ടൈംമെഷീൻ 2 [KOchoonj]

Posted by

രണ്ടുപേരും നടന്നു ദേവയാനിയുടെ അടുത്തെത്തി..
“എന്താ ശങ്കരേട്ടാ..” അവൾ ശങ്കരനോട് ചോദിക്കുമ്പോഴും കണ്ണുകൾ അറിയാതെ കർത്തിക്കിലേക്കു പതിക്കുന്നുണ്ടായിരുന്നു..
“ഇയാള് പട്ടണത്തീന്നു വരുന്നതാ.. ബോംബായിൽ നിന്നു.. കാർത്തിക്..” ശങ്കരൻ അതു പറഞ്ഞപ്പോഴേക്കും കാർത്തിക് അവളുടെ നേരെ തന്റെ കരം നീട്ടി..
“ഹായ്..”
ദേവയാനി കൈ കൊടുക്കാതെ കൈകൾകൂപ്പി നമസ്കാരം പറയുകയാണ് ചെയ്തത്.. കാർത്തിക് ഇളിഭ്യനായപോലെ കൈകൾ പിൻവലിച്ചു..
“ഇയാള് ഇവിടെ താമസിക്കാൻ ഒരിടംകിട്ടാതെ വിഷമിക്കുവായിരുന്നു.. വിരോധമില്ലേൽ തറവാട്ടിൽ..”
“അതു മുത്തശ്ശനോട് ചോദിക്കൂ ശങ്കരേട്ടാ.. ഞാനൊന്നും പറയില്യ.. ” അതും പറഞ്ഞു കാർത്തിക്കിനെ ഒന്നു നോക്കിയശേഷം അവൾ വേഗത്തിൽ നടന്നകന്നു..
“പാവം കുട്ടിയാണ്.. മുത്തശ്ശൻ എന്നു വിളിക്കുന്നത് ദേവൂട്ടിയുടെ മുത്തശ്ശിയുടെ സഹോദരനാണ് ..നാരായണമേനോൻ…. ദേവൂട്ടിയുടെ അമ്മയുടെ അനിയത്തി കൂടിയുണ്ട് ഇവരുടെകൂടെ.. ജാനകി.. ദേവൂട്ടിയുടെ അച്ഛനും അമ്മയും അപകടത്തിൽ പെട്ടു മരണപ്പെട്ടപ്പോ സ്വത്തു കൊടുക്കാതിരിക്കാൻ ഈ കുഞ്ഞിനെ തറവാട്ടില്നിന്നും ചെറുപ്പത്തിൽ ഇറക്കിവിട്ടതാ.. ദേവൂട്ടിയുടെ അമ്മയുടെ തറവാട്ടിലും ഉപദ്രവമായിരുന്നു.. ഒടുവിൽ അവിടെ ബാധ്യതയായി കിടന്ന ജാനാകിയും ദേവൂട്ടിയും നാരായണമേനോന്റെ അടുത്തേക്ക് വന്നതാ.. അല്ല.. അവരുടെ മുത്തശ്ശി ഇവരെ നാരായണമേനോന് ഏൽപ്പിക്കുക ആയിരുന്നു.. ജാനകിയുടെ വേളി കഴിഞ്ഞിട്ടില്ല.. എന്നെക്കാളും പ്രായമുണ്ട്.. ചൊവ്വാദോഷമാണ്.. അവരങ്ങനെ ഈ തറവാട്ടിൽ കഴിയുന്നു.. നാരായണമേനോന്റെ ഒരേയൊരു മകൻ പ്രഭാകര മേനോൻ പട്ടണത്തിലാ.. അവിടെ അദ്ദേഹത്തിന് കുടുംബമൊക്കെയുണ്ട്.. ഇടക്ക് വരും.. ഇവിടെ തറവാട്ടിലെ കാര്യങ്ങളൊക്കെ അദ്ദേഹത്തിന്റെ ചിലവിലാ കഴിയുന്നെ..”
കാർത്തിക് എല്ലാം ശ്രദ്ധയോടെ കേൾക്കുകയാണ്..
