വെറുതേ ചോദിച്ചതാ, ടെൻഷനാകാതെ അവൾ കൈയുയർത്തി അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
‘അല്ല, വെറുതെയല്ല, എന്റെ ജനനം കൊണ്ട് എന്റെ അമ്മയെ നഷ്ടപ്പെട്ടു. ഇനിയൊന്നും നഷ്ടപ്പെടുത്താൻ എനിക്കാവില്ല,’ അവന്റെ ചിലമ്പിച്ച ഒച്ച ഉയർന്നു. അവൻ ധൃതിപ്പെട്ട് ബാൽക്കണിയിൽ നിന്നു കിടപ്പുമുറിയിലെ കട്ടിലിൽ വന്നു കിടന്നു. അഞ്ജലിയുടെ ചോദ്യം അവനെ തകർത്തുകളഞ്ഞിരുന്നു.
അഞ്ജലി അവനു സമീപം കിടന്നു. തന്റെ കൈകൾ കൊണ്ട് അവനെ പുണർന്നു. അപ്പു പ്രതികരിച്ചില്ല.
‘സോറി അപ്പൂ, കാര്യമായെടുക്കാതെ. എന്നെ നിനക്ക് ഒരുകാലത്തും നഷ്ടപ്പെടാൻ പോണില്ല.’ അവൾ പറഞ്ഞു.
കിടന്നുറങ്ങ് അഞ്ജലീ, എനിക്കു തല വലിക്കുന്നു. രാവിലെ സംസാരിക്കാം. അവൻ പറഞ്ഞു.
‘ശരി, കിടന്നുറങ്ങിക്കോ കള്ളച്ചെക്കാ….’ അവന്റെ മുഖത്ത് ഒരു ചുംബനം നൽകി അവനെ കെട്ടിപ്പിടിച്ചു കിടന്നുകൊണ്ട് അവൾ പറഞ്ഞു.
ഒരുഭാഗത്ത് അപ്പു അഗ്നിപർവതം പോലെ പുകയുമ്പോൾ ഇതൊന്നും അറിയാതെ ഉറക്കത്തിലേക്കു വഴുതിവീഴുകയായിരുന്നു അഞ്ജലി.സുഖപൂർണമായ സ്വപ്നങ്ങൾ അവളുടെ ഉറക്കത്തെ കനിഞ്ഞനുഗ്രഹിച്ചു.
പിറ്റേന്നു രാവിലെ അഞ്ജലി ഉറക്കമെഴുന്നേറ്റപ്പോൾ അപ്പു അവളുടെ സമീപത്തുണ്ടായിരുന്നില്ല.അവൻ അവിടെയെങ്ങുമുണ്ടായിരുന്നില്ല. ഒരു മനുഷ്യന് ഇങ്ങനെ മാഞ്ഞുപോകാൻ പറ്റുമോ? പറ്റുമായിരിക്കും. ആദ്യം അഞ്ജലിയും പിന്നെ അവളുടെ വീട്ടുകാരും അവനെ എല്ലായിടത്തും തേടിയെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ കട്ടിലിന്റെ താഴെ നിന്ന് ഒരെഴുത്ത് അഞ്ജലിക്കു കിട്ടി.അവളുടെ അപ്പു അവൾക്കായി എഴുതിവച്ച അവസാനത്തെ എഴുത്ത്.
‘പ്രിയ അഞ്ജലീ,
ഞാനെന്നും ഭാഗ്യം കെട്ടവനാണ്, എന്നും…
എല്ലാമെല്ലാം ഉണ്ടായിട്ടും ഒന്നും അനുഭവിക്കാൻ യോഗമില്ലാത്തവൻ.
എന്റെ കാതിൽ മുഴങ്ങുന്ന ഈ മുഖാരി രാഗം എന്നെ ഭ്രാന്തനാക്കുന്നു. ഞാൻ വിട്ടകലുന്നു, പോയ്മറയുന്നു…ആഴത്തിൽ പൊലിയുന്ന ഒരു നക്ഷത്രം കണക്കേ…
എന്നെയോർത്തു നീ സങ്കടപ്പെടും.അതിനെ തടയാൻ എനിക്കാവില്ല. പക്ഷേ നിന്നെ ദുർവിധിയിലേക്കു തള്ളിവിടാൻ എനിക്കു വയ്യ. ഞാൻ പോയ്മറയുന്നു.
സങ്കടം മാറുമ്പോൾ എന്റെ അഞ്ജലി എന്നെ മറക്കണം.പൂർണമായും…എന്നിട്ട് സന്തോഷവതിയായി ജീവിക്കണം. ഇനിയും സ്‌നേഹം കണ്ടെത്തണം,കുടുംബമുണ്ടാകണം…..ഞാൻ ഒരു മിഥ്യയായിരുന്നു അഞ്ജലി.ആ മിഥ്യയിൽ നിന്നു നീ പുറത്തു വരണം.
സ്വന്തം അപ്പു.
കത്തു വായിച്ച അഞ്ജലിക്ക് എന്താണു സംഭവിച്ചതെന്നോ സംഭവിക്കുന്നതെന്നോ മനസ്സിലായില്ല. ലോകം തനിക്കും ചുറ്റും കറങ്ങുന്നതായി അവൾക്ക് അനുഭവപ്പെട്ടു.ഒരു ജന്മത്തിന്റെ സ്‌നേഹം മുഴുവൻ തന്നിലേക്കു പകർന്ന അപ്പു, ഇതാ പോയ്മറഞ്ഞിരിക്കുന്നെന്ന്.
പിന്നീട് അന്വേഷണങ്ങളുടെ കാലമായിരുന്നു അഞ്ജലിയുടെ അച്ഛൻ കൃഷ്ണകുമാറും അപ്പുവിന്റെ പിതാവ് ഹരികുമാരമേനോനും ഇന്ത്യ മുഴുവൻ അപ്പുവിനെ അന്വേഷിച്ചു. പണം വാരിയെറിഞ്ഞും രാഷ്ട്രീയക്കാരെ സ്വാധീനിച്ചും നടത്തിയ അന്വേഷണങ്ങളൊന്നും ഫലവത്തായില്ല.