അച്ഛൻ പറയുന്നതൊക്കെ കേട്ട് ഞാൻ റോസിമോളെയും തോളത്തിട്ടു തിണ്ണയിൽ ഇരുന്നു . ഇടക്കെപ്പോഴോ മോള് ഉറങ്ങിപോവുകയും ചെയ്തു .
“ഡാ മോള് ഉറങ്ങിന്നു തോന്നുന്നു..നീ അതിനെ കൊണ്ട് കിടത്ത് ”
എന്റെ തോളിൽ കിടക്കുന്ന റോസിമോളെ നോക്കികൊണ്ട് അച്ഛൻ നെഞ്ചുഴിഞ്ഞു .
“ഹ്മ്മ് …”
ഞാൻ മൂളികൊണ്ട് അതോടെ അവിടെ നിന്നും എഴുനേറ്റു .
“പിന്നെ നിന്റെ ടീച്ചറുടെ അച്ഛൻ വിളിച്ചിരുന്നു …”
ഞാൻ എഴുന്നെറ്റതും എന്തോ ഓർത്തെന്ന പോലെ അച്ഛൻ പറഞ്ഞു .
“എന്തിനു ?”
ഞാൻ പെട്ടെന്ന് തിരിഞ്ഞു പുള്ളിയെ നോക്കി .
“വിശേഷം ഒക്കെ അവള് പറഞ്ഞോളും…”
അച്ഛൻ പയ്യെ ചിരിച്ചുകൊണ്ട് എന്നോട് പൊക്കോളാൻ പറഞ്ഞു .
“ഓഹ്”
ഞാൻ അതുകേട്ടു ഒന്ന് പയ്യെ മൂളി . പിന്നെ റോസിമോളെയും എടുത്തു റൂമിലേക്ക് നടന്നു .
റൂമിലെത്തിയതും ഉറങ്ങിത്തൂങ്ങിയ മോളെ ഞാൻ അവളുടെ തൊട്ടിലിലേക്ക് കിടത്തി. പിന്നെ ബെഡിലേക്കിരുന്നുകൊണ്ട് മഞ്ജുസ് വരാൻവേണ്ടി കാത്തിരുന്നു . സ്വല്പം കൂടി കഴിഞ്ഞതോടെ ആദിയെയും തോളിലിട്ടുകൊണ്ട് അവള് വന്നു . ചെറുക്കനെ തൊട്ടിലിൽ കിടത്തിയ ശേഷം നേരെ ബെഡിലേക്ക് വലിഞ്ഞു കയറി .
ഞാൻ എല്ലാം നോക്കി ക്രാസിയിൽ ചാരി ഇരിപ്പുണ്ട് .
“നിന്റെ തന്തപ്പടി എന്തിനാ വിളിച്ചേ ?”
അടുത്തേക്ക് വന്ന മഞ്ജുസിനോടായി ഞാൻ തിരക്കി .
“ചുമ്മാ…ഞാൻ മോളല്ലേ …വിശേഷം ഒക്കെ അറിയാൻ വേണ്ടി വിളിച്ചതാ”
മഞ്ജുസ് എന്നെയൊന്നു ആക്കികൊണ്ട് എന്റെ മടിയിലേക്ക് ചാഞ്ഞു . പിന്നെ എന്റെ മടിയിൽ തലവെച്ചുകൊണ്ട് മലർന്നു കിടന്നു എന്നെ കണ്ണുമിഴിച്ചു നോക്കി .
“തമാശിക്കല്ലേ …”
അവളുടെ മറുപടി കേട്ട് ഞാൻ മുഖം വക്രിച്ചു .
“എന്താ…നിനക്ക് മാത്രേ തമാശിക്കാൻ പാടുള്ളോ ? ഞാനും കൂടി നോക്കട്ടെന്നെ ..”
മഞ്ജുസ് ചിരിച്ചുകൊണ്ട് എന്റെ വയറിൽ കയ്യെത്തിച്ചു തോണ്ടി .
“ചുമ്മാ കളിക്കാതെ പറയെടി ….”
അവളുടെ പെരുമാറ്റം കണ്ടു ഞാൻ ഒന്ന് ചൂടായി .
“സൗകര്യമില്ല ….”
മഞ്ജുസ് അതുകേട്ടു ആരോടെന്നില്ലാതെ പറഞ്ഞു .
“എപ്പോ ഉണ്ടാവും ?”
ഞാൻ അവളെ നോക്കി പുച്ഛഭാവം നടിച്ചു .