“ആഹ്..ബൂ ബൂ …കടിക്കും കടിക്കും ..’
ഞാൻ അവളെ നോക്കി ചിരിച്ചു . അപ്പോഴേക്കും പെണ്ണ് ഏതോ ടോയ്‌സ് വിൽക്കുന്ന കടയിലേക്കു നോക്കി ബഹളം വെക്കാൻ തുടങ്ങി . അവിടെ തൂങ്ങുന്ന എന്തൊക്കെയോ അവൾക്കു വേണം എന്ന് സാരം ! പക്ഷെ അതൊക്കെ ഒരു ദിവസം പോലും പെണ്ണ് മര്യാദക്ക് ഉപയോഗിക്കില്ല. ഒക്കെ തല്ലിപൊട്ടിക്കും .
“ചാ ചാ ..ചാ ച്ച..ദാ ദാ..ഹ്ഹ് ..ദാ”
അവള് അവിടേക്ക് ചൂണ്ടിക്കൊണ്ട് എന്നെ നോക്കി ബഹളം വെച്ചു .
“മിണ്ടല്ലെടി ..ആള്ക്കാര് കേക്കും …’
ഞാൻ അവളുടെ സ്വഭാവം ഓർത്തു കണ്ണുരുട്ടി ചിരിച്ചു . പക്ഷെ അവള് അവിടെ എന്തോ കണ്ടു വെച്ചിട്ടുണ്ട് . അതുകൊണ്ട് ബഹളം നിർത്തുന്നില്ല.
“പോകുമ്പോ വാങ്ങിക്കാടി ..ഒന്നടങ് പെണ്ണെ ”
ഞാൻ അവളുടെ കവിളിൽ മുത്തികൊണ്ട് ചിരിച്ചു . ഞാൻ സ്വല്പം പുറകിൽ ആയതുകൊണ്ട് മുൻപേ നടക്കുന്നവർ ഒന്നും എന്നെ ശ്രദ്ധിക്കുന്നില്ല. ഇടക്ക് അമ്മയും ശൈലജ ചെറിയമ്മയും ഒക്കെ ഒന്ന് തിരിഞ്ഞു നോക്കും ..ഞാൻ കൂടെ തന്നെ ഇല്ലേ എന്ന് ഉറപ്പിക്കാൻ !
ഏറ്റവും മുൻപിലായി നടക്കുന്നത് മഞ്ജുസും അഞ്ജുവും കീർത്തനയും അശ്വതിയും ഒക്കെയാണ് . ആദിയെ എടുത്തുനടക്കുന്നത് അഞ്ജു ആണ് .അവര് കലപില സംസാരിച്ചുകൊണ്ടാണ് നടത്തം . എല്ലാവരും കാണാൻ നല്ല ലുക്ക് ഉള്ള ടീം ആയതുകൊണ്ട് വഴിയേ നടക്കുന്ന ഞെരമ്പന്മാർ ഒക്കെ അവരെ ശ്രദ്ധിക്കുന്നുമുണ്ട് .
“പാവം..ന്റെ പൊന്നൂസ് ..ഈ മുടി ഒക്കെ ഇപ്പൊ പോവൂടി പെണ്ണെ .. ”
എന്റെ കവിളിൽ അടിച്ചു രസിക്കുന്ന അവളുടെ മുടിയിൽ തഴുകികൊണ്ട് ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .പക്ഷെ അവൾക്കു അതൊന്നും മനസിലാകാത്തതുകൊണ്ട് ഒന്ന് കുണുങ്ങി ചിരിക്കുക മാത്രം ചെയ്തു . ഒരു വെളുത്ത ഉടുപ്പ് ആണ് റോസ്‌മോളുടെ വേഷം . പുരികവും കണ്ണും എഴുതിയത് ഒഴിച്ചാൽ ചുന്ദരിക്ക് വേറെ മേക്ക്അപ് ഒന്നുമില്ല . കാതിൽ ഒരു സ്വർണ കമ്മൽ ഒഴിച്ചാൽ വേറെ ആഭരണം ഒന്നും ഇല്ല. കാലിൽ പാദസരം പോലും പെണ്ണിന് ഇല്ല.
ഇല്ലാത്തതല്ല ഇട്ടുകൊടുത്തിട്ടില്ല !
അതിനിടക്ക് എന്റെ അടുത്തേക്ക് ഒരു ട്രാൻസ്‌ജെൻഡർ ടീം കൈകൊട്ടി , അരകെട്ടൊക്കെ ഇളക്കികൊണ്ട് പാട്ടുംപാടി വന്നു വളഞ്ഞു . ഇത് ഈയിടെയായി പഴനിയിൽ ഉള്ള ഒരു ഏർപ്പാട് ആണ് . പൈസ കിട്ടാൻ വേണ്ടി അവര് നമ്മുടെ അടുത്ത് വന്നു ഓരോന്നൊക്കെ പറയും . ചെലപ്പോ ദേഹത്തൊക്കെ ഒന്ന് തൊടും , തൊണ്ടും അത്ര തന്നെ …