ജോലിത്തിരക്കുകൾ കൊണ്ടോ എന്തോ വീട്ടുകാരെ ഓർക്കണോ വീട്ടിലേക്ക് വിളിച്ചു പരദൂഷണം പറയാനോ എനിക്ക് സമയം കിട്ടിയില്ല.. മൂന്ന് സുന്ദരമായ ദിവസങ്ങൾ.ഡൽഹിയിലെ കാറ്റ് മുഖത്തടിക്കുമ്പോൾ എനിക്കാ ശ്വാസകോശം സ്പോഞ്ച് ആണ് ഓർമ്മ വരിക.അങ്ങനെ ഒരു വശപ്പിശകുള്ള കാറ്റും കൊണ്ട് ഫ്ലാറ്റിന്റെ കുഞ്ഞു ബാൽക്കണിയിൽ അപ്പുറത്തെ ഫ്ളാറ്റിലെ പഞ്ചാബി പെണ്ണിൻറെ സൗന്ദര്യം ഇങ്ങനെ ആസ്വദിച്ചു കൊണ്ടിരുന്നപ്പോഴാണ് അത് സംഭവിച്ചത്.(ഈ പഞ്ചാബി ഒരു മിടുക്കി കൊച്ചാണ് കേട്ടോ.ഹിന്ദി പഠിച്ചു വരുന്ന മുറയ്‌ക്ക് ഒന്നു മുട്ടി നോക്കണം)
ഫോണ് നിർത്താതെ റിങ് ചെയ്യുന്നു.. ഓ വീട്ടിലെ നമ്പർ.മൊബൈൽ ഒരു ആഡംബരമായി കരുതുന്നത് കൊണ്ട് അമ്മക് ഇന്നും ലാന്റ്ഫോണ് തന്നെ ശരണം..
“ഹലോ”..
ഇനി ഞാനും ഹലോ പറയണമായിരിക്കും,ശരി കീഴ്‌വഴക്കം ഒന്നും തെറ്റിക്കുന്നില്ല.
“ഹലോ അമ്മേ”
“നിനക്കൊന്നിവിടെ വരെ വിളിക്കാനും പാടില്ലേ ഉണ്ണീ”.
സംഭവം ന്യായം.
“തിരക്കല്ലേ അമ്മേ..എന്നെ ഇവന്മാർ പണിയെടുപ്പിച്ച് കൊല്ലും ന്നാ തോന്നുന്നെ”.
എന്റെ പ്രാക്ക് ദൈവങ്ങളെ,ബോസിന് ഒരു പണി ഇങ്ങനെയെങ്കിലും കിട്ടണെ എന്ന് പ്രാർത്ഥിച്ച് ഒരു ചൂണ്ട അങ്ങ് എറിഞ്ഞു..
“ഹോ ദുഷ്ടന്മാര്..ലീവൊന്നും കിട്ടുലെ മോനെ”..
ഉള്ളിൽ ഒരായിരം ലഡു പൊട്ടി.ഇത്ര നാളും വിളിക്കാത്ത വിഷമം ഒക്കെ ഒരു പരാതി കൊണ്ട് നേരിട്ട സന്തോഷം.ഇനി കളവു പറയാൻ മറ്റ് കാരണങ്ങൾ തിരയേണ്ടല്ലോ എന്ന ആഹ്ലാദം …വെറുതെയല്ല നമ്മൾ മലയാളികൾ ഇങ്ങനെ.അല്ലേ..
“കിട്ടൂല ഒറപ്പായും കിട്ടൂല”
..ഇത്തരം ഉറപ്പ് കൊടുക്കലിൽ ഞാൻ ഒരു ചെറിയ എക്‌സ്പെർട് തന്നെ.
“അയ്യോ അതിപ്പോ കഷ്ടയാല്ലോ”..
“എന്താ അമ്മേ കാര്യം”.
.ആശങ്കപ്പെടാൻ കാരണമുണ്ട്..വല്ല കല്യാണ കാര്യവും ആണെങ്കിലോ.നമ്മളായിട്ട് സ്വന്തം പാര പണിയണോ.