അനുരാഗപുഷ്പങ്ങൾ 2 [രുദ്ര] [Climax]

Posted by

ആരതി ഇന്ദുവിനെ കൂടുതൽ ചേർത്തു നിർത്തി…. അവളും കരഞ്ഞ് പോയിരുന്നു…. അതിനേക്കാളേറെ തകർന്നു നിൽക്കുകയായിരുന്നു അമൽ….” ഇനിയെല്ലാം വരുന്നത് പോലെ വരട്ടെ…. എല്ലാം എന്റെ വിധിയാണ്…. നിന്നോട് എല്ലാം പറഞ്ഞപ്പോൾ മനസ്സിന് എന്തോ ആശ്വാസം തോന്നുന്നുണ്ട്…. നീ വാ… പാതി രാത്രിയിൽ ഇവിടെ നിൽക്കുന്നത് കണ്ടാൽ പിന്നെ അതു മതി…. എനിക്ക് പുറത്തു പോകാൻ പോലും വിലക്കാണേ… ”
കണ്ണുകൾ തുടച്ചുകൊണ്ട് ഒരു പുഞ്ചിരി എടുത്തണിഞ്ഞ് ഇന്ദു ആരതിയെയും പിടിച്ചു കൊണ്ട് പടവുകൾ കടന്ന് മുറിയിലേക്ക് പോയി…

പിറ്റേന്ന് രാവിലെ അമൽ ഒരുപാട് താമസിച്ചാണ് എഴുന്നേറ്റത്…. സമയം കുറേ കഴിഞ്ഞിട്ടും അവനെ കാണാത്തതിനാൽ ഇന്ദു ആരതിയെ അവനെ നോക്കാൻ പറഞ്ഞേൽപ്പിച്ചു…. ആരതി വാതിലിൽ പോയി തട്ടി വിളിച്ചപ്പോളാണ് അവൻ എഴുന്നേറ്റത്…. ഭക്ഷണം കഴിക്കുമ്പോൾ പതിവില്ലാത്ത ഒരു പ്രസരിപ്പ് അവനിൽ ഉള്ളതായി ആരതിയ്ക്കും അരവിന്ദിനും തോന്നി….

” എന്താണ് മാഷേ…. വല്യ സന്തോഷത്തിലാണല്ലോ…. വല്ല ലോട്ടറിയും അടിച്ചോ???.. ”
ആരതി ചോദിച്ചു…

” അതേല്ലോ…. ഇന്നലെ രാത്രി ഏകദേശം ഒരു പന്ത്രണ്ടു മണി ഒക്കെ കഴിഞ്ഞപ്പോൾ ഒരു ലോട്ടറി അടിച്ചു….. ഒരു ലൈഫ് ടൈം ബമ്പർ…. ”
അമൽ ചിരിയോടെ പറഞ്ഞ് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു…. അരവിന്ദും ആരതിയും അത്ഭുതത്തോടെ അവനെ നോക്കി…. അവിടെ വന്ന ശേഷം ഇത്രയും സന്തോഷമായി അവൻ അന്നാണ് സംസാരിച്ചത്…. അടുക്കളയുടെ മറവിൽ നിന്നും ഒളിഞ്ഞു നോക്കുന്ന ഇന്ദുവിനെയും അവൻ കണ്ടിരുന്നു….

” ഇന്ന് ഭക്ഷണം ഉണ്ടാക്കിയത് അമ്മയല്ലല്ലേ…. അതുകൊണ്ട് ഒരു രുചിക്കേട്… ”
അവൻ മുഖം വല്ലാതെയാക്കിക്കൊണ്ട് പറഞ്ഞു…. അത് കേട്ടതും ഇന്ദു ചാടിത്തുള്ളി അകത്തേക്ക് പോയി… പറഞ്ഞത് ഇഷ്ടപ്പെട്ടില്ലന്ന് ആ പോക്കിൽ നിന്നും മനസ്സിലാകുമായിരുന്നു….. അമൽ ഊറി ചിരിച്ചുകൊണ്ട് വീണ്ടും കഴിച്ചു…

