***********
പിന്നെയും വർഷങ്ങൾ കടന്നുപോയി +2 കഴിഞ്ഞു
2012 june 27 ഇന്നാണ് ഞാൻ ആ കോളേജ് ആദ്യമായി കാണുന്നത് അപ്പോഴും എന്റെ കൂടെ അവൻ ഉണ്ടായിരുന്നു,
“പൊന്നു മോനെ ഇവിടെയാണ് ഇനി 3കൊല്ലം ”
അവൻ അവന്റെ സന്തോഷം മുഴുവൻ പുറത്തു കാണിച്ചു
” ശരിയാ ഇനീപ്പോ എന്നും വീട്ടിൽ പോകണ്ട പഠിക്കു പഠിക്കു എന്നുള്ള വഴക്ക് കേക്കണ്ട എന്ത് സുഖമായിരിക്കും അല്ലെ ”
ഞാനും പറഞ്ഞു
കേറുമ്പോൾ തന്നെ കാണുന്നത് ഒരു തുരുമ്പെടുത്തു വീഴാറായ കോളേജ് ഗേറ്റ് ആണ്, GOVT.POLYTECHNIC COLLEGE k******m ആ ബോർഡിൽ കുറച്ചു നേരം നോക്കി നിന്നു,
റോഡിൽ മുഴുവൻ ഞാൻ അന്ന് ചെയ്ത പോലെ എഴുതി കൂട്ടിയിരിക്കുന്നു ചെറിയ മാറ്റങ്ങൾ മാത്രം ഞാൻ എഴുതിയിരുന്നത് രേഷ്മ എന്നായിരുന്നു എങ്കിൽ ഇവിടെ മുഴുവൻ പാർട്ടികളുടെ പേരാണ്, ഞാൻ എഴുതിയിരുന്നത് കല്ലു കൊണ്ടായിരുന്നു എങ്കിൽ ഇവിടെ അത് വൈറ്റ് സിമന്റ് ആയി
സൈഡിൽ ഉള്ള തണൽ മരങ്ങളിൽ മുഴുവൻ തോരണങ്ങൾ പോലെ പാർട്ടി കോടികൾ തൂങ്ങി കിടക്കുന്നു
കോളേജ് തുടങ്ങി ഒരാഴ്ച ആയതിനാലാവാം ഞങ്ങളെ പാർട്ടികളുടെ പേരിൽ സ്വീകരിക്കാൻ ആരും ഉണ്ടായിരുന്നില്ല,
ഗേറ്റ് കടന്നു പോകുമ്പോൾ വലതു ഭാഗത്തു കാന്റീൻ,
കാന്റീൻ കണ്ടപ്പോളെ ഉറപ്പിച്ചു ക്ലാസ്സിൽ ഇരിക്കുന്ന സമയത്തേക്കാൾ കൂടുതൽ ഇനി ഇവിടായിരിക്കും എന്ന്
കാന്റീനും കടന്നു കോളേജിന്റെ ഉള്ളിൽ കയറി ആദ്യം കണ്ട ചേട്ടനോട് HOD യുടെ റൂമിലേക്കുള്ള വഴി ചോദിച്ചു
“ചേട്ടാ ഈ മെക്കാനിക്കൽ ഡിപ്പാർട്മെന്റ് ഹെഡ് ന്റെ റൂം എവിടാ, ഞങ്ങൾ പുതിയ അഡ്മിഷൻ ആണ്’
” ആഹാ നിങ്ങൾ മെക്കാനിക്കൽ ആണോ, എന്താ നിന്റെ പേര് ”
ഞാനും അവനും പുള്ളിയോട് പേര് പറഞ്ഞു
” ഈ കാണുന്ന സ്റ്റെയർ കയറി മുകളിൽ ചെന്നാൽ ബോർഡ് കാണാം ”
ഞങ്ങൾ മെക്കാനിക്കൽ ആണെന്ന് പറഞ്ഞത് മുതൽ ഇയാൾ മസിലും പിടിച്ചാണ് സംസാരിക്കുന്നതു
“ശരി താങ്ക്സ് ചേട്ടാ ”