അവളുടെ അച്ഛൻ സംസാരിച്ചു തുടങ്ങി
“മോള് പറഞ്ഞിട്ടുണ്ട്. എല്ലാം ”
ആ എല്ലാം എന്ന് പുള്ളി കുറച്ചു ബലം കൊടുത്താണ് പറഞ്ഞത്, അത് കേട്ടതും ഞാൻ ഒന്ന് ഞെട്ടി
“ആ എന്നാൽ നിങ്ങൾ സംസാരിക്കു ഞാൻ പോയി കുടിക്കാൻ എന്തെങ്കിലും എടുത്തിട്ട് വരാം ”
അമ്മ അടുക്കളയിലേക്കു പോകാൻ ഒരുങ്ങി
“വേണ്ടമ്മേ ഞാൻ ഇപ്പൊ ഇറങ്ങും ”
“താൻ ഇരിക്കടോ നമുക്ക് കുറച്ചു സംസാരിക്കാം ”
ഞാൻ അമ്മയോട് പറഞ്ഞതിന് മറുപടി തന്നത് അച്ഛനാണ്
“അതല്ലച്ഛാ, എനിക്ക് ചെന്നിട്ടു കുറച്ചു പണി ഉണ്ടായിരുന്നു ”
“താൻ വന്നത് മോളെ കാണാനല്ലേ എന്നിട്ട് കണ്ടില്ലല്ലോ, ഡാ മനു പോയി മോളെ വിളിച്ചിട്ട് വാ ”
പുള്ളി അവളുടെ ഏട്ടനോടായി പറഞ്ഞു. ഏട്ടൻ അവളെ വിളിക്കാൻ പോയതും അച്ഛൻ വീണ്ടും സംസാരിച്ചു തുടങ്ങി.
“അപ്പൊ സുധി ഞാൻ പറഞ്ഞുകൊണ്ടിരുന്നത്. മോൾ എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട്, നിങ്ങൾ തമ്മിലുള്ള അടുപ്പവും എല്ലാം. ഞങ്ങൾക്ക് വിരോധം ഒന്നും ഇല്ല. സമയം ആകട്ടെ നമുക്ക് എല്ലാം നടത്താം ”
രണ്ടു ദിവസമായി എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നത് എല്ലാം അത്ഭുതങ്ങൾ ആണ്, അതാലോചിച്ചു നിന്നതും അമ്മ ചായയും കൊണ്ട് വന്നു. ഞങ്ങൾ ചായ കുടിക്കുന്ന സമയത്താണ് മാളു അങ്ങോട്ടേക്ക് വരുന്നത്, ഞങ്ങൾ എല്ലാം കുറച്ചു നേരം കൂടെ സംസാരിച്ചു. എനിക്ക് മാളുവിനെ നോക്കി സംസാരിക്കാൻ എന്തോ മടിപോലെ തോന്നി, ഇത്രയും നാൾ ഉണ്ടാകാത്ത ഒരുതരം നാണം.
അന്ന് അവിടെ നിന്നും പോന്നതിനു ശേഷം എല്ലാം നല്ല രീതിയിൽ തന്നെ നടന്നു. ഞാനും മാളുവും അഭിയും ജോലിക്ക് പോയി തുടങ്ങി. ഞാൻ ജോലിക്കിടക്കു ചിത്രരചനയും തുടങ്ങി, 3 വർഷത്തിന് ശേഷം ഞങ്ങൾ വിവാഹിതരായി. ഞങ്ങൾക്കൊരു കുഞ്ഞു മാലാഖ ജനിച്ചു മാളുവിന്റെ അമ്മയുടെ പേരായ സീതയും എന്റെ അമ്മയുടെ പേരായ സേതുലക്ഷ്മിയും ചേർന്ന് അവൾ സീതാലക്ഷ്മി ആയി. ഞങ്ങളുടെ കുഞ്ഞാറ്റ..
സന്തോഷങ്ങൾ മാത്രം നിറഞ്ഞ ഞങ്ങളുടെ ജീവിതത്തിലേക്ക് പെട്ടന്നാണ് അവൾ കയറി വന്നത്. ജാനറ്റ്, ഒരു പാതിമലയാളി ഞങ്ങളുടെ കമ്പനിയിൽ ഒരു ട്രെയിനി ആയി വന്നതാണ്, അവൾ വന്നതും എല്ലാവരുമായി കൂട്ടായി. അവൾക്കും ചിത്രരചനാ വല്യ ഇഷ്ടമായിരുന്നു അവൾ ആ കാര്യവും പറഞ്ഞു എപ്പോളും എന്നോടൊപ്പം നിൽക്കാൻ തുടങ്ങി അതിൽ മാളുവിന് ചെറിയ വിഷമം ഒക്കെ ഉണ്ടായിരുന്നു, എന്നാലും അവൾ അത് ജാനറ്റിനോട് കാണിച്ചില്ല ഒരിക്കൽ എന്നോട് മാത്രം പറഞ്ഞു
“സുധി…. ”
“പറയെടോ ”