അമൽ മുറ്റത്ത് ഇറങ്ങി മൊത്തത്തിൽ എല്ലാം ഒന്ന് നോക്കി…. പണ്ടത്തെ സിനിമകളിലൊക്കെ കാണുന്ന നാലുകെട്ട് വീടിന്റെ ഒരു മാതൃക….. ചുറ്റും തെങ്ങിൻ തോപ്പുകൾ…. കണ്ണെത്താത്തിടത്തോളം നീണ്ടു കിടക്കുന്ന വയലുകൾ… മൊത്തത്തിൽ ഒരു പഴയ മലയാളം സിനിമ കണ്ട ഫീൽ….
” ഡാ… നീ ശരിക്കും ഇവിടുത്തെ ജന്മിയാണല്ലേ…”
അമൽ അത്ഭുതത്തോടെ ചോദിച്ചു…
” ഒന്ന് പോയെടാ…. വാ… തിരക്കായിരിക്കും… എന്നാലും നമ്മുക്ക് എല്ലാവരെയും പരിചയപെടാം… എന്റെ കോളേജിലെ ഒരേയൊരു കൂട്ടുകാരനെ കാണാനിരിക്കുവ എല്ലാവരും…. ”
അവൻ അമലിനെ അകത്തേക്ക് വിളിച്ചുകൊണ്ടു പോയി…. അത്യാവശ്യം നല്ല ആളുകൾ അവിടുണ്ട്…. പോരാത്തതിന് കൂട്ട് കുടുംബവും…. അവൻ അരവിന്ദിന്റെ മുറിയിൽ ബാഗ് കൊണ്ടുപോയി വച്ചു… എന്നിട്ട് ഓരോരുത്തരെയായി പരിചയപ്പെട്ടു…. അച്ഛൻ, അമ്മ, ചേച്ചി, കൊച്ചച്ചൻ, കുഞ്ഞമ്മ, അവരുടെ മക്കൾ, പിന്നെ മുത്തച്ഛനും മുത്തശ്ശിയും… അത്രെയും ആളുകളാണ് അവിടെ താമസം… പിന്നെ അമ്മാവൻ അമ്മായി അങ്ങനെ കുറെ പേർ ഇപ്പോൾ വന്നിട്ടുണ്ട്… ചേച്ചിയുടെ കല്യാണ ആവശ്യത്തിനായി…. എല്ലാവരെയും പരിചയപ്പെട്ടു കഴിഞ്ഞപ്പോളേക്കും അമലും പരിചയപ്പെടുത്തി അരവിന്ദും ക്ഷീണിച്ചു… സമയം പതിനൊന്നു മണിയാവുകയും ചെയ്തു….
” ശോ… സമയം കുറെയായി… നീ പോയി കുളിച്ചിട്ട് വാ… നമ്മുക്ക് പന്തലുകാരെ ഒന്ന് കാണാൻ പോകാം… അകത്ത് ബാത്റൂമുണ്ട് അല്ലെങ്കിൽ കുളമുണ്ട്…. ”
” ആ… കുളത്തിലാകാം കുളി…. ഇവിടെ വരെ വന്നതല്ലേ…. ”
” എന്നാൽ നീ അങ്ങോട്ട് പൊയ്ക്കോ…. നേരെ പോയിട്ട് കിഴക്ക് ഭാഗത്തോട്ട് പോയാൽ മതി … ഞാൻ കുളിച്ചതാ…. പിന്നെ പാന്റ് ഒന്നും പിടിച്ചു കേറ്റണ്ട…. ഞാൻ മുണ്ട് തരാം… തോർത്തും കൊണ്ട് പൊയ്ക്കോ…. ”
അമൽ ചിരിച്ചുകൊണ്ട് അവൻ കാണിച്ച വഴിയിൽ കുളക്കടവിലേക്ക് പോയി… അത്രയും വെള്ളം കണ്ട സന്തോഷത്തിൽ അവൻ ഒന്നും നോക്കാതെ അതിലേക്ക് എടുത്ത് ചാടി…. അവൻ എടുത്ത് ചാടിയതും എന്തോ ഒരു സാധനം അവന്റെ ദേഹത്ത് തട്ടി…. അവൻ ഞെട്ടി മുകളിലേക്ക് വന്നതും ഒരു പെൺകുട്ടി കഴുത്തറ്റം വെള്ളത്തിൽ നിൽക്കുന്നതാണ് കണ്ടത്…. കരയാൻ വെമ്പുന്ന കണ്ണുകളുമായി അവൾ കൈകൾ മാറിലേക്ക് പിണച്ചു വച്ചിരുന്നു…. അവളുടെ കരിനീല മിഴികൾ അവന്റെ കണ്ണുകളുമായി ഒരു നിമിഷം ഉടക്കി….
പെട്ടന്ന് അമൽ അവന്റെ കണ്ണുകൾ രണ്ടും കൈ വച്ചു പൊത്തി തിരിഞ്ഞു നിന്നു…. ചുറ്റും നിശബ്ദത തളംകെട്ടി കിടന്നു…. അതിനെ കീറി മുറിച്ചുകൊണ്ട് ഒരു ഏങ്ങലടി ഉയർന്നു കേട്ടു…. അവൻ തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് തുണിയെല്ലാം വാരിചുറ്റി പടവുകൾ ഓടിക്കയറുന്ന അവളെയാണ്….. എന്ത് ചെയ്യണമെന്ന് അറിയാതെ അവൻ കുളത്തിൽ തന്നെ നിന്നു….ഈ വീട്ടിലെ ആരുടെയെങ്കിലും മകളായിരിക്കും…. അവിടെ നിന്നും എല്ലാവരും കൂടി അവനെ അടിച്ചിറക്കുന്ന ദൃശ്യം ഒരു നിമിഷം അവന്റെ മുന്നിലൂടെ പാഞ്ഞു…. അവൻ പെട്ടന്ന് കുളത്തിൽ നിന്നും കയറി തല തുവർത്തി കൊണ്ടു പടവുകൾ ഓടി കയറി…. മുകളിൽ ചെന്നപ്പോൾ അരവിന്ദ് മുണ്ടുമായി വരുന്നു….
” ആഹാ…. നീ ആളുകൊള്ളാല്ലൊ…. പെണ്ണുങ്ങളുടെ കുളിക്കടവിലാണോടാ കുളിച്ചെ??? …. കിഴക്കോട്ടു പോകാൻ പറഞ്ഞപ്പോ പടിഞ്ഞാറോട്ടാണോ പോയത്… ”
“നിന്റെ കിഴക്കും പടിഞ്ഞാറും…. ഇവിടെ വരുമ്പോൾ വടക്കുനോക്കിയന്ത്രം കൊണ്ടുവരാൻ ഞാൻ മറന്നുപോയി… അവന്റെ ഒടുക്കലത്തെ കിഴക്ക്…. ”
അമൽ അരവിന്ദിനെ വാ തോരാതെ എന്തൊക്കെയോ പറഞ്ഞു…..