‘ഞാന്‍ ഡ്രൈവര്‍ ആണ് മോളെ… മോള്‍ ഇപ്പോള്‍ എന്തു ചെയ്യുവാണ്…?? കുറെ നാള്‍ ആയി കണ്ടിട്ടില്ലല്ലോ ഇവിടെ എങ്ങും…’
‘ഞാന്‍ ഡോക്ടര്‍ ആണ് ചേട്ടാ… MBBS കഴിഞ്ഞു എമര്‍ജന്‍സി മെഡിസിനില്‍ MD ചെയ്തു…. ഇവിടത്തെ മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ മാസം ജോയിന്‍ ചെയ്തു…. അല്ല ചേട്ടന്‍റെ ഫാമിലി ഒക്കെ…?? എത്ര കുട്ടികള്‍ ആണ്…??’
അവളുടെ ചോദ്യം കേട്ട് ഹരിയുടെ തലതാഴ്ന്നു.
‘എന്തു പറ്റി ചേട്ടാ…???’
‘ഒന്നുമില്ല മോളെ… ഡ്രൈവര്‍മാരെ ആര്‍ക്കാണ് വേണ്ടത്…?? അവര്‍ വെറും വളയം പിടിക്കുന്നവര്‍… അവര്‍ക്ക് പെണ്ണുതരാന്‍ ആളുകള്‍ക്ക് മടി അല്ലേ…??’
‘അപ്പോള്‍ ചേട്ടന്‍റെ കല്ല്യാണം കഴിഞ്ഞില്ലാര്‍ന്നോ…???’
വിടര്‍ന്ന കണ്ണുകളോടെയുള്ള അവളുടെ ആ ചോദ്യം കേട്ട് ഹരി അത്ഭുതത്തോടെ അവളെ നോക്കി.
‘ചേട്ടന് ഓര്‍മ്മ ഉണ്ടോ എന്നു അറിയില്ല… ഞാന്‍ ഒന്‍പതാം ക്ളാസ്സില്‍ പഠിക്കുമ്പോളാണ് അച്ഛന് അറ്റാക്ക് വന്നത്… ഒരുപാടു വണ്ടിക്കു കൈകാണിച്ചെങ്കിലും അവസാനം ചേട്ടനാണ് ഞങ്ങളെ സഹായിച്ചത്… ഞങ്ങളുടെ വീടിന്‍റെ അവസ്ഥ മനസ്സിലാക്കിയ ചേട്ടന്‍ അന്നു കാശും വാങ്ങിയില്ല… അച്ഛന്‍ ഡിസ്ചാര്‍ജ്ജ് ആകുന്നതു വരെ വന്നു അന്വേഷിച്ചു… പിന്നീടാണ് ചേട്ടന്‍ പ്രഭയുടെ സഹോദരന്‍ ആണെന്നു ഞാന്‍ മനസ്സിലാക്കിയത്… ഒന്നു കാണാന്‍ വേണ്ടി ഒരുപാടു തവണ ഞാന്‍ അവളുടെ ഒപ്പം വീട്ടില്‍ വന്നിട്ടുണ്ട്… പക്ഷേ ഒരിക്കല്‍ പോലും തെറ്റായ രീതിയില്‍ ഒരു നോട്ടം പോലും ചേട്ടനില്‍ നിന്നുണ്ടായില്ല…’
അവളുടെ സംസാരം കേട്ട് അമ്പരന്നു നില്‍ക്കുന്ന ഹരിയെ നോക്കി അവള്‍ തുടര്‍ന്നു.
‘സ്കോളര്‍ഷിപ്പിന്‍റെ പണം കൊണ്ടാണ് എന്‍റെ പഠനം എല്ലാം പൂര്‍ത്തി ആയത്…. ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ചേട്ടന്‍റെ മുഖം മാത്രം എന്‍റെ മനസ്സില്‍ നിന്നു മാഞ്ഞു പോയിരുന്നില്ല… ഞാന്‍ കരുതി ചേട്ടന്‍റെ കല്ല്യാണം ഒക്കെ കഴിഞ്ഞിട്ടുണ്ടാകുമെന്ന്… എന്‍റെ വീട്ടില്‍ വന്നു സംസാരിക്കാമോ…???’
കേട്ടതു വിശ്വസിക്കാനാവാതെ ഹരി ആകെ പതറി.
‘അഅത് പിപിന്നെ ഞാന്‍ ഒരു ഡ്രൈവര്‍… ഒരു ഡോക്ടറെ…’
‘ഹരിയേട്ടന്‍ ഒന്നും പറയണ്ട… ഈ പറയുന്ന ഡ്രൈവര്‍മാര്‍ ഇല്ലെങ്കില്‍ ഇന്നു വല്ല്യജോലിക്കാര്‍ ആണെന്നു ഞെളിഞ്ഞു നടക്കുന്ന പലരും ഉണ്ടാവില്ല… നിങ്ങള്‍ എല്ലാവരും ഒന്നു പണി മുടക്കുമ്പോള്‍ അറിയാം നിങ്ങളുടെ വില… ഏതൊരു ജോലിക്കും അതിന്‍റേതായ മാന്യത ഉണ്ട് ചേട്ടാ… ഞാനും എന്‍റെ വീട്ടുകാരും അതില്‍ വിശ്വസിക്കുന്നവരാണ്… ചേട്ടന്‍ ധൈര്യമായി വീട്ടുകാരെ കൂട്ടി വന്നോളൂ എന്നെ പെണ്ണു കാണാന്‍… സ്നേഹിക്കുന്ന ഈ ഒരു മനസ്സും ജോലി ചെയ്യാനുള്ള ചങ്കൂറ്റവും അത് മതി ഈ ഡോക്ടര്‍ക്ക്…’
അവള്‍ നടന്നകലുന്നതു നോക്കി നിന്നുപോയി ഹരി. അവന്‍റെ ജോലിയോടു അവന് എന്തെന്നില്ലാത്ത ബഹുമാനം തോന്നി.
മൂന്നു മാസം കഴിഞ്ഞുള്ള മറ്റൊരു ഞായറാഴ്ച്ച അതേ അമ്പലനടയില്‍ വച്ച് ഹരിനാരായണന്‍ ധന്യയുടെ കഴുത്തില്‍ താലി ചാര്‍ത്തി അവളുടെ നെറുകയില്‍ സിന്ദൂരം അണിയിച്ചു.