കിനാവ് പോലെ 5 [Fireblade]

Posted by

തിരക്കുകളുടെ ദിവസങ്ങൾ വീണ്ടും , അമ്പലപരിസരവും ,കുളവും വൃത്തിയാക്കൽ ,സ്റ്റേജ് കെട്ടൽ , ഭക്ഷണം കൊടുക്കാനുള്ള ഷെഡ്ഡ് റെഡിയാക്കൽ തുടങ്ങി നൂറു കൂട്ടം പണികൾ …പക്ഷെ നൂറുകണക്കിന് ആളുകൾ ഉള്ളതുകൊണ്ട് അത് പ്രയാസമുള്ളതായില്ല ..അങ്ങനെ പ്രതിഷ്ടാദിനത്തിന്റെ തലേദിവസം വന്നെത്തി….പെങ്ങൾസ് ടീം എല്ലാം പ്രാക്റ്റീസും കളിയുമായി എപ്പോഴും ഏതെങ്കിലും വീട്ടിലായിരിക്കും ..നിത്യ ഇവരോടൊപ്പം ഒരു ഡാൻസുണ്ട് , സിംഗിൾ ആയി വേറെയും ഉണ്ട് , ഇവരാണെങ്കിൽ ഗ്രൂപ്പിന് പുറമേ ഇവർ 2 ഉം മാത്രം വേറേം കളിക്കുന്നുണ്ട് …അന്ന് രാവിലെയും 2 ദിവസം മുൻപുമായി തോരണങ്ങളും ,ലൈറ്റ് മാലകളും തൂക്കിക്കഴിഞിരുന്നു ,ആവശ്യമുള്ളവർക്ക് ഈ ദിവസം മുതൽ ഭക്ഷണമുണ്ട് …ഉച്ചക്ക് 3 മണിക്ക് ശേഷം വീട്ടിൽ വന്നു നന്നായൊന്നു കിടന്നുറങ്ങി 6 മണിയോട് കൂടിയാണ് ഞങ്ങൾ വീണ്ടും അമ്പലത്തിലേക്ക് ചെന്നത് …

അമ്മമാരും പെണ്ണുങ്ങളും അയ്യപ്പൻറെ പ്രതിഷ്ഠയുടെ ചുറ്റുമുള്ള ഒരു അര മതിലിൽ കേറി ഇരിക്കുന്നുണ്ടായിരുന്നു , ഇവരൊക്കെ തൊഴുതു കഴിഞ്ഞോ ..!! ഞങ്ങൾ പ്രദക്ഷിണം കഴിഞ്ഞു പ്രസാദവും വാങ്ങി അവരുടെ അരികിലേക്ക് ചെന്നു , കുറേ ഗ്രൂപ്പുകൾ ഇതുപോലെ ഓരോ ഭാഗത്തായി കൂടി നിൽപ്പുണ്ട് , അത്യാവശ്യം തെരക്ക് ഇപ്പോഴേ ഉണ്ട് ,നാളെ ആർക്കും തൊഴാൻ ഉള്ള സമാധാനം കിട്ടില്ല അതുകൊണ്ട് ഇന്നുതന്നെ നന്നായി തൊഴുതു നാളെ ചുറ്റിനും തൊഴുതു പോവാനുള്ള പ്ലാനിലാവും മിക്കവരും …അടുത്തെത്തി നോക്കുമ്പോൾ അവരെകൂടാതെ നിത്യയും ശാന്തിച്ചേച്ചിയും പിന്നെ എവിടെയോ കണ്ട മറ്റൊരു മുഖവും .!!

