ഏതോ ഒരു നാഴികയിൽ അവൻ ഉറക്കത്തിലേക്കു ചാഞ്ഞു. പെട്ടെന്നു വന്ന ഒരു മയക്കം.
തന്‌റെ ദേഹത്തെ ഏതോ ചൂടു പൊതിയുന്നത് അവനറിഞ്ഞു.സുഖകരമായ ചൂട്, സ്പർശം..
അവൻ പാതിമയക്കത്തിൽ മിഴി തുറന്നു. മരത്തിലേക്ക് ഒരു പടർപ്പൻകൊടി കയറുന്നതു പോലെ തന്നെ പുണരുകയാണ് അഞ്ജലി. അവളുടെ കൈകൾ അവനെ ഇറുകെപ്പിടിച്ചിരുന്നു.കാലുകൾ അവന്‌റെ തുടകളിലായിരുന്നു. ചുണ്ടുകൾ അവന്‌റെ കവിളുകളിലും.
അവൾ അവനെ അതീവമായ ബലത്തോടെ ചുംബിക്കുകയായിരുന്നു.
‘അഞ്ജലി എന്തായിത് വിടൂ’ അപ്പു അവളെ തള്ളിമാറ്റാൻ ശ്രമിച്ചു.
പക്ഷേ അവൾക്ക് ഭയങ്കരമായ കരുത്ത് ഉണ്ടായിരുന്നു.അപ്പുവിനെ അടക്കാൻ പോന്ന കരുത്ത്.
ഇരുട്ടിൽ അവളുടെ കണ്ണുകൾ മിന്നാമിന്നികളെ പോലെ തിളങ്ങി. അടക്കാനാവാത്ത ആവേശത്തിന്‌റെ കടൽ അവൻ അവയിൽ കണ്ടു.
‘ഞാൻ മരിച്ചോട്ടെ അപ്പൂ, ഒരിക്കലെങ്കിലും എന്‌റെ അപ്പുവിന്‌റെ പെണ്ണായിട്ടു മരിക്കണം.അല്ലെങ്കിൽ എന്‌റെ ആത്മാവിനു പോലും സ്വസ്ഥത കിട്ടില്ല,’ അവൾ പതർച്ചയോടെ പറഞ്ഞു.
അപ്പു കീഴടങ്ങുകയായിരുന്നു. ‘ഇത് ചതിയാണ് ‘ അവൻ പറഞ്ഞു.
‘അല്ല സ്‌നേഹമാണ് അപ്പൂ, നിന്നോടുള്ള അടങ്ങാത്ത സ്‌നേഹം.’ കൂടുതൽ അമർത്തി അവനെ ചുംബിച്ചുകൊണ്ട് അവൾ പറഞ്ഞു.
അവളുടെ കരലാളനങ്ങളിൽ അവന്‌റെ മനസ്സു പറന്നു പൊങ്ങി.അവന്‌റെ കൈ അവളേയും വാരിപ്പുണർന്നു.
ഒരു നിമിഷം…മുഖാരി രാഗം വീണ്ടും അവന്‌റെ കാതിൽ അലയടിച്ചു. മരണം…….അവന്‌റെ അന്തരംഗം അപ്പുവിനു താക്കീതു നൽകി.
‘മാറൂ..’ പറഞ്ഞുകൊണ്ട് അപ്പു അവളെ തള്ളിമാറ്റി,അവളുടെ കൈയിൽ നിന്നു കുതറി അവൻ മുറിക്കു പുറത്തേക്കു കുതിച്ചു.
‘അപ്പൂ നിൽക്കൂ…’ ഉറക്കെ വിളിച്ചുകൊണ്ട് അഞ്ജലി അവനു പിന്നാലെ ഓടിയിറങ്ങി.
അപ്പു ഓടുകയായിരുന്നു.അവളിൽ നിന്നോടിയകലുകയായിരുന്നു. ഹോട്ടലിനു പുറത്തേക്ക്. മഞ്ഞു നിറഞ്ഞ താഴ്‌വരകളിലേക്ക് അവൻ ഓടി.
അഞ്ജലിയും ഓടുകയായിരുന്നു. ഒരിക്കൽകൂടി അവനെ നഷ്ടപ്പെടാൻ അവൾക്ക് വയ്യായിരുന്നു. അപ്പൂ അപ്പുവെന്നും വിളിച്ച് അവൾ പിന്നാലെ കുതിച്ചു.
അധികനേരമെടുത്തില്ല.ഉത്തരാഘണ്ഡിന്‌റെ പ്രകൃതിയിൽ ഉയർന്നു നിൽക്കുന്ന ഗിരിശൃംഗങ്ങളിൽ മഞ്ഞുപാളികൾ പൊട്ടിത്തെറിച്ചു. മണ്ണും കല്ലും മഞ്ഞും ചേർന്ന ഹിമപാതം താഴേക്കൊഴുകി..അപാരമായ കരുത്തോടെ.
അതപ്പുവിനെ തൊട്ടില്ല, പക്ഷേ അവന്‌റെ ഹൃദയത്തെ, അവന്‌റെ അഞ്ജലിയെ അതു കോരിയെടുത്തു. അവൾ ആ ഹിമപാതത്തിലേക്കു ചേർന്നു കുത്തിയൊലിച്ചു.
നിമിഷങ്ങൾ നീണ്ടു നിന്ന പ്രകൃതിയുടെ കുസൃതി.കുറച്ചു നേരത്തിൽ എല്ലാം അവസാനിച്ചു.
‘അഞ്ജലീീീ…….’ തന്‌റെ എല്ലാ് ബലവും സംഭരിച്ച് അപ്പു ഉറക്കെ നിലവിളിച്ചു.മറുപടി അവനു കിട്ടിയില്ല.
അവൻ ഒരു ഭ്രാന്തനെപ്പോലെ അവിടെല്ലാം തിരഞ്ഞു നടന്നു.മഞ്ഞുപാളികൾ പെറുക്കി മേലേക്കെറിഞ്ഞു.
എന്‌റെ അഞ്ജലി എന്‌റെ അഞ്ജലിയെവിടെ.അവൻ ഉറക്കെയുറക്കെ വിളിച്ചുചോദിച്ചു.
ഒടുവിൽ ദൂരെ ഒരു ചിഹ്നം പോലെ ഒരു ചുവന്ന പൊട്ട് അവൻ കണ്ടു. അഞ്ജലി ധരിച്ച സാരിയുടെ ചുമപ്പ്. അവൻ അങ്ങോട്ടേക്കു കുതിച്ചു.