“മോൻ പറഞ്ഞില്ലെങ്കിലും അച്ഛന് അറിയാം, മോന്റെ ആഗ്രഹം ഒരു ചിത്രകാരൻ ആകാൻ ആയിരുന്നു അല്ലെ… അച്ഛന് മനസ്സിലാവാഞ്ഞിട്ടല്ല. മോനെ വഴക്ക് പറഞ്ഞപ്പോളൊക്കെ മോനേക്കാൾ കൂടുതലായി വിഷമിച്ചതു അച്ഛനായിരുന്നു. ”
അത് പറയുമ്പോളേക്കും ആ കണ്ണുകൾ നിറഞ്ഞിരുന്നു
“അന്ന് ഞാൻ മോന്റെ ആഗ്രഹത്തിന് വിട്ടിരുന്നു എങ്കിൽ, മോനു മോൻ ചിലപ്പോൾ ഒരു നല്ല ചിത്രകാരൻ ആയേനെ. പക്ഷെ എങ്ങാനും അതിൽ വിജയിക്കാൻ ആയില്ലെങ്കിൽ മോനെന്തു ചെയ്യും. ഇപ്പോൾ മോനു നല്ല വിദ്യാഭാസം ഉണ്ട് ഇനി സ്വന്തമായി തീരുമാനം എടുത്തോളൂ.. ഇപ്പൊ കിട്ടിയ ജോലി വേണോ അതോ മോന്റെ ആഗ്രഹം പോലെ ചിത്രകാരൻ ആവണോ എന്ന് ”
“അച്ഛാ…. ”
എന്റെ സ്വരവും ഇടറിയിരുന്നു
“ഇനി മോന്റെ എല്ലാ കാര്യത്തിലും മോനു സ്വന്തമായി തീരുമാനം എടുക്കാം, മോനു ഒരു കുട്ടിയെ ഇഷ്ടമാണെന്ന് സേതു പറഞ്ഞു അച്ഛന് കുഴപ്പം ഒന്നും ഇല്ലാട്ടോ, സന്തോഷം മാത്രമേ ഉള്ളു. സ്വന്തം പാതിയെ തിരഞ്ഞെടുക്കേണ്ടത് സ്വന്തമായി തന്നെയാണ് ”
അതിനു മുകളിൽ പിടിച്ചു നിൽക്കാൻ എനിക്കും കഴിയുമായിരുന്നില്ല. ഞാൻ അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞു, അച്ഛനെ കണ്ണുനീർ എന്റെ മേലും വീണു… സന്തോഷമായിരുന്നു. എന്റെ ഓർമയിൽ ആദ്യമായി അച്ഛൻ എന്നോട് സ്നേഹത്തോടെ സംസാരിച്ചിരുന്നു ആദ്യമായി മോനെ എന്ന് വിളിച്ചിരിക്കുന്നു.
എന്റെ പിന്നിൽ നിന്നും അടക്കിപ്പിടിച്ച ഒരു കരച്ചിൽ കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കുന്നത്. ഒരുപാട് നാളത്തെ ആഗ്രഹം സാധിച്ച സന്തോഷത്തിൽ കരഞ്ഞുകൊണ്ട് നിൽക്കുന്ന അമ്മ… ആ കരച്ചിൽ പിന്നെ ഉച്ചത്തിൽ ആയി…
എന്റെ ജീവിതത്തിൽ ഞാൻ ഇത്രയും സന്തോഷിച്ച നാളുകൾ ഉണ്ടായിട്ടില്ല. എന്റെ അച്ഛന്റെയും അമ്മയുടെയും സ്നേഹത്തിനു മുന്നിൽ മാളു പോലും പിന്നിലായിപ്പോയി
അടുത്ത ദിവസം തന്നെ ഞാൻ മാളുവിനെ കാണാൻ അവളുടെ വീട്ടിൽ എത്തി,ഞങ്ങളുടെ വീടുകൾ തമ്മിൽ 15km ദൂരമേ ഉണ്ടായിരുന്നുള്ളു..
ഡോർ തുറന്നത് അവളുടെ അമ്മ ആയിരുന്നു,
“അമ്മേ എന്റെ പേര്.. ”
“സുധീർ അല്ലെ”
എന്നെ മുഴുവനായി പറയാൻ സമ്മതിക്കാതെ അവർ പറഞ്ഞു തുടങ്ങി
“സുധി മോനെ ഞങ്ങൾക്കെല്ലാം അറിയാം, സുധിയെ മാത്രം അല്ല അഭിയേയും. അല്ല അഭി വന്നില്ലേ? ”
“ഇല്ലമ്മേ. അവനു വേറെന്തോ തിരക്കുണ്ടെന്നു പറഞ്ഞു ”
“ആണോ ആ എന്തായാലും മോൻ കേറിവാ. എല്ലാവരെയും പരിചയപ്പെടാം ”
ഞാൻ അവരുടെ കൂടെ ഉള്ളിലേക്ക് കയറി
“മോൻ ഇവിടെ ഇരിക്ക് കേട്ടോ, ഞാൻ എല്ലാവരെയും വിളിച്ചിട്ട് വരാം ”
എനിക്ക് കയ്യും കാലും വിറക്കാൻ തുടങ്ങി, ഇവിടെ എത്തുന്നത് വരെ അവളെ ഒന്ന് കാണണം സംസാരിക്കണം പോണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു. ഇവിടെ വന്നപ്പോൾ ഇങ്ങനെ ആയി. ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ മാളുവിന്റെ അച്ഛനും ഏട്ടനും ഇറങ്ങി വന്നു. എല്ലാവരുടെയും ഫോട്ടോ മാളു കാണിച്ചിട്ടുള്ളത് കൊണ്ട് ആളുകളെ തിരിച്ചറിയാൻ ദുദ്ധിമുട്ടുണ്ടായില്ല.
“സുധി… അല്ലെ ”