അനിയന്‍ വിഷ്ണുവിന്‍റെ ആഗ്രഹപ്രകാരം അവനെ ബാംഗ്ളുര്‍ നിംഹാന്‍സില്‍ വിട്ടു റേഡിയോളജി പഠിപ്പിച്ചു. അനിയത്തി പ്രഭയ്ക്ക് അധ്യാപിക ആകാനായിരുന്നു താല്‍പര്യം. രണ്ടു പേര്‍ക്കും ആഗ്രഹമുള്ളിടത്തോളം പഠിപ്പിച്ചു.
പ്രഭയ്ക്ക് ജോലി കിട്ടിയ സ്കൂളിലെ അധ്യപകനുമായി തന്നെ അവളുടെ വിവാഹവും നടന്നു. ഇപ്പോള്‍ അവള്‍ക്ക് രണ്ടു കുട്ടികള്‍.
വിഷ്ണുവിന്‍റെ കൂടെ കോളേജില്‍ നേഴ്സിങ്ങിനു പഠിച്ചിരുന്ന പെണ്‍കുട്ടിയുമായി അവന്‍ ഇഷ്ടത്തില്‍ ആയിരുന്നു. ഏട്ടന്‍റെ വിവാഹം ശരിയാകാന്‍ അവര്‍ കുറച്ചു നാള്‍ കാത്തിരുന്നു. എന്നാല്‍ അവള്‍ക്കു അയര്‍ലാന്‍റില്‍ പോകാന്‍ ഒരു അവസരം വന്നപ്പോള്‍ വിവാഹം പെട്ടെന്ന് വേണമെന്നു പെണ്‍വീട്ടുകാര്‍ നിര്‍ബന്ധം പിടിച്ചതിനാല്‍ അവരുടെ വിവാഹം നടത്തി കൊടുത്തു.
തന്നെക്കാള്‍ 7 വയസ്സിനു ഇളയ അനിയന്‍റെ വിവാഹം അവനെക്കൊണ്ട് ആകുന്ന രീതിയില്‍ ഭംഗിയായി നടത്തി കൊടുത്തപ്പോഴും, സ്വന്തം പാതിയെ കിട്ടാത്തതില്‍ ഉള്ള ഹരിയുടെ ദുഃഖം അവന്‍ ഒരു പുഞ്ചിരിയില്‍ ഒളിപ്പിച്ചു, അവരെ മനസ്സു തുറന്നു അനുഗ്രഹിച്ചു.
കുറച്ചുനാളുകള്‍ക്കുള്ളില്‍ തന്നെ വിഷ്ണുവും അയര്‍ലാന്‍റിലേക്ക് പോയി. അവര്‍ക്ക് ഒരു കുഞ്ഞും ജനിച്ചു.
ഹരിനാരായണന്‍ ഇപ്പോഴും മറ്റുള്ളവര്‍ക്ക് വേണ്ടി വളയം പിടിച്ചു കൊണ്ടിരിക്കുന്നു.
‘നീ എന്താടാ ഇത്രയും വൈകിയേ…??? ഇതാ… ഈ പൂക്കള്‍ ഒക്കെ ഒന്നു സെറ്റ് ചെയ്തേക്കാമോ…?? അമ്പലത്തിലേക്ക് ഇറങ്ങാന്‍ സമയം ആയി…’
രാജീവ് കുറച്ചു റോസ്സാപൂക്കള്‍ ഹരിയെ ഏല്‍പ്പിച്ചു പോയി. അവന്‍ അത് ഭംഗിയായി കാറില്‍ സെറ്റ് ചെയ്യാന്‍ തുടങ്ങി.
‘അല്ലാ… ആരാ ഇത്… മ്മട ഹരി അല്ലേ… മാധവിടെ മോന്‍…’
തന്‍റെ അടുത്തേക്ക് നടന്നടുക്കുന്ന ഭവാനിയമ്മയെ കണ്ട് ഹരി അസ്വസ്ഥനായി. ഒരാളെ പോലും വെറുതെ വിടാത്ത നാട്ടിലെ പ്രധാന കുടുംബംകലക്കി ആണ്.
‘അതേ ഭവാനിചേച്ചി… ചേച്ചി കല്ല്യാണത്തിനു വന്നതാണോ…??’
ഹരി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.