അതെങ്ങനെയോ പറഞ്ഞൊപ്പിച്ചു അവളുടെ മുഖത്തു നോക്കാൻ ധൈര്യം ഇല്ലാതെ ഞാൻ താഴേക്കു നോക്കിയിരുന്നു
“സുധി, എനിക്കിതു നേരത്തെ തോന്നിയതാ …. എനിക്കും തന്നെ ഇഷ്ടമാണ്… ”
ഞാൻ വിശ്വാസം വരാതെ തലയുയർത്തി അവളെ നോക്കി. അവൾ ചിരിച്ചുകൊണ്ട് തുടർന്ന്
“പക്ഷെ നമ്മൾ ഇപ്പൊ പഠിക്കുകയാണ്, നമ്മുടെ ഇഷ്ടം ഒരിക്കലും പഠനത്തെ ബാധിക്കാൻ പാടില്ല. പഠിച്ചു ഒരു ജോലിയായി ഒറ്റയ്ക്ക് ജീവിക്കാൻ പറ്റും എന്ന് നമുക്ക് ഉറപ്പുള്ള കാലത്തോളം ഇതാരും അറിയാൻ പാടില്ല”
“അഭി… ”
“അഭിക്കറിയാം എന്നെനിക്കറിയാം”
ഞാൻ വീണ്ടും അവളുടെ മുഖത്തേക്ക് നോക്കി
“അഭി എന്നോട് പറഞ്ഞിരുന്നു, നീ അവനോടു പറഞ്ഞ അന്ന് തന്നെ ”
ഞാൻ വിശ്വാസം വരാത്തെ അവനെ തിരിഞ്ഞു നോക്കി. അവൻ ഞാനൊന്നും അറിഞ്ഞില്ലേ എന്നും പറഞ്ഞു സ്വന്തമായി പൂജ്യം വെട്ടി കളിക്കുന്നു.ഞാൻ അവനെ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്തു
“എന്താടാ നാശമേ… ”
“ഒന്നൂല്ല നിനക്കൊരുമ്മ തരാൻ തോന്നി ”
അപ്പോളാണ് അവൻ എന്റെ അടുത്ത് ചിരിച്ചുകൊണ്ട് ഇരിക്കുന്ന മാളുവിനെ കാണുന്നത്. അവൻ സംശയത്തോടെ എന്നെ നോക്കി
“നീ പറഞ്ഞോ…??? ”
“ആ… പറഞ്ഞു. അതിനും മുൻപ് നീ പറഞ്ഞില്ലേ അതിനാ ഈ ഉമ്മ ”
അല്ലെങ്കിലും അവൻ എന്നും അങ്ങനെ ആയിരുന്നു, എന്റെ എല്ലാ സങ്കടങ്ങളും തീർത്തു തരുന്നത് അവനായിരുന്നു വെറും ആറോ ഏഴോ മാസത്തെ പരിചയം മാത്രമേ ഉള്ളു എങ്കിലും എന്റെ ഏറ്റവും അടുത്ത സുഹൃത്തായി അവൻ വളർന്നിരുന്നു…
4വർഷത്തെ കോളേജ് പഠനം,ആ കാലമത്രയും ഞങ്ങൾ പ്രണയം ആരെയും അറിയിക്കാതെ കൊണ്ടുനടന്നു. ഒരിക്കൽപോലും ഞങ്ങൾ മാത്രമായി ഒരേടുത്തും ഒറ്റക് പോയിട്ടില്ല എന്നും അവൻ ഉണ്ടായിരുന്നുഞ ഞങ്ങളുടെ ഒപ്പം അതിൽ അവൾക്കൊരു എനിക്കോ ഒരു പരാതിയും ഉണ്ടായിരുന്നില്ല. ഒരു തരത്തിൽ പറഞ്ഞാൽ അവനു താല്പര്യം ഇല്ലെങ്കിലും ഞങ്ങൾ വിളിച്ചുകൊണ്ടു പോകുമായിരുന്നു…
കോളേജിൽ പഠിക്കുന്ന സമയത്തുതന്നെ ക്യാമ്പസ് ഇന്റർവ്യൂ വഴി എനിക്കും അഭിക്കും മാളുവിനും ഒരേ കമ്പനിയിൽ തന്നെ ജോലി കിട്ടി. ഞങ്ങള്ക്ക് അതിൽ പരം സന്തോഷം വേറെ ഉണ്ടായിരുന്നില്ല…
കോളേജ് പഠനം കഴിഞ്ഞു വീട്ടിൽ എത്തി. അന്ന് ആദ്യമായി അച്ഛൻ എന്നോട് ഒരുപാട് സംസാരിച്ചു. ആദ്യമായി ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു
“മോനെ സുധി. മോനു അച്ഛനോട് ദേഷ്യം ഉണ്ടോ, മോന്റെ ആഗ്രഹങ്ങൾ ഒന്നും അച്ഛൻ സാധിച്ചു തന്നില്ല എന്ന് തോന്നുന്നുണ്ടോ ”
ഉണ്ടെന്നു പറയണം എന്ന് മനസ്സിൽ തോന്നി എങ്കിലും പിന്നെ വേണ്ട എന്ന് തീരുമാനിച്ചു
“ഇല്ലച്ഛാ അങ്ങനെ ഒന്നും ഇല്ല ”