“ഓ… ഒരു സുന്ദരൻ വന്നിരിക്ക്ണു ” ടീച്ചർ അവനെ കണ്ണാടിടെ മുന്നിൽ നിന്ന് മാറ്റി കൊണ്ട് പറഞ്ഞു…
” ഇതൊക്കെ പെൺപിള്ളേർക്ക് പറഞ്ഞിറ്റുള്ളതാ..നീ അവിടെ പോയി ഇരിക്ക് … ”
അതും പറഞ്ഞ് ടീച്ചർ കണ്ണെഴുതാൻ തുടങ്ങി…
” ടീച്ചറെ… അപ്പോ ഈ ആൺപ്പിള്ളേർക്ക് പറഞ്ഞിറ്റുള്ളത് എന്താ..?”
” ആനമുട്ട ” ടീച്ചർ കുലുങ്ങി ചിരിച്ചു കൊണ്ട് പറഞ്ഞു…
” പറ…. ടീച്ചറെ… ഈ ടീച്ചറൊന്നും പറഞ്ഞ് തരൂലാ…” മോനുട്ടൻ ഒന്ന് ഇടഞ്ഞു…
” അതൊക്കെ… പിന്നെ പറഞ്ഞ് തരാം ട്ടോ..
ഇപ്പോ… നീ … നടക്ക് … ഇല്ലേൽ മന്ത്രി മന്ത്രീടെ പാട്ടിന് പോകും… ”
” മന്ത്രി പാടുവോ?” മോനുട്ടൻ വീണ്ടും നെറ്റിചുളിച്ചു…
അനിത ടീച്ചർ അവന്റെ വാ.. പൊത്തി …. ” ന്റെ പൊന്നു മോനുട്ടാ ..നീ മിണ്ടാതെ എന്റെ കൂടെ വന്നാ മതി…. ” ടീച്ചർ തറപ്പിച്ചു പറഞ്ഞു…
ഒരു ഓട്ടോ പിടിച്ച് അനിത ടീച്ചറും, മോനുട്ടനും സെക്രട്ടറിയേറ്റിൽ എത്തി വേണു മാഷ് പറഞ്ഞ ആളേം കണ്ട് മന്ത്രിയുടെ ഓഫീസിന് മുന്നിലെത്തി… അവര് എത്തിയപ്പോ തന്നെ അവിടെ ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു… കിട്ടിയ ഒരു കസേരയിൽ ടീച്ചർ ഇരുന്നു.. മോനുട്ടനെ ടീച്ചർ തന്റെ മടിയിലിരിത്തി… അവിടെ രണ്ട് പോലീസുകാരെ കണ്ടതോണ്ട് മോനുട്ടൻ യാതൊരു ശല്യവും ഇല്ലാതെ തന്നെ ടീച്ചറെ മടിയിൽ തന്നെ ഇരുന്നു…
കുറച്ച് സമയം കഴിഞ്ഞ് മന്ത്രിയുടെ പി.എ വന്നു പറഞ്ഞു…” ഇനി ഉള്ളവർ ഉച്ചയ്ക്ക് ശേഷം മന്ത്രീടെ ഗസ്റ്റ് ഹൗസിൽ വന്ന് കണ്ടാ മതി … മന്ത്രിയ്ക്ക് ഒരു അടിയന്തര യോഗത്തിൽ പങ്കടുക്കാനായി ഇപ്പം പോവ്വേണ്ടതുണ്ട് ”
സത്യം പറഞ്ഞാൽ ടീച്ചർക്ക് ദേഷ്യമാണ് വന്നത്… ഇത്രം കഷ്ട്ടപ്പെട്ട് വന്നിട്ട് ……
തലസ്ഥാനത്തെ കാഴ്ച്ചകളൊക്കെ കണ്ട് മോനുട്ടന്റെ ഇഷ്ട ഭക്ഷണം ചിക്കൻ ബിരിയാണിയൊക്കെ കഴിച്ച് ഇരുവരും ഒരു മണി ആയപ്പോഴേക്കും മന്ത്രിയുടെ ഗസ്റ്റ് ഹൗസിലെത്തി…
മുന്നിൽ തന്നെ നിൽക്കുന്നു… ഒരു കൊമ്പൻ മീശയുമൊക്കെ ആയിട്ട് ഒരു പോലീസുകാരൻ … മൂപ്പരെ കണ്ടതും മോനുട്ടൻ ടീച്ചറെ ചാരി ഒളിച്ചു… വന്ന ചിരി ഉള്ളിലൊതുക്കി ടീച്ചർ അവനെ ചേർത്ത് നിർത്തി… പുറത്ത് നല്ല മഴയാണ് … ഇരുവരും മഴയെ ആസ്വദിച്ചങ്ങനെ നിന്നു…
കുറച്ച് കഴിഞ്ഞ് ഒരു സ്റ്റാഫ് വെളിയിൽ വന്നു……
” കാണാൻ ഉള്ളവർ ചെല്ലാൻ പറഞ്ഞു ”
ടീച്ചർ മോനുട്ടനെയും കൂട്ടി അകത്തേക്ക് കടന്നതും… പെട്ടെന്ന് മോനുട്ടനെ അയാൾ തടഞ്ഞു…
“സാറെ കാണാനായി ഒരാൾക്കെ പ്രവേശനമുള്ളു… കൂടെ വന്നവർ വെളിയിൽ നിൽക്കണം ”
ടീച്ചർ ഒന്ന് പരിഭ്രമിച്ചു…” സുഖമില്ലാത്ത കുട്ടിയാണ് ” ടീച്ചർ പറഞ്ഞു നോക്കി …
” സോറി… മാഡം… ചില സുരക്ഷ നിയമങ്ങൾ ഉണ്ട് …അത് കൊണ്ടാണ് ”