എന്തോ പറഞ്ഞു ചിരിക്കുകയായിരുന്നു എല്ലാരും , ആ ചിരി ….ഹോ , ഈ നിൽക്കുന്ന എല്ലാ ചരാചരങ്ങളെയും വകഞ്ഞുമാറ്റി എന്റെ നെഞ്ചിൽ വീണു പൊട്ടിച്ചിതറി ..! അത് അവളല്ലേ ..കാരണവരുടെ മോൾ ..യെസ് , കാലിനു വയ്യാത്ത ആ പെൺകുട്ടി…..കരിനീല പട്ടുപാവാടയും , പനംകുല മുടിയുടെ പകുതിഭാഗം വലത്തേ മാറിന് മുകളിലൂടെ ഇട്ട് , നനുത്ത രോമങ്ങളുള്ള വലംകൈയാൽ അതിന്റെ തുമ്പിൽ വിരൽ കൊരുത്തു അവരുടെ കൂടെ ഇരിക്കുന്നു , മുത്തുമണികൾ പോലെയുള്ള പല്ല് കാട്ടി ചിരിക്കുകയായിരുന്ന അവൾ അടുത്തെത്തിയ ഞങ്ങളെ കണ്ട്‌ ചിരി ഒതുക്കി, എന്റെ മുഖത്തേക്ക് നോക്കി ഒരു നിമിഷം , പെട്ടെന്ന് അവളുടെ മുഖത്ത് സംശയത്തോടെ ഒരു ചിരി വിടർന്നു ….

” ഞങ്ങടെ ഏട്ടന്മാരാണ് അമ്മുട്ട്യേ ,നീ പേടിക്കണ്ടാട്ടോ …”

അഞ്ചു പറഞ്ഞപ്പോ അവൾ വീണ്ടും ഞങ്ങളെ നോക്കി പുഞ്ചിരിച്ചു , അവളുടെ കണ്ണുകൾ എന്റേതുമായി ഉടക്കിയപ്പോൾ ആ പുഞ്ചിരി ഒരു കുസൃതിചിരിയായി മാറിയിരുന്നു …

ഞാൻ ചിരിക്കാതെ അന്തം വിട്ടു അവളെത്തന്നെ നോക്കിയിരിക്കുകയായിരുന്നെന്നു ശബരി കഴുത്തിന്റെ പുറകിൽ ശക്തിയായി അമർത്തിയപ്പോളാണ് ഞാൻ അറിഞ്ഞത് …അതേ പിടുത്തത്തിൽ അവൻ മെല്ലെ എന്നെ അവളിൽ നിന്നും തിരിച്ചുനിർത്തി….പക്ഷെ ഞാൻ അതൊന്നും അറിയുന്നുണ്ടായിരുന്നില്ല ,അ അരമതിലിൽ ഇരുന്നു , ഒരു പ്രണയത്തിന്റെ പടുകുഴിയിൽ നിന്നും എങ്ങനെയോ കയറിവരുന്ന എന്റെ മനസ് വീണ്ടും ആഴമറിയാത്ത മറ്റൊരു കുഴിയിലേക്ക് പതിക്കുന്നപോലൊരു ഫീൽ ,…കുറച്ചു സമയം ആ ഇരുപ്പ് തന്നെ ഇരുന്ന് വീണ്ടും പതിയെ ഒന്ന് തിരിഞ്ഞ് നോക്കി , മറ്റുള്ളവർ പറയുന്നത് വിടര്ന്ന കരിമഷിയിട്ട കണ്ണുകൾ കൊണ്ട് നോക്കി , ഇടയ്ക്കിടെ തെളിയുന്ന പുഞ്ചിരിയുമായി അവൾ അതേ ഇരുപ്പ് തന്നെ എപ്പോളോ മുടി ഒന്ന് മാടിയൊതുക്കി എന്റെ കണ്ണുമായി ഇടഞ്ഞപ്പോൾ നാണം ചേർന്ന ദേഷ്യത്തിൽ അവളുടെ കവിൾ അരുണാഭമായി…ഞാൻ മെല്ലെ നോട്ടം മാറ്റി….
ദൈവമേ , ആ നായിന്റെ മോൾ കീർത്തനക്ക് വേണ്ടി ചത്തിരുന്നെങ്കിൽ ഞാൻ എന്തൊരു മണ്ടനായേനെ …സ്വന്തമാകുമോ എന്നറിയില്ലെങ്കിലും അമ്മുവിൻറെ പുഞ്ചിരി തരുന്ന അനുഭൂതി വല്ലാത്തൊരു മൂഡ്‌ തന്നു ….

Leave a Reply

Your email address will not be published. Required fields are marked *