അവൻ മറക്കാൻ ആഗ്രഹിക്കുന്ന കാര്യമാണ് അവളിപ്പോൾ ചോദിക്കുന്നത്, എന്നാൽ അവളുടെ മുഖത്തു നോക്കി പറ്റില്ല എന്ന് പറയാനും സാധിക്കില്ല
“ഞാൻ പറയാം മോളെ, ”
“എന്റെ പേര് സുധീർ മേനോൻ, അച്ഛൻ മാധവമേനോൻ രാമപുരം ഗവണ്മെന്റ് LP സ്കൂളിൽ HM ആയി റിട്ടയർ ചെയ്‌ത ആളാണ്, അമ്മ സേതുലക്ഷ്മി ഗൃഹഭരണം നടത്തുന്ന ഒരു നാട്ടിന്പുറത്തുകാരി,
അച്ഛൻ സ്കൂളിൽ മാത്രമല്ല വീട്ടിലും HM തന്നെയായിരുന്നു, പട്ടാളച്ചിട്ടയിൽ ആണ് എന്നെ വളര്ത്തിയത്, ഓരോന്നിനും ഓരോ ടൈം ടേബിൾ വച്ചിരുന്നു കാലത്ത് ഇത്ര മണിക് എഴുന്നേൽക്കണം ഇത്ര വരെ പഠിക്കണം അങ്ങനെ എല്ലാത്തിനും സമയക്രമം ഉണ്ടായിരുന്നു,
അമ്മ ആയിരുന്നു എന്റെ എല്ലാം. എന്റെ ഏറ്റവും അടുത്ത സുഹൃത്തും അമ്മ തന്നെ ആയിരുന്നു, അച്ഛനിൽ ഉള്ളത് പോലെ ഉള്ള ഒരു നിർബന്ധങ്ങളും ഇല്ലാത്ത സ്നേഹിക്കാൻ മാത്രം അറിയാവുന്ന അമ്മ
ആ സമയത്തു ഞാൻ b.tech പഠിക്കുകയാണ്, അതും അച്ഛന്റെ നിർബന്ധം ഒരു ചിത്രകാരൻ ആകാൻ ആഗ്രഹിച്ച എന്നെ ഒരു എഞ്ചിനീയർ ആക്കണം എന്ന് അച്ഛന് വാശി ആയിരുന്നു,ഒന്ന് എതിർത്തു പറയാൻ പോലും അവകാശം ഇല്ലാതെ എല്ലാം അനുസരിക്കുക മാത്രമായിരുന്നു എന്റെ മുന്നിൽ ഉണ്ടായിരുന്ന ഏക വഴി
അവിടെ വച്ചാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്, ആരോടും അധികം സംസാരിക്കാത്ത ഒരു പാവം കുട്ടി, മുഴുവൻ സമയം ശ്രദ്ധ പഠിത്തത്തിൽ മാത്രം ആയിരിക്കും, അവൾ ഒന്ന് ശബ്ദം ഉയർത്തി ആരോടും സംസാരിക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല, അവൾ എന്നെ തെറ്റിദ്ധരിച്ചു എന്റെ മോളുമായി പോയപ്പോൾ പോലും അവൾ എന്നോടൊന്നു ദേഷ്യപ്പെട്ടില്ല ”
അത് പറയുമ്പോൾ അവന്റെ സ്വരം ഇടറി, കണ്ണിൽ നിന്നും രണ്ടു തുള്ളി പൊടിഞ്ഞു അവനെ ആശ്വസിപ്പിക്കാൻ അച്ചു ശ്രമിച്ചപ്പോൾ അവൻ തടഞ്ഞു
“വേണ്ട മോളെ, എനിക്കു പ്രശ്നം ഒന്നുമില്ല, എല്ലാം ആരോടെങ്കിലും പറയണം എന്ന് ഞാനും കുറച്ചായി ആഗ്രഹിക്കുന്നു, ഇത് മോളോട് പറയുമ്പോ എനിക്കൊരു ആശ്വാസം കിട്ടിയേക്കും ”
അവൾ പിന്നെ ഒന്നും പറഞ്ഞില്ല അവന്റെ വാക്കുകൾക്കായി കാതോർത്തു…
അവൻ പിന്നെയും ഭൂതകാലത്തിലേക്കു ചേക്കേറി
******
ഇന്നാണ് എന്റെ ഈ കോളേജിലെ ആദ്യ ദിവസം, കോട്ടയത്തെ തന്നെ ഏറ്റവും മുന്തിയ എഞ്ചിനീയറിംഗ് കോളേജ്, സമ്പന്നരുടെ മക്കൾ മാത്രമേ ഇവിടെ പഠിക്കുന്നുള്ളു, പാർട്ടി പ്രവർത്തനങ്ങളോ സമരങ്ങളോ ഒന്നും ഇല്ലാതെ കൂട്ടിലടച്ച ബ്രോയ്ലർ കോഴികളെ പോലെ എഞ്ചിനീയർ മാരെ ഉണ്ടാക്കുന്ന ഫാക്ടറി, ഫസ്റ്റ് ദിവസം ആയിട്ടും ഞങ്ങളെ പരിചയപ്പെടാനോ റാഗിംഗ് നടത്താനോ ആരും വരാത്തപ്പോൾ തന്നെ കോളേജിന്റെ ഭൂമിശാസ്ത്രം ഏകദേശം മനസ്സിയിലായി
എല്ലായിടത്തും സൈൻ ബോർഡ് ഉണ്ടായിരുന്നത് കൊണ്ട് ക്ലാസ്സ് കണ്ടു പിടിക്കാൻ ബുദ്ധിമുട്ടിയില്ല, ക്ലാസ്സിൽ എത്തിയപ്പോൾ കുറെ കുട്ടികൾ ഒക്കെ എത്തിയിട്ടുണ്ട്, എല്ലാവരും ഒരു തരം പാൽകുപ്പികൾ, എന്നെയും പുറത്തെല്ലാവരും അങ്ങനെ തന്നെയാണ് കരുതുന്നത്, ഈ ചങ്ങല പൊട്ടിച്ചോടണം എന്ന് എപ്പോളും കരുതും പക്ഷെ അതിനു സാധിക്കില്ല