വെളുത്തു നീളമുള്ള സുന്ദരനായ പുരുഷൻ,അയാൾ നീണ്ട മുടിയും താടിയും വളർത്തിയിരുന്നു.ആത്മീയമായ തേടലുകൾക്കും ശമിപ്പിക്കാനാകാത്ത ദുഖം ആ മുഖത്തും കണ്ണുകളിലും ഘനീഭവിച്ചു കിടന്നു.ഒറ്റ നോട്ടത്തിൽ അഞ്ജലി ആ പുരുഷനെ തിരിച്ചറിഞ്ഞു.
അനോഖി ബാബ. തന്റെ അപ്പു.
അവളുടെ ഹൃദയത്തിൽ ആയിരം പുഴകൾ ഒന്നിച്ചു പൊട്ടിയൊഴുകി. ഒടുവിൽ ഇതാ….15 കൊല്ലത്തെ തേടലുകൾക്കു ശേഷം.
അഗ്നിനാളം തൊട്ടുതൊഴാൻ നിന്നവരുടെ കൂട്ടത്തിലേക്ക് അവളും കൂടി.
അനോഖി ബാബ അവൾക്കു സമീപമെത്തി.
‘രാധേ ശ്യാം, രാധേ ശ്യാം..’ അയാളുടെ സഹായി ഉച്ചത്തിൽ പ്രാർഥനാ മന്ത്രം ചൊല്ലി.കൂടി നിന്നവർ ഏറ്റു ചൊല്ലിക്കൊണ്ട് ആ അഗ്നിനാളത്തിനു സമീപത്തേക്കു തങ്ങളുടെ കൈകൾ നീട്ടി.
നിമിഷങ്ങൾ കടന്നു. അനോഖി ബാബയും സഹായിയും വിളക്കുമായി അഞ്ജലിക്കു മുന്നിലെത്തി. തന്റെ മനോഹരമായ കൈകൾ അവൾ ആ വിളക്കിൻ നാളത്തിലേക്കു നീട്ടി. മുന്നോട്ടു നോക്കി നിന്ന അനോഖി ബാബയുടെ ശ്രദ്ധ ഒരു നിമിഷം ആ കൈകളിലേക്കു വീണു.
പരിചിതമായ കൈകൾ, തന്റെ പ്രാണപ്രേയസിയുടെ കൈകൾ.
അപ്പു വിറയലോടെ നോട്ടമുയർത്തി. തനിക്കു നേരെ ജ്വലിക്കുന്ന നോട്ടമെറിഞ്ഞു നിൽക്കുന്ന അഞ്ജലി. അവളുടെ കൺകോണുകളിൽ കോപമാണോ സഹതാപമാണോയെന്നു തിരിച്ചറിയാനാകാത്ത വികാരം.
അനോഖി ബാബയെന്ന അപ്പു ഞെട്ടി പിന്നോക്കം മാറി.വിളക്കിലെ തീനാളം കെട്ടു. അയാളുടെ ചുണ്ടുകളിൽ അവളുടെ പേര് പ്രകമ്പനം കൊണ്ടു….
‘അഞ്ജലി”….
ദേവപ്രയാഗിന്റെ ആകാശത്ത് മേഘങ്ങൾ ഉരുണ്ടുകൂടി.മഞ്ഞുപുതച്ചു നിൽക്കുന്ന ഭൂമിയിലേക്കു മഴ ചാറിപ്പെയ്തു. തണുപ്പിന്റെ എല്ലാ രസവുമുൾക്കൊണ്ടുള്ള മാരിപ്പെയ്ത്ത്.
‘സബ് ഫാഗോ..’ കൂട്ടം കൂടി നിന്നവർ മഴകൊള്ളാതെ പലസ്ഥലങ്ങളിലേക്ക് ഓടിപ്പോയി.ഹരിഗോവിന്ദ് മന്ദിറിന്റെ വിശാലമായ നടുമുറ്റത്ത് മഴയിൽ നനഞ്ഞ് അപ്പുവും അഞ്ജലിയും നിന്നു.
അഞ്ജലിയുടെ നെറ്റിയിൽ തൊട്ടിരുന്ന സിന്ദൂരം പടർന്ന് അവളുടെ മുഖത്തേക്കൊഴുകി.
കുറേ നേരം രണ്ടുപേരും ഒന്നും മിണ്ടിയില്ല. മെല്ലെ മഴ ശമിച്ചു.
നനഞ്ഞ മുടിയും താടിയും കാവി അംഗവസ്ത്രവുമായി അപ്പു അവളെത്തന്നെ ചലനമറ്റതുപോലെ നോക്കി നിന്നു.
‘അപ്പൂ’ അഞ്ജലി വിളിച്ചു, ‘സുഖമാണോ…’ അവളുടെ ആ ചോദ്യത്തിൽ വെറുപ്പോ ദേഷ്യമോ ഇല്ലായിരുന്നു. മഴയത്ത് ആർദ്രമായ പൂവിന്റെ ഇതൾ പോലെ ആ ചോദ്യം അപ്പുവിനെ കുത്തി.
‘സുഖം, അഞ്ജലി എന്നെ എങ്ങനെ കണ്ടുപിടിച്ചു. ഞാൻ….’ അവൻ എന്തോ പറയാൻ തുടങ്ങിയപ്പോൾ അവൾ കൈയുയർത്തി തടഞ്ഞു.
‘എല്ലാം അറിഞ്ഞാണു ഞാൻ വന്നിരിക്കുന്നത്.രോഹൻ എന്നോട് എല്ലാം പറഞ്ഞു.’
അപ്പുവിന്റെ മുഖത്തു പ്രത്യേകിച്ചു ഭാവഭേദമൊന്നുമുണ്ടായില്ല.
‘അഞ്ജലി ഇവിടെ എങ്ങനെ കഴിയും, എത്രനാളുണ്ടാകും?’ അപ്പു ചോദിച്ചു.
‘എനിക്കറിയില്ല.’ അഞ്ജലി പറഞ്ഞു.