അവൾ പകുതി അവനോടും പകുതി നഴ്‌സ്‌നോഡുമായി പറഞ്ഞു,
“ഏട്ടാ ഇന്ന് പോകാൻ പറ്റില്ല, ഏട്ടനെ ഇന്ന് കൂടെ നിരീക്ഷണത്തിൽ വച്ചിട്ട് നാളെ ഡിസ്ചാർജ് ചെയ്യും എന്നാണ് ഡോക്ടർ പറഞ്ഞത് ”
അവൾ ഇതൊക്കെ പറയുമ്പോളും അവനു കണ്ടത് ഒരു സ്വപ്‌നമാണെന്ന് വിശ്വസിക്കാൻ പറ്റാതെ ഇരിക്കുകയായിരുന്നു, പയ്യെ അവന്റെ മുഖത്തുള്ള സംശയം മാറി ഒരാശ്വാസം വന്നു
“മോളെ അച്ചൂ…. ”
അത്രയും വിളിച്ചതും അവന്റെ കണ്ണിൽ നിന്നും രണ്ടു തുള്ളി പൊഴിഞ്ഞു
“ഏട്ടാ എന്താ ഏട്ടാ പറ്റിയെ വല്ല സ്വപനവും കണ്ടോ, ഞാൻ എങ്ങും പോയിട്ടില്ല ഇവിടെ തന്നെ ഉണ്ട്, നാളെ രാവിലെ നമ്മൾ രണ്ടും ഒരുമിച്ചു ഇവിടെ നിന്നും പോകും ”
അവർ അന്ന് ഒരുപാട് നേരം സംസാരിച്ചു, അവൻ പറഞ്ഞു നിർത്തിയ കഥയെക്കുറിച്ചു മാത്രം അവൾ ഒന്നും ചോദിച്ചില്ല. അവളാണ് അവർക്കുള്ള ഭക്ഷണം വാങ്ങി കൊണ്ട് വന്നത് അവൻ തന്നെ കഴിച്ചോളാം എന്ന് പറഞ്ഞിട്ടും സമ്മതിക്കാതെ അവളാണ് അവനു വാരിക്കൊടുത്തു കഴിപ്പിച്ചത്
അവളുടെ സ്നേഹം കണ്ടതും അവന്റെ കണ്ണിൽ നിന്നും വീണ്ടും വെള്ളം വന്നു
“അയ്യേ എട്ടൻ വീണ്ടും കരയാ ”
“ഇല്ല മോളെ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞതാ ”
അവൾ അതിനു മറുപടിയായി ഒന്ന് ചിരിച്ചു
“മോളെ ഞാൻ ഒരു കാര്യം ചോദിച്ചാൽ മോള് സത്യം പറയോ ”
“എന്താ ഞാൻ പ്രേതമാണോ എന്നാണോ ”
അത് പറഞ്ഞു അവൾ ചിരിക്കാൻ തുടങ്ങി, അവൾ പറഞ്ഞത് കേട്ടു അവനും ഒന്ന് ചിരിച്ചു
“അതൊന്നും അല്ലടാ, മോൾക്ക് എന്നെ ഈ ഒരു ദിവസത്തെ പരിചയം മാത്രമല്ലേ ഉള്ളു, ഈ ഒരു ദിവസം കൊണ്ട് എന്നെ ഇങ്ങനെ പരിചരിക്കാൻ മാത്രം എന്ത് ബന്ധമാ മോൾക്ക് എന്നോടുള്ളത് ”
“ഏട്ടാ ഞാൻ ഏട്ടനെ എന്റെ ഏട്ടനായി തന്നെയാണ് കാണുന്നത് ”
“എന്നെ വിശ്വസിക്കാൻ പറ്റും എന്ന് ഒറ്റ ദിവസം കൊണ്ട് എങ്ങനെ മനസ്സിലായി ”
അവൾ അതിനു നൽകിയ മറുപടി ലളിതമായിരുന്നു
“ഞാൻ ഒരു പെൺകുട്ടി ആയതു കൊണ്ട് “.
അവന്റെ മുഖത്തു വീണ്ടും സംശയം കണ്ടതുകൊണ്ടാവും അവൾ തുടർന്നു
“ഏട്ടാ ഞങ്ങൾ പെൺകുട്ടികൾക്ക് ഒരാൾ നമ്മളോട് പെരുമാറുന്നത് ഏതു അർഥത്തിലാണ് എന്നത് പെട്ടന്ന് മനസ്സിലാവും, ഏട്ടൻ ഈ സമയം വരെ എന്നെ മോളെ എന്ന് മാത്രേ വിളിച്ചിട്ടുള്ളു. ആ വിളിയിലെ വാത്സല്യം എനിക്ക് മനസ്സിലാകുന്നുണ്ട് ”
അത് പറഞ്ഞപ്പോൾ അവളുടെ കണ്ണും നിറഞ്ഞു,
പിന്നെ അവൻ അവളോട് അതിനെക്കുറിച് ഒന്നും ചോദിച്ചില്ല,
“അയ്യോ ഒന്ന് ചോദിക്കാൻ മറന്നു ”
അവന്റെ ശബ്ദം കേട്ടതും അവൾ അവന്റെ മുഖത്തേക്ക് നോക്കി
“എന്താ ഏട്ടാ ”