന്ന ഏക കാര്യം എന്റെ ഭക്ഷണ കാര്യം മാത്രം ആയിരിക്കും.
കുറച്ച് മുന്നെ ഇതിലും വലിയ ഒരു ഊണുമേശയിൽ ഇതിലും കൂടുതൽ വിഭവങ്ങൾക്ക് മുനിൽ ഇരുന്നത് പെട്ടെന്ന് മനസിലേക്ക് വന്നു, പക്ഷെ കലഹം നിറഞ്ഞ വീട്ടിലെ വിരുന്നിനെക്കാൾ അഭികാമ്യം സ്വസ്ഥതയോടെ കഴിക്കുന്ന ഉണങ്ങിയ അപ്പക്കഷണത്തിനാണ് എന്ന് പറയുന്നത് എത്ര ശരിയാണെന്ന് ഓർത്തുപോയി…
“നല്ല രുചിയുണ്ട് ലേ….”
“മ്മ………”
കഴിക്കുന്നതിൽ മുഴുവൻ ശ്രദ്ധയും കൊടുത്തിരുന്നത് കൊണ്ട് വിഷ്ണുവിന്റെ ചോദ്യത്തിന് വലിയ പ്രാധാന്യം കൊടുക്കാതെ മൂളി ഒഴിവാക്കി.
പെട്ടെന്ന് അവന്റെ പൊട്ടി ചിരി കെട്ടാണ് ഞാൻ പ്ലേറ്റിൽ നിന്ന് തല ഉയർത്തി നോക്കിയത്, എന്നെ നോക്കി മരണ ചിരിയാണ് ആശാൻ. ഇവന് എന്താണ് ഈ പറ്റിയത്, വല്ല കഞ്ചാവും വലിച്ചു കയറ്റിയോ?? വൈകുന്നേരം കണ്ടപ്പോൾ തൊട്ട് വെറുതെ ചിരി തന്നെ….
“കേട്ടോ പെങ്ങളെ, കെട്ട്യോന് ഫുഡ് ഒക്കെ ബേഷാ പുടിച്ചിറിക്ക്”
അവൻ ചിരിച്ചുകൊണ്ട് തന്നെ യാമിനിയെ നോക്കി പറഞ്ഞു, അവളെ ഒന്ന് ശ്രദ്ധിച്ചപ്പോൾ അവളുടെ മുഖത്തും ഒരു പുഞ്ചിരി കണ്ടു.
“ഓ….. വിശന്നു പണ്ടാരം അടങ്ങി ഇരിക്കുകയായിരുന്നു, ഇപ്പോ എന്ത് വിഷം തന്നാലും എനിക്ക് പാൽപായസം ആയെ തോന്നു”
വിഷ്ണുവിനെ നോക്കി ഒരു ഒഴുക്കൻ മറുപടി കൊടുത്തിട്ട് ഞാൻ പ്ലേറ്റിലേക്ക് തന്നെ മുഖം പൂഴ്ത്തി.
എന്തോ അവളോട് ദേഷ്യം ഒന്നുമില്ല, പക്ഷെ മുനിൽ നിർത്തി പുകഴ്‌ത്തി പറയാൻ ഒരു മടി…
“ഹാ അത് നിന്റെ തീറ്റ കണ്ടാൽ മനസിലാവും….. എനിക്ക് അറിയില്ലേ മോനേ ടോണിക്കുട്ടാ നിന്നെ”
വിഷ്ണു വീണ്ടും പലതും പറഞ്ഞു, ഞാൻ ഒന്നിനും കാത് കൊടുക്കാതെ ഭക്ഷണം കഴിച്ച് എഴുന്നേറ്റു.
കൈ കഴുകി ഞാൻ നേരെ പുറത്തിറങ്ങി ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു… നല്ല കാറ്റ്, മഴക്കാറുമുണ്ട്… രാത്രി നല്ലൊരു അസ്സൽ മഴയ്ക്കുള്ള കോളുണ്ട്….
“അയ്യടാ…… നേരിട്ട് പോയി കൊടുത്ത മതി….. എനിക്ക് വയ്യ നിങ്ങളെ നടുവിൽ കിടന്നു ഇങ്ങനെ മധ്യസ്ഥൻ കളിക്കാൻ”
സിഗരറ്റിന്റെ പുക ഊതി വിടുമ്പോൾ അകത്തു നിന്ന് വിഷ്ണുവിന്റെ ശബ്ദം കെട്ടു…