മഞ്ജുസ് അതുകേട്ടു പുഞ്ചിരിച്ചുകൊണ്ട് എന്റെ ചുണ്ടിൽ മുത്തി .
“അപ്പൊ ഗുഡ് നൈറ്റ് ”
അവളെന്റെ കവിളിൽ കൈത്തലം കൊണ്ട് തട്ടി പയ്യെ പറഞ്ഞു . ഞാൻ തിരിച്ചും .
പിറ്റേന്നത്തെ ദിവസം കൂടി ഞാൻ വീട്ടിൽ ഉണ്ടായിരുന്നു . എന്നാൽ അന്നത്തെ ദിവസം ഞാൻ അധിക നേരം വീട്ടിൽ തന്നെ കൂടാതെ അമ്മയുടെ തറവാട്ടിൽ ഒന്ന് പോയി .മഞ്ജുസിനെയും പിള്ളാരെയും കൊണ്ട് തന്നെയാണ് പോയത് .
ആദ്യം പതിവുപോലെ കൃഷ്ണൻ മാമയുടെ വീട്ടിൽ ആണ് പോയത് .ചെല്ലുന്ന കാര്യമൊന്നും അറിയിച്ചില്ലായിരുന്നെങ്കിലും ഞായറാഴ്ച ആയതുകൊണ്ട് കൃഷ്ണൻ മാമ ഉമ്മറത്തെ കസേരയിൽ തന്നെ ഉണ്ടായിരുന്നു . ഞങ്ങളുടെ കാർ ഗേറ്റു കടന്നപ്പോൾ തന്നെ പുള്ളിക്ക് ആളെ പിടികിട്ടി .
അമ്മായിയും വീണയും കൂടി അറിഞ്ഞോട്ടെ എന്നുകരുതി ഞാൻ കാറിന്റെ ഹോൺ ഒന്ന് രണ്ടുവട്ടം മുഴക്കിക്കൊണ്ട് മുറ്റത്തേക്ക് കയറ്റി നിർത്തി . കാർ നിർത്തി ഞാനാണ് ആദ്യം ഇറങ്ങിയത് . മുൻസീറ്റിൽ തന്നെ ഇരുന്നിരുന്ന മഞ്ജുസിന്റെ മടിയിലായി ആദിയും റോസ്‌മോളും കൂടി ഉണ്ടായിരുന്നതുകൊണ്ട് അവൾക്ക് ഇറങ്ങാൻ പറ്റുമായിരുന്നില്ല .അതുകൊണ്ട് ഞാൻ ഇറങ്ങി മറുവശത്തു ചെന്ന് ഡോർ തുറന്നു ആദിയെ അവളുടെ മടിയിൽ നിന്നും എടുത്തുമാറ്റി .
അതോടെ റോസിമോളെയും തോളിൽ ഇട്ടുകൊണ്ട് മഞ്ജുവും ഇറങ്ങി .അപ്പോഴേക്കും മോഹനവല്ലി അമ്മായിയും വീണയും ശബ്ദം കേട്ട് ഉമ്മറത്തേക്ക് എത്തിയിരുന്നു .
“ആഹാ…ഇതാരൊക്കെയാ ഇത് …”
ഞങ്ങളെ കണ്ട അമ്മായി മൂക്കത്തു വിരൽ വെച്ചു.
“പറഞ്ഞപോലെ നീയെന്താ കണ്ണാ ഒരു മുന്നറിയിപ്പും ഇല്ലാതെ ?”
കസേരയിൽ ഇരുന്ന കൃഷ്ണൻ മാമയും എന്നെ നോക്കി ചിരിച്ചു .
“ചുമ്മാ…”
ഞാൻ ചിരിച്ചുകൊണ്ട് ആദിയെയും എടുത്തു ഉമ്മറത്തേക്ക് കയറി .
“എടാ ചക്കരെ വാടാ …”
എന്റെ തോളിലിരുന്ന ആദിയെ കണ്ടതും വീണ ചിണുങ്ങിക്കൊണ്ട് അവനു നേരെ കൈനീട്ടി .
“പോക്കോടാ..”
ഞാൻ അവനെ വീണയുടെ അടുത്തേക്ക് ചെരിച്ചുകൊണ്ട് പയ്യെ പറഞ്ഞു . അതോടെ ആദി വീണയുടെ അടുത്തേക്ക് ചാടി .അപ്പോഴേക്കും മഞ്ജുവും ഉമ്മറത്തേക്ക് കയറിയിരുന്നു .
“മഞ്ജുവിന് സുഖം അല്ലെ മോളെ ? ”
കയറി വന്ന മഞ്ജുസിന്റെ കൈപിടിച്ചുകൊണ്ട് അമ്മായി തിരക്കി .
“ഓഹ് ..സുഖം ആണ് ആന്റി …”
മഞ്ജുസ് ചിരിച്ചുകൊണ്ട് മറുപടി നൽകി. പിന്നെ കൃഷ്ണൻ മാമയെ നോക്കി ഒന്ന് പുഞ്ചിരിച്ചു .
“മഞ്ജു ചേച്ചി ഒന്നുടെ മെലിഞ്ഞല്ലോ …”
മഞ്ജുവിന്റെ രൂപം കണ്ടു വീണ അടിമുടി ഒന്ന് നോക്കി .
“ആണോ ?”