ലയിച്ചു തന്റെ മനസ്സ് ഒരു ലാഘവത്തിലെത്തിയ നിമിഷം ആ ഇശൽ ശീലും നിന്നു. അവൻ വീണ്ടും പതിയെ കണ്ണു തുറന്നു. അമ്പരപ്പിൽ അവന്റെ ഹൃദയം നിന്നുപോകുന്ന പോലെ തോന്നി അവന്. നേരത്തേ ശൂന്യമായ ഇരിപ്പിടങ്ങളിലെല്ലാം ഓരോ ആളുകൾ വീതം സർവ്വാഭരണവിഭൂഷകളായി ഇരിക്കുന്നു. സിംഹാസനത്തിൽ ഇരിക്കുന്നത് രാജാവായിരിക്കും. പക്ഷേ എല്ലാവരും ഉത്തരേന്ത്യൻ വിവാഹങ്ങളിലെ വധൂവരൻമാരെ പോലെ പട്ടുനൂലാലുള്ള ഒരു മുഖാവരണം ധരിച്ചതിനാൽ മുഖം വ്യക്തമല്ല .എങ്കിലും സിംഹാസനത്തിലിരിക്കുന്ന രാജാവിനെ പോലെ തോന്നിക്കുന്ന ആളോട് വിറച്ച് വിറച്ച് സമാൻ ചോദിച്ചു
“നിങ്ങളൊക്കെ ആരാ.. എന്തിനാണ് എന്നെ ഇങ്ങോട്ട് കൊണ്ട് വന്നിരിക്കുന്നത് ”
ചോദിച്ച് കഴിഞ്ഞപ്പോഴേക്കും സമാന് ദാഹിച്ചു. ഞൊടിയിടയിൽ വായുവിലൂടെ ഒരു സ്വർണ്ണ ചഷകത്തിൽ അത്യപൂർവ്വ സുഗന്ധമുള്ള ഒരു പാനീയം ഒഴുകി വന്നു. ദാഹപരവേശത്താൽ സമാൻ അത് കയ്യിലേക്ക് പിടിച്ച് ഒരു നിമിഷം നിന്നു.” ഇത് വല്ല വിഷവുമായിരിക്കുമോ റബ്ബേ” എന്ന് മനസിൽ ആത്മഗതം ചെയ്ത മുറക്ക് സിംഹാസനത്തിൽ ഇരിക്കുന്ന ആളുടെ അടുത്ത് നിന്ന് ചിരട്ട കല്ലിലുരയുന്ന സ്വരത്തിൽ ആൺ ശബ്ദം വന്നു ” പേടിക്കേണ്ട …. മരിക്കില്ല.”
ശ്ശെടാ ഈ ശബ്ദവും നല്ല പരിചയമുള്ള പോലെ പക്ഷേ ആരുടേതാണെന്ന തിരിച്ചറിവ് കിട്ടുന്നില്ല. അന്തിച്ചു നിൽക്കുന്ന സമാനോട് ആജ്ഞാ സ്വരത്തിൽ വീണ്ടും കുടിക്കാനുള്ള നിർദേശം വന്നതും സമാൻ കണ്ണുമടച്ച് സാവകാശം രണ്ട് കവിൾ കുടിച്ചു. ” ന്റെ റബ്ബേ ദുനിയാവിൽ ഇത്രയും സ്വാദുള്ള പാനീയമൊക്കെയുണ്ടോ ” എന്ന് ഉറക്കെ തന്നെ പറഞ്ഞ് പിന്നെ സമാൻ ഒറ്റ വലിക്ക് തന്നെ അത് കുടിച്ചു തീർത്തു. അപ്പോൾ പീഠങ്ങളിൽ ഇരുന്നവരും സിംഹാസനത്തിലെ അവരുടെ രാജാവും അവന്റെ ആത്മഗതം കേട്ട് ചിരിക്കുന്നുണ്ടായിരുന്നു.
ഇപ്പോൾ സമാന് നേരിയ ഒരാശ്വാസം പോലെ തോന്നി. എന്തായാലും ഇവർ കുഴപ്പക്കാരല്ല.. തന്നെ ഉപദ്രവിക്കില്ലായിരിക്കും. ആ ഒരു വിശ്വാസത്തിൽ സമാൻ വീണ്ടും സിംഹാസനത്തിൽ ഇരിക്കുന്ന ആളോട് ചോദിച്ചു ” എന്നെ എന്തിനാണ് ഇവിടെ കൊണ്ട് വന്നതെന്ന് ഒന്ന് പറയാമോ.. ഞാൻ നിങ്ങളോട് എന്ത് ചെയ്തിട്ടാണ് എന്റെ കുടുംബത്തേയും കൂട്ടുകാരെയും എന്നിൽ നിന്ന് വേർപിരിച്ചത്.
സിംഹാസനത്തിൽ ഇരിക്കുന്ന ആൾ തന്റെ മുടുപടം മെല്ലെ മുകളിലേക്ക് മടക്കിയിട്ടു. അതിന്റെ രണ്ട് മൂന്ന് പട്ടുനൂലുകൾ കവിളിൽ ഞാന്നു കിടന്നു. എങ്കിലും അയാളുടെ മുഖം സമാന് വ്യക്തമായി കാണാം. ശബ്ദം തിരിച്ചറിഞ്ഞ പോലെ തന്നെ മുഖവും എവിടെയോ കണ്ട് മറന്നത് തന്നെ എന്ന് സമാന് ബോധ്യമുണ്ട്… പക്ഷേ എവിടെ?… അത് മാത്രം മനസ്സിലാക്കാൻ പറ്റുന്നില്ല. അപ്പോഴേക്കും ഒട്ടും ആകർഷകമല്ലാത്ത ആ ശബ്ദത്തിനുടമ ചുണ്ടുകൾ ചലിപ്പിച്ചു തുടങ്ങി
” സമാനേ നീ ഒട്ടും ഭയപ്പെടേണ്ട… നീ ഇപ്പോൾ നിൽക്കുന്നത് ജിന്നുകളുടെ സാമ്രാജ്യത്തിലെ രാജാവായ എന്റെ അതായത് ഇഫ്രീത്തിന്റെ കൊട്ടാരത്തിലാണ്.”
ഒരു നടുക്കവും അമ്പരപ്പും സമാന്റെ ഉള്ളിലൂടെ കടന്ന് പോയി.. കുട്ടിക്കാലം മുതൽ ഉമ്മ പറഞ്ഞു തരുന്ന ജിന്നു കഥകളിലെ മഹാ രാജാവ്.ഒരിക്കലും ഭൂമിയിൽ മനുഷ്യരാരും എത്തിപ്പെടാത്ത അൽഭുതലോകം. ജിന്നിലും മനുഷ്യരിലും ഏത് സുന്ദരിയെ മോഹിച്ചാലും സ്വന്തമാക്കി വിലസുന്ന വില്ലാളിവീരൻ… പണ്ട് കേട്ട ഒരു മാപ്പിള പാട്ട് സമാന്റെ ഓർമയിൽ ഒന്ന് മിന്നി മറഞ്ഞത് . മനസിൽ മൂളി
“ഏഴാം ബഹറിന്റെ അക്കരെയക്കരെയൊരൂക്കൻ കോട്ട