അവളുടെ മുഖത്ത് കുറച്ച് മുന്‍പ് ഉണ്ടായിരുന്ന ദേഷ്യമൊക്കെ മാറിയിരുന്നു. അവളുടെ ചുണ്ടില്‍ ചിരി വിരിഞ്ഞിരുന്നു. കണ്ണന് പതിയെ കാറിലെ മ്യൂസിക് സിസ്റ്റം ഓണാക്കി….
അതില്‍ നിന്ന് ഓരോ റോമാന്റിക് സോഗ്സായി പാടി തുടങ്ങി…. അധികവും മെലഡി ഹിറ്റ്സ് തന്നെയായിരുന്നു.
🎼 നിന്റെ കണ്ണില്‍ വിരുന്നുവന്നു
നീലസാഗര വീചികള്‍….🎼
ദാസേട്ടന്റെ മധുരമായ സ്വരം കാറില്‍ ആകെ പടര്‍ന്നു.
ചിന്നു പയ്യെ ഗാനത്തിനനുസരിച്ച് മൂളി തുടങ്ങി…. ഒരുപറ്റം ഹൃദ്യമായ പ്രണയഗാനങ്ങള്‍ കാറിനെ പ്രണയാര്ദമാക്കി….
ആകെ റോമാന്റിക് മുഡാണല്ലോ…. പാട്ടിന് താളം പിടിക്കുന്നതിനിടയ്ക്ക് ചിന്നു കണ്ണനോട് ചോദിച്ചു….
പിന്നെ… മാറ്റണോ….
എങ്ങനെ മാറ്റാന്‍…. ചിന്നു ചോദിച്ചു.
സെന്റി ഇടാം…. കണ്ണന് പുഞ്ചിരിയോടെ പറഞ്ഞു….
അയ്യോ… വേണ്ട…. ഇത് മതിയേ….
അങ്ങിനെ ഒന്നും രണ്ടും പറഞ്ഞ് കാര്‍ അടുത്ത മാളിലേക്ക് കയറി. കാര്‍ അണ്ടര്‍ഗ്രൗണ്ടിലെ പാര്‍ക്കിംഗ് ഏരിയയിലേക്ക് ഇറങ്ങി. ഞായറാഴ്ചയായത് കൊണ്ട് തിരക്കുണ്ട്. കാര്‍ പാര്‍ക്ക് ചെയ്ത് രണ്ടുപേരും ഇറങ്ങി. നേരെ ലിഫ്റ്റിനടുത്തേക്ക് നിങ്ങി. രണ്ട് ലിഫ്റ്റ് ഉണ്ട്… രണ്ടിനും മുന്നില്‍ അത്യാവിശ്യം തിരക്കുണ്ട്. അണ്ടര്‍ഗ്രൗണ്ടില്‍ നല്ല ഉഷ്ണമുണ്ട്. അവിടെ നില്‍ക്കുന്നവരെല്ലാം വിയര്‍ക്കുന്നുണ്ട്.
അങ്ങനെ ഒന്നില്‍ രണ്ട് പേരും കയറി പറ്റി. കണ്ണനും ചിന്നുവും ലിഫ്റ്റില്‍ ബാക്കിലേക്ക് മാറി കണ്ണാടി പ്രതലത്തിന് അടുത്തായി നിന്നു. അവര്‍ക്ക് മുന്നില്‍ ഒരു മുസ്ലീം ഫാമലിയുണ്ടായിരുന്നു. ഒരു തട്ടമിട്ട സ്ത്രിയും അയാളുടെ ഭര്‍ത്താവും ഭര്‍ത്താവിന്റെ കയ്യില്‍ ഒരു വയസ് തോന്നിക്കുന്ന ഒരു ചെറിയ പെണ്‍കുട്ടിയും. തോളില്‍ പിറകിലേക്ക് നോക്കുന്ന കുട്ടി പിറകിലുള്ള കണ്ണനെയും ചിന്നുവിനെയും കണ്ടു.
അവര്‍ ചിരിച്ച് കൊണ്ട് കുട്ടിയെ ചിരിപ്പിക്കാന്‍ നോക്കി. എന്നാല്‍ ചൂട് കൊണ്ടോ മറ്റോ കുട്ടിയുടെ മുഖത്ത് വിഷമഭാവം മാത്രമാണ്. അങ്ങിനെ അളുകള്‍ കയറി കഴിഞ്ഞപ്പോള്‍ ലിഫ്റ്റ് അടഞ്ഞു. ഓരോരുത്തരും അവര്‍ക്ക് വേണ്ട ഫ്ളോര്‍ നമ്പര്‍ അടിച്ചു.
അപ്പോള്‍ മുകളിലെ ഫാന്‍ നല്ല ശക്തിയില്‍ കറങ്ങാന്‍ തുടങ്ങി. അത്രയും നേരം ലിഫ്റ്റില്‍ വെന്തുരുകിയ എല്ലാര്ക്കും അത് ഒരാശ്വാസം പോലെ നെടുവീര്‍പ്പിട്ടു. മുന്നിലെ പുരുഷന്റെ കയ്യിലുണ്ടായിരുന്ന കുട്ടിയും ഒരു നിമിഷം കാറ്റ് തട്ടി ഞെട്ടി മുകളിലേക്ക് നോക്കി. പെണ്‍കുട്ടിയുടെ ചെറിയ മുടികള്‍ ആ കാറ്റില്‍ പാറി കളിക്കാന്‍ തുടങ്ങി.