ഞാൻ അത് പറഞ്ഞതും എല്ലാവരുടെയും മുഖത്തു ഒരു അത്ഭുതം ഉണ്ടായിരുന്നു. അത്രയും നേരം എന്നെ പുച്ഛിച്ചവർ എല്ലാം എന്നെ വിശ്വാസം വരാതെ നോക്കാൻ തുടങ്ങി. എന്നാൽ എന്റെ കണ്ണുകൾ അന്വേഷിച്ചത് എനിക്ക് വേണ്ടി നിറഞ്ഞ ആ കണ്ണുകളെ ആണ്
അവസാനം എന്റെ കണ്ണുകൾ അവളെ കണ്ടെത്തി, ആ മുഖത്തുനിന്നും ആദ്യം കണ്ട സങ്കടം മാറി സന്തോഷം വന്നിരിക്കുന്നു
“ആ അപ്പൊ തനിക്കു ഇംഗ്ലീഷ് അറിയാത്തതു കൊണ്ടല്ല, ആദ്യ ദിവസത്തെ ഭയം ആയിരുന്നു അല്ലെ, എന്തായാലും തന്റെ ഇൻട്രൊഡക്ഷൻ എനിക്ക് ഇഷ്ടായി. ഇനി താൻ പോയി ഇരുന്നോ ”
മിസ്സ് പറഞ്ഞതും ഞാൻ ബാഗുമെടുത്തു ഇരിപ്പിടം നോക്കി തുടങ്ങി ഏകദേശം എല്ലാ സീറ്റും ഫിൽ ആയിരിക്കുന്നു, ഒന്നോ രണ്ടോ സീറ്റ് മാത്രം ബാക്കി, ഒരു സീറ്റ് ബാക്കി ആക്കിയിരിക്കുന്നയത് അവളുടെ അടുത്താണ്, എന്തോ അവളുടെ അടുത്തിരിക്കണം എന്നും അവളെ ഒന്ന് പരിചയപ്പെടണം എന്നും തോന്നി. ഞാൻ അവളുടെ അടുത്ത് ചെന്നിരുന്നിട്ടും അവൾ ഒരുവട്ടം പോലും എന്നോട് സംസാരിച്ചില്ല. എനിക്കും സംസാരിക്കാൻ ഭയമായിരുന്നു എന്തായാലും ഇന്റർവെൽ സമയത്തു സംസാരിക്കാം എന്നുറപ്പിച്ചു…
ഇന്റർവെൽ ആയി മിസ്സ് പുറത്തിറങ്ങിയതും കുറച്ചുപേർ പുറത്തേക്കു പോയി, കുറച്ചു പേര് തമ്മിൽ പരിചയപ്പെടുകയാണ്, ഞാനും അവളെ പരിചയപ്പെടാൻ തീരുമാനിച്ചു
“hi I’m sudheer, തന്റെ പേരെന്താ ”
“മാളവിക ”
അവളുടെ സ്വരം വളരെ നേർത്തതായിരുന്നു
“എവിടാ വീട് ”
“പാലാ ”
“എന്റെ വീട് രാമപുരം ”
“ഹ്മ്മ് ”
ഞാൻ അവളോട് എന്തൊക്കെ ചോദിച്ചോ അതിനു മാത്രം അവൾ മറുപടി തന്നു ഒരിക്കൽ പോലും എന്റെ മുഖത്തേക്ക് നോക്കുകയോ എന്നോട് എന്തെങ്കിലും ചോദിക്കുകയോ ചെയ്തില്ല.
“താങ്ക്സ് ”
ഞാൻ നന്ദി പറഞ്ഞപ്പോൾ അവൾ ആദ്യമായി എന്റെ മുഖത്തേക്ക് ഒന്ന് നോക്കി, ആ നോട്ടത്തിൽ ഒരു ചോദ്യ ഭാവം ഉണ്ടായിരുന്നു, ഞാൻ തന്നെ വീണ്ടും സംസാരിച്ചു തുടങ്ങി
“ഇവിടെ എല്ലാവരും എന്നെ കളിയാക്കിയപ്പോൾ ഞാൻ ഒരു വിഷമം കണ്ടത് തന്റെ കണ്ണിൽ മാത്രമാണ് അതിനാണ് ആ നന്ദി ”