അനുരാഗപുഷ്പങ്ങൾ 2 [രുദ്ര] [Climax]

Posted by

അവനെ കെട്ടിപിടിച്ചുകൊണ്ട് അരവിന്ദ് പറഞ്ഞു…..” എന്തിന് …. നീ എന്റെ ഫ്രണ്ട് അല്ലേടാ… ”
അമൽ കൂടുതലൊന്നും പറയാതെ ബൈക്കിൽ കയറി റോഡിലേക്ക് ഓടിച്ചു പോയി…. പടിപ്പുര കടന്ന ശേഷം അവൻ ഒന്നുകൂടി തിരിഞ്ഞു നോക്കി…. അന്ന് അവന് യാത്ര പറയാൻ അവിടെ കരിനീലമിഴികൾ ഉണ്ടായിരുന്നില്ല…. പദസരത്തിന്റെ കിലുക്കം ഉണ്ടായിരുന്നില്ല….
———————————————————–

മാസങ്ങൾക്ക് ശേഷം വീണ്ടും അതേ പടിപ്പുര വാതിലിനു മുൻപിൽ…. ഇന്നും ഇവിടെ ഒരു കല്യാണത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ട്….. ഇന്ദുവിന്റെ കല്യാണം….. അവൻ ഒന്നുകൂടി ആ പടിപ്പുര വാതിൽ കടന്ന് ആ വീടിന്റെ ഉമ്മറത്തെത്തി…. അവന്റെ കണ്ണുകൾ ആളുകൾക്കിടയിൽ

അരവിന്ദിനെ തിരക്കി നടന്നു…. പക്ഷെ അവനെ വരവേറ്റത് കിലുങ്ങുന്ന പദസരത്തിന്റെ ശബ്ദമായിരുന്നു…. അവന്റ ഹൃദയമിടിപ്പ് കൂടി….. ശബ്ദം കേട്ട ഭാഗത്തേക്ക് അവന്റെ മിഴികൾ പാഞ്ഞു…. അത് രണ്ടു കരിനീല മിഴികളിലുടക്കി നിന്നു…. ഇന്ദു…. അവന്റെ ചുണ്ടുകൾ മന്ത്രിച്ചു

 

ഇന്ദു…. അവളും അവനെ കണ്ടിരുന്നു…. ആ കാലുകളുടെ വേഗം കുറഞ്ഞു…. അവളുടെയും അവന്റെയും കണ്ണുകൾ തമ്മിൽ കോർത്ത് നിന്നു…. അവൻ അവളെ ആകമാനം ഒന്ന് നോക്കി…. എന്നും അവൻ വരുമ്പോൾ കാണാറുള്ള ആ ചൈതന്യം ഇന്ന് ആ മുഖത്തില്ല… ആകെ ക്ഷീണിച്ചിരിക്കുന്നു…. കല്യാണപെണ്ണിന്റെ യാതൊരു പ്രൗഢിയും അവളിലുണ്ടായിരുന്നില്ല… പക്ഷെ ഇപ്പോളും ആ മിഴികൾക്ക് എന്തോ പറയാനുള്ളത് പോലെ….. അവന്റെ ശ്രദ്ധ ചെറുതായി ഉന്തിയ അവളുടെ വയറിൽ ചെന്നവസാനിച്ചു…. അരുതെന്ന് വിചാരിച്ചിരുന്നിട്ടും ഒരു കൊള്ളിയാൻ അവന്റെയുള്ളിലൂടെ പാഞ്ഞു… അവൾ ഒരു അമ്മയാകാൻ പോവുകയാണ്…. ഒരു ഭാര്യയാകാൻ പോവുകയാണ്…. അവൻ സ്വയം പറഞ്ഞാശ്വസിക്കാൻ ശ്രമിച്ചു…. പക്ഷെ ഒരു കൈയകലത്തിൽ അവൾ നിൽക്കുമ്പോൾ അവന്റെ മനസ്സ് കേട്ട് പൊട്ടിയ പട്ടം പോലെയാകുന്നു…. എങ്കിലും അവസാനം അവൾ പറഞ്ഞ വാക്കുകൾ അവന്റെയുള്ളിൽ അലയടിച്ചു കൊണ്ടിരുന്നു….

” അല്ല…. ആരാ ഇത്… അമലേട്ടനോ??..
ഇതെപ്പോ വന്നു..??.. ”
എവിടെ നിന്നോ ഒരു സ്ത്രീ ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി….ചുരിദാർ ഇട്ട ഒരു പെൺകുട്ടി…. എന്നോ കണ്ടു മറന്ന മുഖം…. പക്ഷെ ഓർമ വരുന്നില്ല….. അവൾ വന്നപാടെ അവന്റെ കൈയിലെ ബാഗ് വാങ്ങി കൈയിൽ പിടിച്ചു…. എന്നിട്ട് അകത്തേക്ക് നടക്കാൻ തുടങ്ങി…. അതു കണ്ടപ്പോൾ ഇന്ദുവും അകത്തേക്ക് കയറിപ്പോയി…. അവൻ ശില കണക്കെ അവൾ പോകുന്ന വഴി നോക്കി നിന്നു….

” എന്താണ് മാഷേ…. അകത്തേക്ക് വരുന്നില്ലേ…. അരവിന്ദേട്ടൻ പറഞ്ഞിരുന്നു വരാൻ സാധ്യതയുണ്ടെന്ന്…. അതുകൊണ്ട് മുറി ശരിയാക്കി ഇട്ടിട്ടുണ്ട്…. പിന്നെ പുള്ളിക്കാരൻ സദ്യയുടെ കാര്യത്തിന് പുറത്തേക്ക് പോയേക്കുവാ…. ”
അവൾ പടികൾ കയറുന്ന വഴി ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു….. അപ്പോളും ആ പെൺകുട്ടിയെ മനസ്സിലാകാത്തതിനാൽ അവൻ സംശയത്തോടെ അവിടെ തന്നെ നിന്നു….

” ശെടാ….. ഈ മാഷ്ക്ക് എന്നെ മനസിലായില്ലേ…. ഇത് ഞാനാ… ആരതി…. നമ്മൾ ഒരിക്കൽ ക്ഷേത്രത്തിൽവച്ചു കണ്ടില്ലേ…. ഇന്ദുവിന്റെ കൂട്ടുകാരി…. ”
പെട്ടന്ന് അമലിന് ആ സംഭവം ഓർമ വന്നു…. ഒപ്പം ഇന്ദു അന്ന് പറഞ്ഞ കാര്യവും അവന്റെ ചെവിയിൽ മുഴങ്ങി….

Leave a Reply

Your email address will not be published. Required fields are marked *