“അപ്പൊ മോളിന്നു ചെന്നില്ലെങ്കിൽ അവർ അന്വേഷിക്കില്ലേ ”
“ഓഹ് ഇതിപ്പോളാണോ ആലോചിക്കുന്നേ… , ഞാൻ അമ്മയോട് വിളിച്ചു പറഞ്ഞു ഇന്നെത്തില്ലാന്നു ”
അവൾ അമ്മ എന്ന് പറഞ്ഞതും അവൻ വീണ്ടും അവളുടെ മുഖത്തേക്ക് സംശയത്തോടെ നോക്കി
“ഞങ്ങളുടെ ഹോമിന്റെ അമ്മ ഞങ്ങളുടെ എല്ലാവരുടെയും അമ്മ. ”
“ഓഹ്, അപ്പൊ അമ്മയോട് പറഞ്ഞോ എല്ലാ കാര്യവും ”
“പറഞ്ഞു, എല്ലാം പറഞ്ഞു. അപ്പൊ അമ്മയാ പറഞ്ഞത് ഏട്ടന്റെ കൂടെ നിന്നിട്ടു നാളെ വന്നാൽ മതി എന്ന്, പിന്നെ ഏട്ടനേയും നാളെ അങ്ങോട്ട് കൂട്ടണം എന്ന് പറഞ്ഞിട്ടുണ്ട് . എട്ടൻ വരുമോ ഞങ്ങളുടെ വീട്ടിലേക്കു ”
“അതിനെന്താ മോളെ, ഉറപ്പായും ഞാൻ നാളെ വരും… ”
അവളുടെ ആവശ്യം നിരസിക്കാൻ അവനു സാധിക്കുമായിരുന്നില്ല, എന്നാൽ താൻ നാളെ മാളുവിന്റെ അടുത്ത് എത്തിയില്ല എങ്കിൽ ഉണ്ടാവുന്ന ഭവിഷ്യത്തുകൾ അവനെ ഭയപ്പെടുത്തി…
അച്ചു നോക്കിയപ്പോൾ വീണ്ടും എന്തൊക്കെയോ ആലോചിച്ചുകൊണ്ടിരിക്കുന്ന സുധിയെ ആണ് കാണുന്നത്.
“ഏട്ടാ, ഏട്ടൻ വീണ്ടും എന്തൊക്കെയോ ആലോചിക്കുകയാണ്. നമ്മൾ പറഞ്ഞുകൊണ്ടിരുന്നത് മുഴുവനായി കഴിഞ്ഞില്ല, ഏട്ടന്റെ കഥ. ഏട്ടൻ ഏട്ടത്തിയെ കണ്ടത് വരെ മാത്രമേ പറഞ്ഞുള്ളു ബാക്കിയുള്ള കഥ പറ നമ്മുടെ മുൻപിൽ സമയം വേണ്ടുവോളം ഉണ്ട് ”
“ഞാൻ പറയാം മോളെ ”
*********
ആദ്യത്തെ ദിവസത്തിന് ശേഷം പ്രോപ്പറായി ക്ലാസുകൾ തുടങ്ങി, യാതൊരു വിധ എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസും ഇല്ലാത്ത കോളേജ് ആയിരുന്നു അത്, അവരുടെ ഏറ്റവും വലിയ ലക്ഷ്യം അവിടെ പഠിക്കുന്ന ആളുകൾ എല്ലാം ഉയർന്ന മാർക്കോടെ പാസ്സ് ആവണം എന്നത് മാത്രമായിരുന്നു. അത് ഒരിക്കലും അവരോടുള്ള ആത്മാർഥത കൊണ്ടായിരുന്നില്ല, അവർ ഓരോ അഡ്മിഷനും വാങ്ങുന്ന ഡോണെഷൻ അത്രയും വലുതായിരുന്നു
കോളേജ് തുടങ്ങി രണ്ടു ആഴ്ച ആയപ്പൊളേക്കും എനിക്ക് ഒരു കൂട്ടുകാരനെ കിട്ടി, അഭി ഏറെക്കുറെ എന്റെ അതെ സ്വഭാവം ഉള്ള ആൾ, പിന്നെ മാളുവും ഞങ്ങളുടെ ഒപ്പം കൂടി. ആദ്യം വെറും സൗഹൃദമായി തുടങ്ങിയ മാളുവുമായുള്ള ബന്ധം പെട്ടന്നാണ് ഒരു പ്രണയമായി മാറിയത്. അത് ഞാൻ ആദ്യമായി പറഞ്ഞതും അഭിയോടായിരുന്നു
അപ്പോഴേക്കും ക്ലാസ്സ് തുടങ്ങി ആറുമാസം ആയിരുന്നു.മാളുവിന്റെ ആരോടും ഒന്നിനും ദേഷ്യപ്പെടാത്ത എല്ലാവരോടും മാന്യമായി മാത്രം സംസാരിക്കുന്ന, ആരെങ്കിലും വഴക്കുപറഞ്ഞാൽ കണ്ണുനിറക്കുന്ന സ്വഭാവം എന്നെ അവളിലേക്ക് ഒരുപാട് അടുപ്പിച്ചു.