ഒരു വേള മുഖം ഉയർത്തിയ അവൾ എന്റെ കണ്ണിലേക്ക് തന്നെ നോക്കിയിരുന്നു..
മനസ്സിലെ സംഘർഷങ്ങൾ ഒന്നും അവളുടെ മുഖത്തു പ്രതിധ്വനിച്ചിരുന്നില്ല..ശാന്തമായിരുന്നു അവളുടെ ശരീര ഭാഷ…
പതിയെ അവളുടെ വാക്കുകൾ പുറത്തുവന്നു..
“എനിക്കൊരു പ്രണയം ഉണ്ട് സർ…”
“അത് കഴിഞ്ഞുപോയ കാര്യം അല്ലെ.. past is past, ഇനിയും അതിനെപ്പറ്റി ചിന്തിച്ചു വിഷമിക്കുന്നത് എന്തിനാ വൈഗ..”
“കഴിഞ്ഞു പോയതിനെപ്പറ്റി അല്ല സർ.. ഇപ്പോഴത്തെ എന്റെ പ്രണയത്തെക്കുറിച്ച് ആണ് ഞാൻ പറയുന്നതു..”
“ആരോട്,, ആരോടാണ് തന്റെ പ്രണയം…”
ഞാൻ അവളോട് ചോദിച്ചു…
“മരണത്തോട്..സ്വന്തം ഗന്ധത്തേക്കാളും മരണത്തിന്റെ ചടപ്പിക്കുന്ന ഗന്ധത്തോടാണ് എനിക്കിപ്പോൾ പ്രണയം.. അല്ല ഒരു തരം ആസക്തി…”
എന്നെ നോക്കാതെ അവൾ പറഞ്ഞു…
“ഉള്ള പുസ്തകങ്ങൾ മുഴുവൻ വായിച്ചിട്ട് വെറുതെ ഭ്രാന്ത് പറയരുത് വൈഗാ..””
ഈർഷ്യയോടെ അങ്ങനെ പറഞ്ഞു കൊണ്ട് വീണ്ടും അവളിലേക്ക് ശ്രദ്ധ പതിപ്പിച്ചപ്പോഴാണ് ഞാൻ അത് കണ്ടത്.
അവളുടെ ഇടത് കൈത്തണ്ടയിലെ ആ കെട്ട്.. എന്തോ മുറിവ് ഡ്രസ്സ് ചെയ്ത് ബാൻഡേജ്ജ് കെട്ടിയിരിക്കുന്നു..
അവളുടെ ഓഫ് വൈറ്റ് ഫുൾ സ്ലീവ് ടോപ്പിൽ
അത് പെട്ടന്ന് കാണില്ലായിരുന്നു..
എന്നാൽ ആ മുറിവ്, അത് കണ്ട ഇടം,
അവളുടെ ഇപ്പോഴത്തെ മാനസികാവസ്ഥ..എല്ലാം കൂടി കൂട്ടി വായിച്ചപ്പോൾ എന്റെ തലച്ചോറിലേക്ക് ഓടി വന്ന ചിന്ത മറ്റൊന്നു ആയിരുന്നു..
അവൾ അവിവേകത്തിനു വല്ലതും മുതിർന്നോ എന്ന്..
“വൈഗ എന്തായിത്..നീ വല്ല ബുദ്ധിമോശത്തിനും ശ്രമിച്ചോ…വെറുതെ ഭ്രാന്ത് കാണിക്കരുത്….” ഞാനാ മുറിവിൽ നോക്കി അങ്ങനെ പറഞ്ഞപ്പോൾ അവളുടെ മുഖത്ത് ഞാൻ കണ്ട ഗൂഡമായ മന്ദസ്മിതം എന്റെ ആ സംശയത്തെ സാധൂകരിക്കുന്നതായിരുന്നു..
“ചില സമയങ്ങളിലെ എന്റെ ഭ്രാന്തിന് അറുതി വരുത്താൻ ഈ മുറിവുകൾ സമ്മാനിക്കുന്ന രക്തത്തുള്ളികൾക്കെ കഴിയു സർ..ദേഷ്യത്തിന്റെയും സങ്കടത്തിന്റെയും നിസ്സഹായവസ്ഥയുടെയും അങ്ങേയറ്റത്തു നിൽക്കുന്ന എനിക്ക് ഒരു സ്വാന്തനം നൽകുന്നത് ഇതൊക്കെയാണ്..
സ്വന്തം ദേഹം നോവിക്കുമ്പോൾ കിട്ടുന്ന നിർവൃതി..””
“അതിനു മാത്രം നിന്റെ പ്രശ്നം എന്താണ്.. ”
അവൾക്കെതിരെ ഇരുന്നു കൊണ്ട് ഞാൻ അത് ചോദിച്ചു…
“വിശ്വാസവഞ്ചന….
I feel, I was used by someone who once I loved and believed very much…
ചതിക്കപ്പെട്ടു എന്നതിനപ്പുറം ചതിക്കപ്പെടാൻ ഞാൻ നിന്നു കൊടുത്തു എന്ന് പറയുന്നതാകും ശരി…
ഞാൻ ശ്രദ്ധിക്കാതിരുന്നത് കൊണ്ടാണ് എനിക്ക് ഇങ്ങനെയൊക്കെ സംഭവിച്ചത്..
എഴുത്തിന്റെയും വായനയുടെയും ലോകത്ത്
സ്വയം മറന്നു കഴിഞ്ഞപ്പോൾ യഥാർത്ഥത്തിൽ ഞാൻ ഒറ്റപ്പെട്ടു പോയിരുന്നു…എനിക്ക് ആശ്വാസം തരാനും കെയർ തരാനും വന്നവനിലേക്ക് എന്റെ മനസ്സ് ചാഞ്ഞു പോയി..
എന്നിട്ടും പിരിയാൻ നേരം അവൻ എന്നോട് പറഞ്ഞു ആ വാക്കുകൾ…
‘ഞാൻ അവനെ സ്നേഹിക്കുന്നുവെന്ന്, പരിഗണിക്കുന്നുവെന്ന് അവനും കൂടി തോന്നണം പോലും..ഉള്ളിൽ നിറയെ സ്നേഹം ഒളിപ്പിച്ചു വച്ചിട്ട് പ്രയോജനമൊന്നും ഇല്ലത്രേ…
ഞാൻ അവനെ സ്നേഹിക്കാതിരുന്നിട്ടില്ല സർ, അവനെ കെയർ ചെയ്യാതിരുന്നിട്ടില്ല..