“ആഹ്…വരാം ..അതുക്കും മുന്നാടി കുതിരയെ ഒന്ന് തൊടട്ടെ ”
ഞാൻ കുതിരക്കാരനോടായി പയ്യെ ചോദിച്ചു . അതിനു അങ്ങേരും സമ്മതിച്ചു . അതോടെ ഞാൻ റോസിമോളെയും എടുത്തു കുതിരയുടെ അടുത്തേക്ക് നീങ്ങി .
“ദൈര്യമാ തൊടു സാർ…”
അയാൾ എന്നെ നോക്കി പറഞ്ഞു . പിന്നെ കുതിരയുടെ കഴുത്തിലെ വള്ളിയിൽ പിടിച്ചു . അതോടെ ഞാൻ റോസിമോളെ അതിനു അടുത്തേക്ക് നീക്കി .
“വേഗം തൊടടി പൊന്നുസേ..”
ഞാൻ പെണ്ണിനെ നോക്കി ചിരിച്ചു . അതോടെ അവള് ഒച്ചവെച്ചു ആവേശത്തോടെ കുതിരയുടെ നെറ്റിയിലും മുഖത്തുമൊക്കെ തഴുകി . കൊച്ചു കുട്ടി ആയൊണ്ടോ എന്തോ കുതിര പോലും അത് ആസ്വദിച്ചു എന്ന് തോന്നി .അത് അനുസരണയോടെ നിന്നുതന്നു . പക്ഷെ ഇടക്കു അതൊന്നു തുമ്മിയ പോലെ ചീറ്റിയതും റോസിമോള് ഒന്ന് ഞെട്ടിക്കൊണ്ട് എന്റെ തോളിലേക്ക് ചാഞ്ഞു . പിന്നെ പുരികം ചുളിച്ചുകൊണ്ട് എന്നെ നോക്കി .
“ഹ ഹ ..പെണ്ണ് ….പേടിച്ചു പേടിച്ചു പാവം …”
റോസ്‌മോളുടെ ഭാവം കണ്ടു അഞ്ജു പെണ്ണിനെ കളിയാക്കി .
“ഹി ഹി…”
ഞാനും അതുകേട്ടു ചിരിച്ചു അവളുടെ പുറത്തു തട്ടി . പിന്നെ ഞങ്ങൾ എല്ലാവരും കൂടി കുതിരവണ്ടിയിൽ കയറി അടിവാരം മൊത്തം ചുറ്റി .അതിലൂടെ പോകുമ്പോൾ പഴനിമലയുടെ വ്യൂ നല്ല അടിപൊളി ആയിട്ട് കാണാം . ഒടുക്കം സവാരി അവസാനിപ്പിച്ച് ഒരു ഭാഗത്തായി ഇറങ്ങി ,പറഞ്ഞ പൈസയും കൊടുത്ത ശേഷം ഞങ്ങള് ചുമ്മാ കാഴ്ചകൾ ഒക്കെ കണ്ടു നടന്നു . വഴിയരികിൽ കണ്ട ഉപ്പിലിട്ട ചില സാധനങ്ങൾ ഒക്കെ അഞ്ജുവും കീർത്തനയും വാങ്ങി കഴിച്ചു . അങ്ങനെ സ്വല്പ നേരം ഞങ്ങൾ പുറത്തൊക്കെ ഒന്ന് ചുറ്റിക്കറങ്ങി തിരികെ റൂമിലേക്ക് തന്നെ മടങ്ങി .