അനിത ടീച്ചർ മോനുട്ടനെ പുറത്തെ കസേരയിൽ കൊണ്ടിരുത്തി….
“എങ്ങും പോവ്വാതെ ഇരുന്നോണം… ടീച്ചർ ഉടനെ കണ്ടേച്ചും വരാട്ടോ?
അവന്റെ മുഖം പേടി കൊണ്ട് നിറഞ്ഞിരുന്നു…
“ന്ദേ… പുറത്തോട്ടൊന്നും ഇറങ്ങിപ്പോയേക്കരുത് … മഴ കൊണ്ടാൽ പനി പിടിക്കും… അതോണ്ട് ഇവിടെ തന്നെ ഇരിക്കണം …. ട്ടോ ”
ടീച്ചർ വാത്സല്യത്തോടെ അവന്റെ ചെവിയിൽ പറഞ്ഞു…
” എനിക്ക് പേടിയാ…” പുറത്ത് നിൽക്കുന്ന പോലീസുകാരനെ നോക്കി അവൻ മെല്ലെ പറഞ്ഞു…
“അയ്യേ… എന്തിന്… കള്ളന്മാരാണ് പേലീസിനെ പേടിക്കേണ്ടത്… മോനുട്ടനെ ഒന്നും ചെയ്യൂല ട്ടോ… ടീച്ചർ പോയിട്ട് ശ്ശടേന്ന് ഇങ്ങ് വരാം ട്ടോ… ”
പേടിയോടെ ആണേലും അവൻ തലയാട്ടി…
അവന്റെ മുഖം കണ്ടിട്ട് ടീച്ചർക്ക് പോവ്വാൻ തോന്നിയില്ലെങ്കിലും ടീച്ചർ അവന്റെ തലയിൽ ഒന്ന് തഴുകി കൊണ്ട് നടന്നകന്നു…
രണ്ട് , മൂന്ന് ആൾക്കാരെ വിളിച്ചിട്ടാണ് ടീച്ചറെ വിളിച്ചത് … മന്ത്രിയെ കണ്ട് കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞു… സ്കൂളിന്റെ ഇപ്പോഴേത്തെ അവസ്ഥയും, കുട്ടികളുടെ സുരക്ഷയും എല്ലാം മന്ത്രിയെ നന്നായി പറഞ്ഞ് മനസ്സിലാക്കി ….
‘കാര്യ ഗൗരവം മനസ്സിലാക്കിയ മന്ത്രി എത്രയും പെട്ടെന്ന് കെട്ടിടം പണിയാനുള്ള ഫണ്ട് അനുവദിക്കാൻ വകുപ്പ് സെക്രട്ടറിക്ക് കൊടുക്കാൻ ഒരു ഓർഡറും പാസ്സാക്കി…
പക്ഷേ സെക്രട്ടറി ഇന്ന് ലീവിലാണെത്ര… മന്ത്രിയുടെ പി.എ. പറഞ്ഞുപ്പോഴാണ് കാര്യം അറിഞ്ഞത്…അപ്പോൾ നാളെയെ കൊടുക്കാൻ പറ്റുള്ളു… ടീച്ചർ മനസ്സിൽ പറഞ്ഞു…
മന്ത്രിയുടെ പി.എ. യെ കൊണ്ട് നാളത്തെ അപ്പോയിന്റ് മെൻറ് എടുപ്പിച്ചു…
എല്ലാം കഴിയുംമ്പോഴേക്കും സമയം നാല് മണി… ടീച്ചർ ധൃതിയോടെ പുറത്തേക്ക്… ….
അനിത ടീച്ചർ പുറത്തിറങ്ങി …. ചുറ്റും നോക്കി… മോനുട്ടനെ അവിടെങ്ങും
കാണാനില്ല… ടീച്ചറുടെ മുഖത്ത് പേടി മിന്നി മറഞ്ഞു.. വെപ്രാളമോ അതോ പേടിയോ… ടീച്ചർ ധൃതിയിൽ ചുറ്റും നോക്കി… പുറത്താണെങ്കിൽ കനത്ത മഴ… ടീച്ചറുടെ കണ്ണുകൾ പുറത്തെ റോഡിലേക്ക് പാഞ്ഞു… പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കാണാൻ കഴിയാത്ത അത്ര മഴയാണ് പുറത്ത് …. “ഈശ്വരാ …..” ടീച്ചറെ നെഞ്ചൊന്ന് പിടിഞ്ഞു… ടീച്ചർ മഴയിലേക്ക് ഇറങ്ങി… ‘എങ്ങും ഇല്ല… ‘ രണ്ടു മൂന്ന് പ്പേരോടായി അന്വേഷിച്ചു …. നിരാശയായിരുന്നു ഫലം…. നിറഞ്ഞ കണ്ണുകളോടെ ടീച്ചർ അറിയാതെ തന്നെ മഴ വെള്ളം കുത്തിയൊലിക്കുന്ന ഇറയത്ത് ഒരു തളർന്ന യന്ത്രമെന്നോണം ഇരുന്നു…