പെട്ടെന്നാണ് പിറകിൽ നിന്ന് ടീച്ചറെ ആരോ വിളിച്ചത്…”ഹലോ… മാഡം ”
അനിത ടീച്ചർ തിരിഞ്ഞു നോക്കി … ‘ആ കൊമ്പൻ മീശക്കാരൻ പോലീസ് ‘
” ദേ ” അയാൾ അവിടെയുള്ള ഒരു മരം ചൂണ്ടി കാണിച്ചു…”
ടീച്ചർ ധൃതിയോടെ ആ മരത്തിനടുത്തേക്ക് ഓടി…. അനിത ടീച്ചറുടെ കണ്ണുകളിൽ പ്രകാശം പടർന്നു…
‘മരത്തിന്റെ ചുവട്ടിൽ കൂനിയിരിക്കുന്ന മോനുട്ടൻ….
വേഗം ടീച്ചർ അവനെ പിടിച്ച് എഴുന്നേൽപ്പിച്ചു…. അവന്റെ ഷർട്ടിൽ തുമ്പിലൂടെ ഒഴുകുന്ന മഴ തുള്ളികൾ കണ്ടാൽ അറിയാം, ഇന്ന് പെയ്ത മഴ മുഴുവൻ അവൻ കൊണ്ടിരിക്കുന്നു…
കരഞ്ഞു കൊണ്ട് മോനുട്ടൻ ടീച്ചറെ കെട്ടിപ്പിടിച്ചു… സന്തോഷമോ അതോ സങ്കടമോ ടീച്ചറും കരയുന്നുണ്ടായിരുന്നു…
” മോനുട്ടൻ എന്തേ ഇവിടെ വന്നിരുന്നത്… ടീച്ചർ പേടിച്ചു പോയില്ലെ?
അനിത ടീച്ചർ വിക്കി വിക്കി പറഞ്ഞു…
” അ …..അയാ…. അയാള് ചീത്ത പറഞ്ഞു…” അത് പറയുംമ്പോൾ അവന്റെ പല്ലുകൾ കൂട്ടിയിടിക്കുന്നുണ്ടായിരുന്നു…
“എന്തിന് ” ടീച്ചറുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു…
മൗനമായിരുന്നു മോനുട്ടന്റെ ഉത്തരം…
അനിത ടീച്ചർ അവന്റെ കൈയ്യും പിടിച്ച് ആ പോലീസ്കാരന്റെ അടുത്തേക്ക് നടന്നു…
“ടോ… താൻ എന്തിനാ കൊച്ചിനെ വഴക്ക് പറഞ്ഞേ …. ”
സൗമ്യനായിരുന്ന അയാളുടെ മുഖം പെട്ടെന്ന് മാറി… അയാൾ തന്റെ കൊമ്പൻ മീശ ഒന്ന് പിരിച്ചു കൊണ്ട് മോനുട്ടനെ നോക്കി…
അവൻ ടീച്ചറെ പിന്നിൽ ഒളിച്ചു…
” മന്ത്രീടെ കാറിലെ കൊടി പറിച്ചുരാൻ നോക്കിയാ പിന്നെ ഞാൻ എന്ത് ചെയ്യാനാ…” അയാൾ ശബ്ദം കനപ്പിച്ചു പറഞ്ഞു…
ടീച്ചർ മോനുട്ടനെ ഒന്ന് നോക്കി… അവന്റെ തല താഴ്ന്ന് തന്നെ നിന്നു…
” സോറി… സുഖമില്ലാത്ത കുട്ടിയാ… ” ടീച്ചർ ഒരു വിധം പറഞ്ഞാപ്പിച്ചു…
“ഹം… വേഗം … കൊച്ചിന്റെ തല തോർത്തി കൊട്…ഇല്ലേൽ വല്ല ജ്വരവും വരും… ” അതും പറഞ്ഞ് അയാൾ നടന്നകന്നു…