സുരേഷ് പറഞ്ഞു നിർത്തിയെങ്കിലും ഇത്തവണ കയ്യടിയേക്കാൾ ചിരി ആയിരുന്നു അധികവും . ഒട്ടുമിക്ക ആളുകളുടെയും നോട്ടം ഞങ്ങളുടെ മീതെ ആയിരുന്നു . അതുകൊണ്ട് തന്നെ ഞാനും മഞ്ജുസും ഒന്ന് ചൂളിപ്പോയി ..
“കൂടുതൽ ഞാൻ പറഞ്ഞു ബോറടിപ്പിക്കുന്നില്ല …നമുക്ക് അജീഷ് സാറിനെ ഇങ്ങോട്ടു ക്ഷണിക്കാം ”
സുരേഷ് ഇത്തവണ സ്വന്തം പ്രസംഗം നീട്ടാതെ അജീഷ് സാറിനെ ക്ഷണിച്ചു . അതോടെ മുൻ നിരയിലിരുന്ന പുള്ളി എഴുനേറ്റു .
അജീഷ് സാർ സ്റ്റേജിലേക്ക് നടക്കുന്ന ഓരോ ചുവടിനുമൊപ്പം ഞങ്ങൾ കയ്യടികൾ മുഴക്കി . ഒടുക്കം പുള്ളി സുരേഷിന്റെ കയ്യിൽ നിന്ന് മൈക്ക് ഏറ്റുവാങ്ങിയപ്പോഴാണ് അത് നിലച്ചത് ..
“പ്രിയപ്പെട്ട എന്റെ കുട്ടികളെ …സഹപ്രവർത്തകരെ …
വീണ്ടും ഇങ്ങനെ ഒരു ഒത്തുചേരലിൽ ഭാഗമായതിൽ വളരെ സന്തോഷം ഉണ്ട്.
മുന്നോട്ടുള്ള യാത്രയിലും നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ഓർക്കുമ്പോൾ നമ്മുടെ കോളേജിൽ ചിലവഴിച്ച നിമിഷങ്ങൾ അതിൽ ഉണ്ടാകും എന്ന കാര്യം എനിക്കുറപ്പാണ് …”
അജീഷ് സാർ സംസാരിച്ചു തുടങ്ങിയതോടെ ഹാൾ നിശബ്ദമായി .
“അതിന്റെ ഓര്മ പുതുക്കലും , ഈ സൗഹൃദ കൂട്ടവും നിങ്ങളുള്ള കാലം വരെ തുടരട്ടെ എന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു …പ്രാര്ത്ഥിക്കുന്നു ..”
ഇത്തവണ പുള്ളി പറഞ്ഞു നിർത്തിയതും ആകെ കയ്യടിയും വിസിലടിയും ഒകെ ആയി .
“പിന്നെ ഈ കൂട്ടായ്മയിൽ നമുക്ക് ഏറ്റവും പ്രിയപ്പെട്ടവര് മഞ്ജുവും കവിനും തന്നെ ആണ് …ഒരുപാട് കളിയാക്കലുകളും പരിഹാസങ്ങളും കുത്തുവാക്കുകളുമൊക്കെ സഹിച്ചാണ് കവിനും മഞ്ജുവും ഒന്നായത് എന്ന് എനിക്ക് അറിയാം …”
അജീഷ് സാർ പറഞ്ഞു നിർത്തിയതും എല്ലാവരുടെയും ശ്രദ്ധ എന്നിലേക്കും മഞ്ജുസിലേക്കും തിരിഞ്ഞു .
“എല്ലാ പരിഹാസങ്ങൾക്കുമപ്പുറം അവര് ഇന്ന് നമ്മോടൊപ്പം സന്തോഷത്തോടെ ഉണ്ടെന്നു ഓർക്കുമ്പോൾ എനിക്ക് അഭിമാനവും ഉണ്ട് …ഒന്നിലും തളരാതെ ജീവിതം മുന്നോട്ടു കൊണ്ടുപോയ അവർക്കു കൂട്ടായി രണ്ടു കുഞ്ഞു മാലാഖ കുരുന്നുകൾ കൂടി ഇന്ന് കൂട്ടിനുണ്ട് …എന്റെ പ്രിയ സഹപ്രവർത്തകക്കും കവിനും ഈ അവസരത്തിൽ എല്ലാ ആശംസകളും നേരുന്നു ….”
അജേഷ് സാർ നിർത്തിയതും എല്ലാവരും ഒന്ന് കരഘോഷം മുഴക്കി .പക്ഷെ ഞങ്ങൾക്ക് ചമ്മല് തന്നെ ആയിരുന്നു .
“ഇനിയും ഒരുപാട് കാലം , ഒരുമിച്ച് ജീവിക്കാൻ അവർക്ക് ഭാഗ്യം ഉണ്ടാകട്ടെ എന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു..പ്രാര്ത്ഥിക്കുന്നു….നന്ദി ”
അത്രയും പറഞ്ഞുകൊണ്ട് അജീഷ് സാർ നിർത്തി . അടുത്ത ഊഴം പ്രദീപ് സാറിന്റെ ആയിരുന്നു . അജീഷ് സാർ പറഞ്ഞതൊക്കെ തന്നെ ആണ് പ്രദീപ് സാറും പറഞ്ഞത് .
ഒടുക്കം സുരേഷ് മഞ്ജുസിനെ കൂടി സ്റ്റേജിലേക്ക് വിളിപ്പിച്ചു . അവള് മാക്സിമം ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും പിള്ളേരൊക്കെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കാൻ തുടങ്ങി.