പാവം എന്റെ ശശിധരൻ എന്ന സാക്ഷാൽ പരമ ശിവന്റെ പേര് വല്ലപ്പോളും കത്ത് കൊണ്ടുവരുന്ന പോസ്റ്റ്‌മാൻ ഒഴിച്ച് എല്ലാരും മറന്നു. ടീച്ചർ പരീക്ഷക്ക് ഉത്തരക്കടലാസിൽ എനിക്ക് എഴുതാൻ അറിയുന്ന ഒരേ ഒരു കാര്യവും അതായിരുന്നു.
കൂടെ പഠിച്ചവയുടെയും നാട്ടിലെ കടത്തിണ്ണയിലെ ലോക നിരീക്ഷകരും അണ്ടനും അടകോടനും പറഞ്ഞത് അക്ഷരം പ്രതി ചെയ്തു നോക്കി. ഫലമില്ല. അച്ഛന്റെ കൈയിലെ എനിക്ക് വേണ്ടി ഒള്ള ചെലവ് കൂടിയപ്പോ എന്റെ തലയിലെ മുടിയുടെ എണ്ണം കുറഞ്ഞു വന്നു. എന്തൊരു വിരോധാഭാസം…
അങ്ങനെ ഇരിക്കെയാണ് ബാർബർ മൈക്കിൾ ചേട്ടൻ പറഞ്ഞത് മൊട്ട അടിച്ചാ വരുന്ന മുടി പഴയ അഴക് ഉള്ളതാകും എന്ന്. എന്നിട്ട് മുടി വന്നില്ലേലും മൊട്ട അടിച്ചാ നീ ഒടുക്കത്തെ ഗ്ലാമർ ആകുമെന്നും ഒരു കമന്റും. മൈക്കിൾ എന്നത് സാക്ഷാൽ MJ യെ ആരാധന മൂത്ത് മുടി വളത്തി നടക്കുന്നത് കൊണ്ട് അയാൾ തന്നെ അയാളെ വിളിക്കുന്നത് ആണ്. പോരാത്തതിന് ഫുൾ സൈസ് കട്ട് ഔട്ട് ഒരെണ്ണം കടക്കു മുന്നിൽ വച്ചിട്ടുണ്ട്. കൃഷ്ണൻ കുട്ടി നായർ എന്നോ മറ്റോ ആണ് ഒർജിനൽ പേര്. എന്തായാലും പിള്ളാര് സെറ്റിനു വയസൻ മാപ്ലയുടെ കടയെക്കാളും പഥ്യം മൈക്കിളിന്റെ കടയാണ്. അങ്ങനെ അച്ഛന്റെ സമ്മതം വാങ്ങി മൊട്ട അടിക്കാൻ കടയിൽ പോയി.
വിഷുവിനു ഫലങ്ങളുടെയും പുഷ്പങ്ങളുടെയും നടുവിൽ കൊഴലും പിടിച്ചു ചിരിച്ചു ഇരിക്കുന്ന കണ്ണനെ കാണാൻ രാവിലെ എണ്ണിറ്റ് പോകുന്ന അതെ ആകാംഷയോടെ ആണ് വീട്ടുകാർ എന്നെ ബാർബർ ഷോപ്പിലേക്ക് അയച്ചത്. മിക്കവാറും വീടുകളിൽ അന്നത്തെയോ അല്ലങ്കിൽ പിറ്റേന്നത്തേയോ കറികൾക്ക് കഷണങ്ങൾ ആകുവാൻ രക്തസാക്ഷിത്വം വരിക്കുയാണ് കൃഷ്ണന്റെ പച്ചക്കറികൾക്ക് വിധി. കണിക്ക് വച്ച പൈസ ആരെങ്കിലും അടിച്ചു മാറ്റുമോ എന്നറിയാൻ അച്ഛന്റെ വക ഒരു രോന്ത് ചുറ്റലും. അവസാനം പാവം കണ്ണൻ അടുത്ത കൊല്ലത്തിൽ കുളിച്ചു റെഡി ആയി കണിയാകാൻ വീണ്ടും കാത്തിരിക്കും. എന്റെ അവസ്ഥയും അതായിരുന്നു.
സ്വതവേ ഇരു നിറത്തിൽ ചെറിയ കാക്ക പുള്ളികൾ അധികം ഉള്ള എന്റെ ശരീരത്തിൽ വലുതായപ്പോൾ പലയിടത്തും ആരെയും കാണിക്കാൻ പറ്റാത്ത മറുകുകളും ഉണ്ടായിരുന്നു. അവിടൊക്കെ മറുക് വന്നാൽ അവയവതിന് എപ്പോളും ആവശ്യക്കാർ ഉണ്ടാകും എന്ന് ആരോ പറഞ്ഞപ്പോ കുറച്ചൊന്നുമല്ല ഞാൻ സന്തോഷിച്ചത്. അങ്ങനെ അവസാനം എന്റെ മുടികൾ ചീകി ഇറക്കി ദൈവ ദൂതൻ മൈക്കിൾ ചേട്ടൻ കൊതി ഇറക്കി വെട്ടി അടുക്കി വടിച്ചിറക്കി. ആഹാ തലക്ക് എന്തൊരു തണുപ്. എന്തൊരു കുളിർമ. പുതു മഴ പെയ്ത ഭൂമിയുടെ അവസ്ഥ. ആ മഴയിൽ അനേകായിരം മൈ… അല്ലേ അത് വേണ്ട.. മുടി നാരുകൾ വളരുന്നത് ഞാൻ സ്വപ്നം കണ്ടു… വടിച്ചു കഴിഞ്ഞ് പൗഡർ ഒക്കെ ഇട്ട് കുട്ടപ്പൻ ആകിയിട്ട് ആണ് മൈക്കിൾ ചേട്ടൻ കണ്ണാടി കാണിക്കുന്നത്… നല്ല മുട്ട തോട് പോലെ ഉണ്ടന്ന് കഴിവ് തെളിയിച്ച അഭിമാനത്തിൽ ഒരു കമന്റ് പാസ്സാക്കി.