പിന്നെ ഉച്ചവരെ അവളെ കണ്ടതെയില്ല… അത്യാവശ്യം ബന്ധുജനങ്ങൾ ഒക്കെ രാവിലെ ഹാജരായതിനാൽ അകത്തു കയറി കാണാനും പറ്റില്ലായിരുന്നു….. ഇടയ്ക്കിടെ അവൻ കുളപ്പടവിൽ പോയി നോക്കികൊണ്ടിരുന്നു…. എപ്പോളെങ്കിലും അവൾ അവിടെ വരുമെന്ന് അവന് ഉറപ്പായിരുന്നു…. അവന്റെ ഉദ്ദേശം പോലെ ഏകദേശം ഉച്ച സമയമായപ്പോൾ ഇന്ദു കുളപ്പടവിലെത്തി.. അവൾ അവിടെയിരുന്നു എന്തോ പതം പറയുന്നുണ്ടായിരുന്നു…. അവൻ വന്നത് പോലുമറിയാതെ അവൾ എന്തൊക്കെയൊ പറഞ്ഞു കൊണ്ടിരുന്നു….

” രുചിക്കേടല്ലേ… എത്ര കഷ്ടപ്പെട്ട് ഉണ്ടാക്കിതാണെന്ന് അറിയാമോ…. അടുക്കളയിൽ ചെന്നാൽ അപ്പോ ഛർദിക്കാൻ തോന്നും… അമ്മയുടെ വാക്ക്പോലും വകവയ്ക്കാതെ ഓരോന്ന് ഉണ്ടാക്കാൻ പോയ എന്നെ പറഞ്ഞാൽ മതി…. അല്ലെങ്കിൽ തന്നെ ഞാനാരാ…. അടിച്ചിറക്കിയതല്ലേ ഇവിടുന്ന്…. നാളെത്തോടെ ഒരു ബന്ധവും ഇല്ലാതാകും…. എന്നാലും എന്റെ കുഞ്ഞിന്റെ അച്ഛനല്ലേ…. ”
അവളുടെ സംസാരം കേട്ട് അവന് ശരിക്കും അത്ഭുതം തോന്നി… നാളത്തെ ദിവസത്തെ കുറിച്ചുള്ള ടെൻഷനേക്കാൾ അവൾക്ക് വലുത് താൻ അവളുണ്ടാക്കിയ ഭക്ഷണത്തെ കുറ്റം പറഞ്ഞതാണ്…. പെണ്ണിനെ മനസ്സിലാക്കാൻ ആർക്കും പറ്റില്ലെന്ന് ആരോ പറഞ്ഞത് എത്ര ശരിയാണെന്ന് അവൻ മനസ്സിലോർത്തു… അവൻ ശബ്ദമുണ്ടാക്കാതെ അവളുടെയടുത്ത് പോയി ഇരുന്നു…. അടുത്ത് ആരോ ഇരിക്കുന്നത് പോലെ തോന്നി തിരിഞ്ഞു നോക്കിയപ്പോളാണ് അവൾ അവനെ കണ്ടത്…. ധൃതിയിൽ ചാടി എഴുന്നേൽക്കാൻ അവൾ നോക്കിയെങ്കിലും അതിനു മുൻപ് അവളുടെ കൈയിൽ അവൻ പിടുത്തമിട്ടിരുന്നു….

” അവിടെ ഇരിക്ക് പെണ്ണേ…. ഇന്നും കൂടെയല്ലേ നിന്റെയടുത്ത് എനിക്ക് ഇങ്ങനെ ഇരിക്കാൻ പറ്റു…. നാളെത്തോട്ട് നീ വേറെ ആരുടെയോ അല്ലെ… ”

Leave a Reply

Your email address will not be published. Required fields are marked *