‘ആശ്രമത്തിൽ കഴിയാം….’ അപ്പു അവളോടു പറഞ്ഞു.
‘വേണ്ട, ഞാൻ ഗംഗാസാഗർ നികുഞ്ജിൽ ഒരു റൂം എടുത്തിട്ടുണ്ട്.’ അവൾ പറഞ്ഞു.
‘പൂജ തുടങ്ങാൻ സമയമായി’ അപ്പു പറഞ്ഞു. ‘അഞ്ജലി പോയ്ക്കോളൂ’
അഞ്ജലി വിശ്വസിക്കാനാകാതെ നിൽക്കുകയായിരുന്നു. എങ്ങനെ ഒരു അന്യയെപ്പോലെ തന്നോടു പെരുമാറാൻ അപ്പുവെന്ന തന്റെ ഭർത്താവിനു സാധിക്കുന്നു. 15 വർഷത്തെ സന്ന്യാസം എന്നെന്നേക്കുമായി തന്നിൽ നിന്ന് അപ്പുവിനെ അകറ്റിക്കൊണ്ടുപോയോ? അവളുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി.
‘അപ്പൂ,’ അവൾ അവനെ വിളിച്ചു.
അവൻ കൈയുയർത്തി തടഞ്ഞു. ‘അങ്ങനെ വിളിക്കരുത്. അതെന്റെ പൂർവാശ്രമ നാമമാണ്. ഇപ്പോൾ ഞാൻ അനോഖി ബാബയാണ്.’
‘എന്തു ബാബയായാലും എനിക്ക് നീ എന്റെ അപ്പു മാത്രമാണ്. എത്ര ജഡ ധരിച്ചാലും. ഇതെല്ലാം വെറും കള്ളമാണ്. ഞാൻ മരിക്കുമെന്നു കരുതി നീയുണ്ടാക്കിയ കപടവേഷം. എന്റൊപ്പം വരണം അപ്പു. ഞാൻ നിന്റെ കാലു പിടിക്കാം.’ അഞ്ജലി അവനു നേർക്കു തൊഴുതുകൊണ്ടു പറഞ്ഞു.
‘ഇവിടെ നിന്നു പോകൂ…..’ തന്റെ ഇരു ചെവികളിലും കൈകൾ വച്ച് അപ്പു അലറി. അഞ്ജലി അവനെ രൂക്ഷമായി നോക്കി.
‘അപ്പൂ,പഴയ ഇരുപത്തൊന്നുകാരല്ല നമ്മൾ രണ്ടുപേരും.പ്രായമായിരിക്കുന്നു.’
‘ ശരി നീ എനിക്കൊപ്പം വരേണ്ട.,ഞാൻ ഹോട്ടലിൽ കാത്തിരിക്കും. ഇന്നൊരു ദിവസം ..അല്ല ഇന്നൊരു രാത്രി നീ എനിക്കൊപ്പം ചെലവിടണം. നിന്റെ കെട്ടുതാലി ഇത്രയും നാൾ ചുമന്നു നടന്നവൾ എന്ന നിലയ്ക്ക് എനിക്ക് അതിനർഹതയില്ലേ അപ്പൂ. ഇന്നു നീ വരണം.’
‘ഇല്ല എനിക്കു പറ്റില്ല. എന്തെങ്കിലും പറയണമെന്നുണ്ടെങ്കിൽ ഇവിടെ നിന്നു സംസാരിക്കാം. രാത്രി വരില്ല ഞാൻ’ അപ്പു പറഞ്ഞു.
‘പേടിക്കേണ്ട., നീയുമായി സെക്സിലേർപ്പെടാൻ അല്ല ഞാൻ വിളിക്കണത്. ഞാൻ പ്രോമിസ് ചെയ്യുന്നു.അതു കൊണ്ട് അപ്പൂ, നീ വരണം, ഞാൻ കാത്തിരിക്കും.’അഞ്ജലി പറഞ്ഞു തിരികെ നടന്നു.മഞ്ഞിന്റെ പശ്ചാത്തലത്തിൽ ചുവന്ന അഗ്നിനാളം പോലെ നടന്നു നീങ്ങുന്ന അവളെ നിർന്നിമേഷനായി അപ്പു നോക്കി നിന്നു.
ദേവപ്രയാഗിലെ പൗരാണികമായ ഹോട്ടലാണു ഗംഗാസാഗർ നികുഞ്ജ്. ചിത്രപ്പണികളുള്ള ചുവരുകളുള്ള തന്റെ മുറിയിൽ ഭിത്തിയിലെ ഒരു ചിത്രം നോക്കിയിരിക്കുകയായിരുന്നു അഞ്ജലി. ലങ്കയിലെ യുദ്ധം ജയിച്ച ശേഷം സീതാദേവിയെ പരിത്യജിക്കുന്ന രാമന്റെ മുഖഭാവങ്ങൾ ചിത്രീകരിച്ചിരിക്കുന്ന ഒരു പെയിന്റിങ്. അതിലെ രാമനു തന്റെ അപ്പുവിന്റെ മുഖമാണെന്ന് അഞ്ജലിക്കു തോന്നി.
അവളെഴുന്നേറ്റു ബാൽക്കണിയിലേക്കു നടന്നു. സന്ധ്യ മയങ്ങിത്തുടങ്ങിയിരുന്നു. ഹോട്ടലിന്റെ വിശാലമായ പൂന്തോട്ടം ആ ബാൽക്കണിയിൽ നിന്നാൽ കാണാം. അകലെ ദേവപ്രയാഗിന്റെ കമനീയമായ ദൃശ്യം. കൈകളിലെ ധൂപപാത്രങ്ങളിൽ സാമ്പ്രാണി പുകച്ച് സന്ന്യാസിമാർ നടക്കുന്നു. ജീവിതത്തിൽ നിന്നു മോക്ഷം നേടാൻ ആഗ്രഹിച്ചു വന്ന ഒട്ടേറെപ്പേർ..അവരുടെ നിസ്സംഗമായ നോട്ടങ്ങൾ. മഞ്ഞിന്റെ തണുപ്പിലലിഞ്ഞു ചേർന്ന ചന്ദനത്തിരികളുടെ ഗന്ധം.
അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. കൈ തന്റെ വായിൽ പൊത്തിപ്പിടിച്ച് അവൾ ശബ്ദമില്ലാതെ കരഞ്ഞു.
ഇതിനു മാത്രം എന്തു തെറ്റു ചെയ്തൂ ഞാൻ….എന്റെ ദൈവങ്ങളേ..
‘മേംസാബ്, മേംസാബ്…’
വാതിൽക്കലുള്ള ഒരു മുട്ടു കേട്ടാണ് അവളുടെ ശ്രദ്ധ തിരിഞ്ഞത്.
കതകു തുറന്ന അഞ്ജലി കണ്ടത് ഹോട്ടലിലെ