“പണ്ട് ഒരുപാട് ഭൂസ്വത്തുള്ള തറവാടായിരുന്നു.. ഈ കാണുന്ന വയലുകളും പാടങ്ങളുമെല്ലാം അവരുടെ വകയായിരുന്നു.. പിന്നെ ഭൂപരിഷ്കരണം സർക്കാർ കൊണ്ടുവന്നപ്പോ കുറെ പോയി.. കുറെ നാരായണമേനോനായി നശിപ്പിച്ചു.. ഇപ്പൊ തറവാടും കുറച്ചു സ്ഥലവും.. അദ്ദേഹത്തിനാണേൽ ഒന്നും ചെയ്യാൻ ആവതില്ല താനും.. അതുകൊണ്ടു ആകെ കഷ്ടത്തിലാ.. ”
കാർത്തിക് എല്ലാം മൂളിക്കേട്ടു. അവന്റെ മനസ്സിൽ ദേവയാനിയുടെ മുഖമായിരുന്നു.. കണ്ണില്നിന്നും മായാതെ അതങ്ങനെ പ്രതിഫലിച്ചുനിൽക്കുകയാണ്..
ശങ്കരൻ തുടർന്നു..”എന്റെ വീടും മോശമല്ലാത്ത ഒരു തറവാടാണ്.. പക്ഷെ.. അച്ഛനും അച്ഛന്റെ സഹോദരിമാരും അവരുടെ മക്കളും മരുമക്കളമൊക്കെയായി ഒരു വലിയ കുടുംബമാണ്.. ഞങ്ങൾക്കുതന്നെ സ്ഥലം തികയില്ല.. കെട്ടിക്കാറായ പെങ്ങന്മാരും വയ്യാത്ത അച്ഛനും ഒക്കെയായി സ്ഥിതി മോശയതുകൊണ്ടാ.. അല്ലേൽ ഞാൻ കാർത്തിക്കിനെ വീട്ടിലേക്കു ക്ഷണിച്ചേനെ..”
“ഏയ്.. അതു സാരമില്ല.. നമുക്ക് നാരായണമേനോനോട് തന്നെ ചോദിക്കാം..” കാർത്തിക് പുഞ്ചിരിയോടെയാണ് അതു പറഞ്ഞതു..
അപ്പോഴേക്കും അവർ ഒരു പടിക്കെട്ടിനു മുന്നിൽ എത്തിയിരുന്നു..
“വരു.. ഇതാണ് വല്യേക്കാട്ടു തറവാട്‌.. ”
കാർത്തിക് പതിയെ പടികൾ കയറി.. വീതിയുള്ള ഒരു പടിപ്പുരവാതിൽ.. അതുകടന്നു അവർ അകത്തുകയറി..
അതു ഒരു എട്ടുക്കെട്ടു മാളികയാണ്‌.. മുന്നിൽ മനോഹരമായ തുളസിത്തറ.. വരാന്തയിൽ എണ്പത് വയസോളം പ്രായം തോന്നിക്കുന്ന നാരായണമേനോൻ ചാരുകസേരയിൽ ഇരിക്കുന്നു.. ഒരു ഒറ്റമുണ്ടാണ് ഉടുത്തിരുന്നത്.. ചുളിഞ്ഞുതുടങ്ങിയ ശരീരമെങ്കിലും തേജസ്വാർന്ന മുഖം.. നരച്ച മുടിയാണ്.. വായിൽ ചവഞ്ഞരയുന്ന മുറുക്കാൻ ചുണ്ടുകളെ ചുവപ്പിച്ചിട്ടുണ്ട്..
പടിപ്പുരകടന്നുവരുന്ന കർത്തിക്കിനെയും ശങ്കരനെയും നോക്കി അയാൾ മുന്നിലെ കോളാമ്പി എടുത്തു അതിലേക്കു വായിലെ മുറുക്കാൻ തുപ്പി..

Leave a Reply

Your email address will not be published. Required fields are marked *