അപ്പു……അപ്പു പോയ്മറഞ്ഞിരുന്നു.
——————————————————-
15 വർഷങ്ങ്ൾ്ക്കു ശേഷം,
ദേവപ്രയാഗ്
ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുള്ള ജോളിഗ്രാന്റ് വിമാനത്താവളത്തിൽ നിന്നു ദേവപ്രയാഗിലേക്കുള്ള യാത്രയിലായിരുന്നു ആ കാർ. ഇടയ്‌ക്കെവിടെയോ വണ്ടി നിന്നു. തണുപ്പും യാത്രാക്ഷീണവും മൂലം അഞ്ജലി പിൻസീറ്റി്ൽ ഉറക്കത്തിലായിരുന്നു.
‘കോഫി ചാഹിയേ മേംസാബ്?’ ഡ്രൈവർ പിൻസീറ്റിൽ തട്ടിക്കൊണ്ടു ചോദിച്ചു. അഞ്ജലി ഞെട്ടി എഴുന്നേറ്റു.
‘ഹാ, ലേലോ’ അവൾ പറഞ്ഞു.
ഡ്രൈവർ വഴിയോരത്തെ കോഫിഷോപ്പിൽ നിന്നും ഒരു കപ്പ് കാപ്പി അവൾക്കു കൊണ്ടുവന്നു കൊടുത്തു.അതു മെല്ലെ മൊത്തിക്കുടിച്ചുക്കൊണ്ടു അഞ്ജലി പുറത്തേക്കിറങ്ങി. അവൾ ഒരു ചുവന്ന സാരിയും കറുത്ത ബ്ലൗസുമാണ് ധരിച്ചിരുന്നത്. തണുപ്പകറ്റാനായി ഒരു കമ്പിളി ഷാൾ പുതച്ചിരുന്നു.നെറ്റിയിലും സീമന്തരേഖയിലും സിന്ദൂരം. മുടിയിഴകളിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടു നിന്ന വെളുത്ത മുടികൾ അവൾക്കു പ്രായമായി വരുന്നെന്ന് അറിയിച്ചു.പഴയ ഇരുപത്തിയൊന്നുകാരിയിൽ നിന്നു 36 വയസ്സിലേക്കുള്ള ജീവിതയാത്ര.
അഞ്ജലി ചുറ്റും നോക്കി. മഞ്ഞുപുതച്ചു കിടക്കുന്ന ഹിമശൈലങ്ങൾ. അവയ്ക്കിടയിലൂടെ ഒഴുകുന്ന ഭാഗീരഥിയും അളകനന്ദയും.അവ ദേവപ്രയാഗിൽ സംഗമിച്ച് പൂർണരൂപം കൈവരിക്കുന്നു. പിന്നെയവർ ഒഴുകുന്നതു ഗംഗയെന്ന പേരിലാണ്.
തന്റെ ജീവിതവും ഒഴുകുകയാണ്. പാറക്കെട്ടുകൾക്കിടയിലൂടെ. സംഗമസ്ഥാനമെത്താതെ….
അഞ്ജലി ഓർക്കുകയായിരുന്നു. 15 വർഷങ്ങൾ.
അപ്പുവില്ലാത്ത വർഷങ്ങൾ.
എന്തെല്ലാം സംഭവിച്ചു.അച്ഛമ്മയുടെ മരണമായിരുന്നു ആദ്യം.തന്റെ പ്രിയകൊച്ചുമകനെ കാണാതെ അവർ മരിച്ചു.അവസാനനിമിഷത്തിലും അപ്പുക്കുട്ടാ എന്നു വിളിച്ചുകൊണ്ടായിരുന്നു മരണം.
പിന്നെ ഹരികുമാരമേനോൻ. തനിക്കു പ്രിയപ്പെട്ട ഭർത്തൃപിതാവ്.പൂർണ ആരോഗ്യവാനായിരുന്ന അദ്ദേഹം എത്ര ദുഖം സഹിച്ചുകാണും.ഒരു ദിവസം പെട്ടെന്നു ഹാർട്ടറ്റാക്ക് വന്നു മരിച്ചു.
എത്ര നിർഭാഗ്യവാനായ അച്ഛൻ. മകനെ ഒരു നോക്കു കാണാൻ സാധിക്കാതെ, അന്ത്യകർമങ്ങൾ കിട്ടാൻ ഭാഗ്യമില്ലാതെ….
തന്റെ അച്ഛനായ കൃഷ്ണകുമാറും കിടപ്പിലാണ്. മകളുടെ ദുർഗതി കണ്ടു കണ്ട് വിഷമിച്ച്…..
എത്രപേരുടെ ജീവിതങ്ങളാണ് അപ്പുവിന്റെ തിരോധാനം മൂലം പൊലിഞ്ഞത്. എത്രപേർക്കു പ്രിയപ്പെട്ടവനായിരുന്നു അപ്പു.
ഇതൊക്കെ ഓർത്തപ്പോൾ അഞ്ജലിയുടെ മനസ്സിൽ അപ്പുവിനെക്കുറിച്ചു ദേഷ്യം ഉയർന്നെങ്കിലും പെട്ടെന്നവൾ സ്വയം ശാസിച്ചു.തന്നോടുള്ള അതിരറ്റ സ്‌നേഹമല്ലേ അവനെക്കൊണ്ട് ഈ കടും കൈ ചെയ്യിപ്പിച്ചത്.
എല്ലാം താനറിയുന്നത് വൈകിയാണ്. ആഴ്ചകൾക്കു മുൻപ്. അപ്പുവിന് ഒരു മനസ്സാക്ഷിസൂക്ഷിപ്പുകാരനായ കൂട്ടുകാരനുണ്ടായിരുന്നു. രോഹൻ. പക്ഷേ തനിക്കയാളെ അറിയുമായിരുന്നില്ല. അപ്പുവിന്റെ ചില കൂട്ടുകാരാണ് രോഹന്റെ കാര്യം പറഞ്ഞത്.എന്തുകാര്യങ്ങളും അവർ തമ്മിൽ പറയാറുണ്ടായിരുന്നത്രേ…