കുറച്ചുനേരത്തെ തിരച്ചിൽ, മഞ്ഞിൽ അഞ്ജലിയുടെ രൂപം കണ്ടെത്തി. അവളുടെ മുഖത്ത് നിർജീവമായ ഒരു ചിരിയുണ്ടായിരുന്നു. അപ്പൂ അപ്പൂവെന്ന് അവൾ വിളിക്കുന്നുണ്ടായിരുന്നെന്ന് അപ്പുവിനു തോന്നി.അവനാ ശരീരത്തെ മാറോടണച്ചു.
പക്ഷേ…തണുത്തു വിറങ്ങലിച്ചിരുന്നു അവൾ..
മരിച്ചിരുന്നു അവൾ….അവളുടെ ശവശരീരത്തെ കെട്ടിപ്പിടിച്ച് അവൻ അലറിക്കരഞ്ഞു.
‘എന്‌റെ ഈശ്വരൻമാരേ, തെറ്റൊന്നും ചെയ്തില്ലല്ലോ ഞാൻ , പിന്നെന്തിനേ ഇതു ചെയ്തൂ’ അവൻ അലറിവിളിച്ചു.
അവന്‌റെ കരച്ചിൽ താഴ്‌വരയിലെ മലമടക്കുകളിൽ തട്ടി പ്രതിഫലിച്ചു.നിർത്താതെ കരയുകയായിരുന്നു അപ്പു. അവന്‌റെ കണ്ണീരിനെ ആവാഹിച്ച് ഗംഗാനദി മൗനമായി ഒഴുകി.
അവന്‌റെ അഞ്ജലി മരിച്ചിരുന്നു.
മഞ്ഞുകാറ്റിൽ മുഖാരി രാഗത്തിന്‌റെ പ്രകമ്പനം ഉയർന്നുയർന്നു വന്നു.
———————————
‘അപ്പൂ, അപ്പൂ എഴുന്നേൽക്ക് എന്താ ഈ പിച്ചും പേയും പറയുന്നത്.’ അപ്പു കണ്ണു തുറന്നു നോക്കി.തന്നെ കുലുക്കിവിളിക്കുന്ന അഞ്ജലിയുടെ മുഖമാണ് അവൻ കണ്ടത്. അവളുടെ മുഖത്തു ദേഷ്യവും വെപ്രാളവും നിഴലിച്ചിരുന്നു.
‘അച്ഛനെന്തിനാ അപ്പൂനു മദ്യം കൊടുത്തത്. അവന് അതൊന്നും ശീലമില്ല. ദേ ലക്കുകെട്ടു പോയതു കണ്ടില്ലേ.’ അഞ്ജലി ക്രുദ്ധമായ മുഖഭാവത്തോടെ കൃഷ്ണകുമാറിനെ നോക്കി. സരോജയും അയാളെ കുറ്റപ്പെടുത്തുന്ന രീതിയിൽ നോക്കി.
കൃഷ്ണകുമാർ അബദ്ധം പിണഞ്ഞതു പോലെ നിന്നു. ഒറ്റപ്പെഗ്ഗിൽ അപ്പു ഔട്ടായിപ്പോകുമെന്ന് അയാൾ വിചാരിച്ചിരുന്നില്ല. ‘ഇപ്പഴത്തെ പിള്ളേർക്കൊന്നും തീരെ ആമ്പിയറില്ല.’ പറഞ്ഞുകൊണ്ട് അയാൾ നടന്നകന്നു.
അപ്പുവിനു കുറേശ്ശേ ബോധം എത്തിത്തുടങ്ങി. ദേവപ്രയാഗ്, അഞ്ജലി എന്നൊക്കെ അവൻ പറഞ്ഞുകൊണ്ടിരുന്നു.
‘അപ്പുക്കുട്ടാ, എന്തു പറ്റിയെടാ മോനേ നിനക്ക്?’ സരോജ അവനരികിൽ വന്നു തോളിൽ തൊട്ടുകൊണ്ടു ചോദിച്ചു.
‘അഞ്ജലി മരിച്ചുപോയി അമ്മേ, ദേവപ്രയാഗിൽ …മഞ്ഞിടിഞ്ഞ്.’അവൻ കരച്ചിലോടെ പറഞ്ഞു.
‘ങേ…’ അഞ്ജലി വായ പിളർന്നു നിന്നു.
‘നീ ഇതെന്തൊക്കെയാ ഈ പറയുന്നേ,’ അവന്റെ കൈത്തണ്ടയിൽ മൃദുവായി ഒന്നടിച്ച് സരോജ പറഞ്ഞു. ‘അഞ്ജലിയല്ലേ ഇവിടെ നിൽക്കുന്നത്.’
‘അയ്യോ പ്രേതം’ അവൻ ഉറക്കെ അലറി.
‘പ്രേതമോ ഞാനോ? നീയിങ്ങുവാ കാണിച്ചുതരാം.’ ഇളിക്കു കൈകുത്തി അഞ്ജലി ദേഷ്യത്തോടെ പറഞ്ഞു.
‘ശ്ശേ..’ സരോജ അഞ്ജലിയുടെ നേർക്കു ശാസനാഭാവത്തിൽ നോക്കി. ‘അവനൊരു ദുസ്വപ്നം കണ്ടതാ. വെളിയിൽ ഇരുന്നതു മതി. അകത്തുപോയേ..അഞ്ജലി ഇവനെ അകത്തേക്കു കൊണ്ടുപോ..’ അവർ മകളോടു പറഞ്ഞൂ.
‘അപ്പൂ, ഇനി ആരു തന്നാലും മദ്യം കുടിക്കരുതു കേട്ടോ, ചീത്തശീലം..’ അവർ അപ്പുവിന്റെ മുടിയിൽ മെല്ലെ തലോടി പറഞ്ഞു.
‘ഇല്ലമ്മേ’ അ്പ്പു അവർക്ക് ഉറപ്പുനൽകി.