കാടമൊട്ട [Maradona]

Posted by

ആഹാ നിന്റെ മുട്ടത്തൊടിന്റെ പുറത്ത് ഒക്കെ എന്താടാ ഓരോ പാട്. അങ്ങേലെ വിക്രമൻ അപ്പൂപ്പൻ പിന്നിലെ ബഞ്ചിൽ ഇരുന്നു ഈർക്കിൽ കളിച്ച് കൊണ്ടിരിക്കെ ചോദിച്ചു. ഞാൻ കണ്ണാടിയിൽ നോക്കി. എന്റെ പ്രിയപ്പെട്ട കാക്ക പുള്ളികൾ കുറച്ചു അധികം ഉണ്ട് തലയിൽ. ആരും കാണാതെ കുറ്റി കാറ്റിൽ പ്രണയിച്ചു ഇരുന്ന കമിതാക്കളെ ആ കാട് വെട്ടി തെളിച്ചു പിടിച്ചാൽ എങ്ങനെ എന്ന പോലെ അവ എന്നെ നോക്കുന്നതായി എനിക്ക് തോന്നി. വല്ലാത്ത ഒരു നോട്ടം തന്നെ.

“ഹ കൊള്ളാം നല്ല കാട മൊട്ട പോലെ ഒണ്ട്” പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു ഈർക്കിൽ കളിയിൽ വിക്രമൻ രാജാവിന്റെ എതിരാളി ബഞ്ചിന്റെ അപ്പുറത്ത് ഇരുന്നു മത്തായി രാജാവ് പറഞ്ഞു. ആഹാ എന്ത് നല്ല കോമഡി. മുതുക്കൻമാരെ കെട്ടി എടുക്കാറായില്ലേ എന്റെ കാലേശ്വരാ.. ഞാൻ അറിയാതെ പ്രാർഥിച്ചു പോയി. എവടെ കേക്കാൻ. ഒരു കൂട്ടച്ചിരി കേട്ടപ്പോളാണ് അവിടെ എനിക്ക് പുറകെ സുമുഖൻമാരാകാൻ വേറെയും തലകൾ ഉള്ളത് കണ്ടത്. എന്തിനാ ഇവത്തുങ്ങൾ ഇളിക്കുന്നെ. ആരേലും തുണി ഇല്ലാതെ നടക്കുന്നോ.ഹ്മ്മ്. ഞാൻ കടയിൽ നിന്നിറങ്ങിയത് അരയറ്റം മുടി വളർത്തി ചിരിക്കുന്നവരെ ഒക്കെ നാണിപ്പിക്കും എന്ന എന്റെ സ്വപ്‌നങ്ങളുമായാണ്.

വീട്ടിൽ ചെന്നപ്പോ അമ്മയെ ഉറക്കെ വിളിച്ചു. എന്റെ കാടമുട്ട വന്നോ എന്ന അമ്മയുടെ ചോദ്യം ഉള്ളില്നിന്ന് കേട്ടാണ് എന്നെക്കൾ വേഗത്തിൽ എന്റെ തല നാട്ടുകാർ ഇങ്ങ്‌ എത്തിച്ചു എന്ന് ഹൃദയം നുറുങ്ങി ഞാൻ അറിഞ്ഞു. അങ്ങനെ എന്റെ പേര് വീണ്ടും മാറി. കാടമുട്ട. ഇന്നോളം അമ്മ നല്ല കുരുമുളക് പൊടി ഇട്ട് വാട്ടി തന്ന എന്റെ പ്രിയ ഭക്ഷണം ഞാൻ വെറുതു. പുതിയ പേര് കിട്ടിയതിന്റെ ആഘോഷം നാട്ടുകാർ മഹാൻമാർ കൊണ്ടാടി. മീൻ വാങ്ങാൻ പോകുമ്പോളും സ്കൂളിൽ പോകുമ്പോളും കളിക്കാൻ പോകുമ്പോളും എന്തിനാ പറമ്പിൽ വെളിക്കിരിക്കാൻ പോയാ പോലും ആ പേര് എന്റെ കാതുകളിൽ എത്തി. എന്തൊരു മഹത്തായ പേര്.

കളിക്കാൻ പോയപ്പോ കാടമുട്ടയെ ആർക്കും വേണ്ട. കാടയെ വേണ്ടാത്ത കളി കാടക്കും വേണ്ട. എന്നെന്നേക്കുമായി കളിക്കളത്തിനോട് വിട പറഞ്ഞു. എനിക്ക് വേണ്ടി അത് കണ്ട് കണ്ണീർ പൊഴിക്കാൻ ഒരു കാട കോഴി പോലും വന്നില്ല. അല്ലേലും ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും. അമ്മ പറഞ്ഞു തന്നു. പക്ഷെ ദൈവം ഇമ്മാതിരി പണി എന്നോട് എന്തിനാണ് കാണിക്കുന്നത്. അമ്മയുടെ കൂടെ കാവിൽ തൊഴാൻ പോകുമ്പോ വെള്ളി കളറിലെ സ്റ്റീൽ കുടത്തിൽ ചുമന്ന പട്ടുകൊണ്ട് പൊതിഞ്ഞ ഭണ്ടാരകുടത്തിൽ വെള്ളി നാണയങ്ങൾ ഇട്ടിട്ടുണ്ട്. ഒരുപാട്. കണ്ണടച്ച് കാണാത്ത ദൈവത്തെ വിളിച്ചു പറയുമ്പോ എന്നേലും എനിക്ക് ഒരു നറുക്ക് വീഴും എന്ന് പ്രതീക്ഷ ഉണ്ടായിരുന്നു. ഇനിയില്ല. എന്റെ കാശും വാങ്ങി എനിക്ക് ഇട്ട് പണി തരുന്ന വെറും രാഷ്ട്രീയക്കാരൻ ആയിരിക്കുന്നു എന്റെ ദൈവം.

Leave a Reply

Your email address will not be published. Required fields are marked *