അനിയത്തിപ്രാവ് [പ്രൊഫസർ ബ്രോ]

Posted by

“മോനെ വേറൊരു കാര്യം ഉണ്ട്. മാളുവിന്റെ അച്ഛൻ വിളിച്ചിരുന്നു… അവൾ… അവൾ ഞരമ്പു മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചു ”

എന്റെ കയ്യും കാലും തളരുന്നതുപോലെ തോന്നി, ഞാൻ ആ വെറും മണ്ണിൽ ഇരുന്നു. അമ്മയും അവളും വന്നു എന്നെ പിടിച്ചു. അവളുടെ കൈ എന്റെ ദേഹത്ത് തൊട്ടതും എനിക്ക് വീണ്ടും ദേഷ്യം ഇരട്ടിയായി

“നിന്നോട് ഇറങ്ങിപ്പോകാൻ പറഞ്ഞില്ലേ… നിന്റെ ഉദ്ദേശം എല്ലാം നടന്നില്ലേ ഇനി എങ്കിലും എന്നെ ഒന്ന് വിട്ടൂടെ ”

പിന്നെയും വായിൽ തോന്നിയത് എന്തൊക്കെയോ പറഞ്ഞു, അമ്മ വന്നു തടുത്തപ്പോളാണ് നിർത്തിയത്

“മോനെ സുധി, നീ ഒന്ന് സമാധാനിക്കു…മാളുവിന്‌ ഇപ്പൊ കുഴപ്പം ഒന്നും ഇല്ല, കൊല്ലത്തുള്ള അമ്മാവന്റെ അടുത്തേക്കാണ് അവൾ ഇവിടെ നിന്നും പോയത്. അവൾ ഇപ്പൊ അവിടെയാണ് ”

കാറെടുത്തു പോകാൻ തുടങ്ങിയ എന്നെ അമ്മ തടഞ്ഞു

“ഈ അവസ്ഥയിൽ നീ വണ്ടി ഓടിക്കണ്ട. ബസ്സിന്‌ പോയാൽ മതി. ആ ഒരു യാത്ര ചിലപ്പോൾ നിനക്ക് കുറച്ചു ആശ്വാസവും തരും ”

“സുധീ ഞാനും വരാം നടന്നതെല്ലാം ഞാൻ പറയാം മാളുവിനോട് ”

“സഹായിച്ചത് തന്നെ ധാരാളമാണ്. എന്റെ മാളുവിനെ ഇനി ഒരിക്കലും നീ കാണില്ല. ഇനി എന്നെ കാണാനും വരരുത്… ”

വീണ്ടും എന്തോ പറയാൻ വന്ന അവളെ ഞാൻ തടഞ്ഞു

“ജാനറ്റ് നിനക്ക് പോകാം… ”

പിന്നെ അവൾ ഒന്നും പറയാൻ നിൽക്കാതെ തിരികെ നടന്നു…

അപ്പൊ തന്നെ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി എങ്ങനെയും എന്റെ മാളുവിനെ കാണണം എന്ന ആഗ്രഹമായിരുന്നു എന്റെ മനസ്സിൽ.

******

അവൻ അത്രയും പറഞ്ഞു നിർത്തി അച്ചുവിന്റെ മുഖത്തേക്ക് നോക്കി, അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു

“ഇതാണ് മോളെ നടന്നത്, അങ്ങനെയാണ് ഞാൻ ഈ ബസ്സിൽ എത്തിയത്, അപകടം ഉണ്ടാകാതെ ഇരിക്കാൻ ബസ്സിൽ പറഞ്ഞു വിട്ടതാ അമ്മ…ഇതിനാണ് വരാനുള്ളത് വഴിയിൽ തങ്ങില്ല എന്ന് പറയുന്നത് ”

അവൾ കുറച്ചു സമയം ഒന്നും പറഞ്ഞില്ല,പിന്നെ സംസാരിച്ചു തുടങ്ങി

“ഏട്ടാ. നാളെ ഏട്ടന്റെ ഒപ്പം ഞാനും വരുന്നുണ്ട് ഏട്ടത്തിയെ കാണാൻ ”

” അപ്പൊ നാളെ മോൾക്ക്‌ വീട്ടിൽ പോകണ്ടേ.. ”

“പോണം. പക്ഷെ ഞാൻ ഒറ്റയ്ക്ക് പോകില്ല ഞാൻ അമ്മക്ക് വാക്ക് കൊടുത്തതാ നാളെ ഏട്ടനേയും കൊണ്ടേ വരൂ എന്ന്… ”

“മോളെ അത്, എനിക്ക് നാളെ… ”

“നാളെ നമ്മൾ പോകും, നമ്മുടെ ഒപ്പം ഏടത്തിയും കുഞ്ഞാറ്റയും ഉണ്ടാവും.. ”

“മോളെ.. ”

“എല്ലാം ശരിയാകും ഏട്ടാ. ഏട്ടൻ ഇപ്പൊ ഉറങ്ങിക്കോ. നാളെ രാവിലെ നമുക്ക് പോകണ്ടേ.. ”

അവൾ പിന്നെ ഒന്നും പറയാതെ ഉറങ്ങാൻ കിടന്നു. അവനു ഉറക്കം വരുന്നുണ്ടായില്ല.. തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു

“ഏട്ടൻ ഇന്നലെ ഉറങ്ങിയില്ല അല്ലെ ”

അച്ചുവിന്റെ ശബ്ദം കേട്ടതും അവൻ കണ്ണ് തുറന്നു.

Leave a Reply

Your email address will not be published. Required fields are marked *