അഞ്ജലിയുടെ അമ്മയായ സരോജ അവനരികിലേക്കെത്തി പറഞ്ഞു.
അഞ്ജലിക്കു കുറച്ചു തടിവച്ചാൽ എങ്ങനെയിരിക്കുമോ അതുപോലെയാണ് സരോജയെ കാണാൻ.വിടർന്ന കണ്ണുകളും ഐശ്വര്യം തുളുമ്പുന്ന മുഖവുമുള്ള കുലീനയായ ഒരു സ്ത്രീ.
സരോജയ്ക്ക് അപ്പുവിനെ നന്നായി പിടിച്ചിരുന്നു.ഒരു മകൻ ഇല്ലാത്തതിന്റെ വിഷമം മനസ്സിൽ ഇട്ടുകൊണ്ട് നടന്ന അവർ മരുമകൻ എന്ന നിലയ്ക്കല്ല മറിച്ച് മകനായാണ് അവനെ കണ്ടത്.അമ്മയില്ലാതെ വളർന്ന അപ്പുവും തനിക്ക് ലഭിക്കാതെ പോയ മാതൃത്വം അവരിൽ കണ്ടെത്തി.അവർ തമ്മിൽ നല്ല കൂട്ടായിരുന്നു.കൃഷ്ണകുമാറിനെ അങ്കിൾ എന്നു വിളിക്കുമ്പോഴും സരോജയെ അമ്മ എന്നാണ് അവൻ അഭിസംബോധന ചെയ്യുന്നത്.
‘തുലാഭാരം? അത് കൊച്ചു പിള്ളേർക്കല്ലെ നടത്തുന്നത് അമ്മേ.’ അവൻ ചോദിച്ചു.
‘അങ്ങനെ ഒന്നും ഇല്ല.എപ്പൊ വേണമെങ്കിലും ആർക്കും നടത്താം’ സരോജ പറഞ്ഞു.
‘ഓഹോ എന്തുകൊണ്ടാണു തുലാഭാരം?’ അവൻ അവരോടു ചോദിച്ചു.
‘താമരപ്പൂവ്, താമരയിതൾ പോലെ ചുവന്നു സുന്ദരനായ അപ്പുവിനു താമരപ്പൂ കൊണ്ടു തുലാഭാരം.’ അവന്റെ കവിളിൽ പിച്ചിക്കൊണ്ട് സരോജ പറഞ്ഞു.
,……
ഇടവപ്പാതിയുടെ സുഖകരമായ തണുപ്പും ആലസ്യവും തീർത്ത ഉറക്കത്തിൽ കിടന്ന അപ്പുവിനെ ഉണർത്തിയത് അഞ്ജലിയുടെ ശബ്ദമാണ്.
:തുലാഭാരക്കുട്ടി കിടന്നു ഉറങ്ങുവാണോ, എണീക്ക് ചെക്കാ, ഞങ്ങൾ എല്ലാവരും ഒരുങ്ങി.’ അവന്റെ പിൻവശത്ത് പിച്ചിക്കൊണ്ട് കിലുകിലെ ശബ്ദത്തിൽ അവൾ പറഞ്ഞു.
അപ്പു ഞെട്ടി എഴുന്നേറ്റു.
അഞ്ജലി ഒരു സെറ്റ് സാരിയായിരുന്നു ഉടുത്ത് നിന്നത്ത്. സ്വർണക്കസവുള്ള സാരി.സ്വർണനിറത്തിലുള്ള ഒരു ബ്ലൗസും വൈരനേക്ലേസും അണിഞ്ഞ അവൾ പതിവിലും സുന്ദരി ആയെന്ന് അപ്പുവിന് തോന്നി.അവളുടെ കൈയിൽ ഒരു കപ്പ് ആവി പറക്കുന്ന ചായ ഇരുപ്പുണ്ടായിരുന്നു. ഏതോ ക്ഷേത്രത്തിലെ ദേവി തനിക്കു ചായയുമായി രാവിലെ എത്തിയെന്ന് അപ്പുവിനു തോന്നി.
അവൻ അവളെ കൈയിൽ പിടിച്ചു കട്ടിലിലേക്ക് ഇട്ടു.
അവളുടെ പവിഴചുണ്ടുകളിൽ അവൻ ഇറുക്കി ചുംബിച്ചു.
‘ദേ ചെക്കാ, വ്രതം മുടക്കേണ്ട.’
‘എനിക്കിനി കാത്തിരിക്കാൻ വയ്യ.’
‘ശ്ശോ ഇന്നു വൈകുന്നേരം കൂടി കാത്തിരുന്നാൽ മതിയെന്നേ..’ അഞ്ജലി പെട്ടെന്നെഴുന്നേറ്റു തന്റെ സാരിയിലെ ചുളിവുകൾ നിവർത്തി.
‘പോ, പോയി കുളിക്ക്’ അവൾ അവനെ കുളിമുറിയിലേക്കു തള്ളിവിട്ടു.
അപ്പും അഞ്ജലിയും കൃഷ്ണകുമാറിനും സരോജയ്ക്കുമൊപ്പം ക്ഷേത്രത്തിലെത്തിയപ്പോഴേക്ക് തുലാഭാരത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിരുന്നു.