❤️പാർവതീപരിണയം [പ്രൊഫസർ]

Posted by

അതിനു ശേഷം എന്ത് സംഭവിച്ചു എന്ന് റോയിക്കു അറിയില്ല ,അവൻ എഴുന്നേൽക്കുമ്പോൾ അവനെ കട്ടിലിൽ കയ്യും കാലും കെട്ടിയിട്ട അവസ്ഥയിൽ ആയിരുന്നു

അവൻ ചുറ്റും നോക്കി, അവന്റെ മുറിതന്നെയാണ്, അവന്റെ നോട്ടം ചുവരിൽ തൂക്കിയിരിക്കുന്ന ഒരു ഫോട്ടോയിൽ പതിഞ്ഞു, റേച്ചൽ… അവളുടെ ഫോട്ടോ മാലയിട്ടു തൂക്കിയിരിക്കുന്നു, അവന്റെ കവിളിൽ കൂടെ കണ്ണുനീർ ഒഴുകി

“അറിയില്ലെടോ എനിക്കൊന്നും അറിയില്ല ഒരാറ് മാസക്കാലം എനിക്കെന്തു സംഭവിച്ചു എന്നെനിക്കറിയില്ല… എന്റെ മോളുടെ മുഖം എനിക്ക് അവസാനമായി ഒന്ന് കാണാൻ പോലും പറ്റിയില്ല, ആ ഉറക്കത്തിൽ നിന്നും എഴുന്നേറ്റ അന്ന് അമ്മയുടെ മടിയിൽ കിടന്നു ഒരുപാട് കരഞ്ഞു, അമ്മ എന്നെ ആശ്വസിപ്പിച്ചില്ല വിഷമങ്ങൾ കരഞ്ഞു തീർക്കട്ടെ എന്ന് കരുതിക്കാണും “

ഈ സമയമത്രയും റോയ് പറഞ്ഞത് കേട്ടിരുന്ന പാർവതിയുടെ കണ്ണുകളും നിറഞ്ഞു ഒഴുകുകയായിരുന്നു ,

“ ചിലപ്പോ ആലോചിക്കും ആ ഉറക്കത്തിൽ നിന്നും എഴുന്നേൽക്കണ്ടായിരുന്നു എന്ന്, ആ ഉറക്കത്തിൽ എങ്കിലും എന്റെ മോളെ എനിക്ക് കാണാൻ പറ്റിയാലോ “

പാർവതിക്ക് അവനെ ഒന്നു ആശ്വസിപ്പിക്കാൻ പോലും സാധിക്കുമായിരുന്നില്ല,അടക്കി വച്ചിരിക്കുന്ന വികാരങ്ങൾ എല്ലാം പുറത്തു വരുമോ എന്നവൾ ഭയപ്പെട്ടു,

പിന്നെ ഒരുനാൾ അവൻ മുഴുവൻ ധൈര്യവും സംഭരിച്ചു അവളോട്‌ അവന്റെ മനസ്സിലേ ആഗ്രഹം പറഞ്ഞു

“പാർവതി, എടൊ എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട് “

അവന്റെ ശബ്ദത്തിലെ വിറയലും, അവന്റെ കണ്ണുകളിലെ ഭയവും കണ്ടപ്പോൾ തന്നെ അവൾ ഉറപ്പിച്ചു റോയ് തന്റെ ഇഷ്ടം അറിയിക്കാൻ പോവുകയാണെന്ന്, അവൾക്കു ആ നിമിഷം ഭയമായിരുന്നു തന്റെ ബുദ്ധിയെ മനസ്സ് ജയിക്കുമോ എന്നുള്ള ഭയം, മനസ്സ് അവനെ ഇഷ്ടമാണ് എന്ന് പറയുമ്പോൾ ഒക്കെ അവളുടെ ബുദ്ധി അത് ശരിയല്ല അച്ഛനോട് ചെയ്യുന്ന വിശ്വാസ വഞ്ചന ആണെന്ന് അവള ഓര്മപ്പെടുത്തിക്കൊണ്ടിരുന്നു

“പറയു റോയിച്ചാ “

“ഞാൻ ഇത് പറഞ്ഞാൽ തനിക്കു എന്നോടുള്ള മനോഭാവത്തിൽ യാതൊരു മാറ്റവും വരരുത്, തനിക്കു താല്പര്യം ഇല്ലെങ്കിൽ നമുക്ക് എന്നും നല്ല സുഹൃത്തുക്കൾ ആയി തുടരാം “

പാർവതി ഒന്നും പറഞ്ഞില്ല

“എടൊ എനിക്ക് തന്നെ ഇഷ്ടമാണ്, കല്യാണം കഴിച്ചാൽ കൊള്ളാം എന്നുണ്ട് “

റോയ് എങ്ങനെയോ അത്രയും പറഞ്ഞൊപ്പിച്ചു ഒരു മറുപടിക്കായി അവളുടെ മുഖത്തേക്ക് നോക്കി, ഒരുപാട് നേരത്തെ മൗനത്തിനു ശേഷം അവൾ തുടങ്ങി

“റോയിച്ചാ റോയിച്ചനെ എല്ലാവർക്കും ഇഷ്ടമാകും, റോയിച്ചൻ നല്ലവനാണ് സ്നേഹമുള്ളവനാണ് എന്നെ സ്വാധീനിച്ചിട്ടുള്ള പുരുഷന്മാരിൽ രണ്ടാമത്തെ ആൾ റോയിച്ചനാണ്, ഒന്നാമത്തെ ആൾ എന്റെ അച്ഛനും, ഞാൻ ഒരിക്കലും എന്റെ അച്ഛന് വിഷമം ഉണ്ടാക്കുന്ന ഒന്നും ചെയ്യില്ല “

Leave a Reply

Your email address will not be published. Required fields are marked *