“ആഹാ..നീയാണോ …ഞാനും തന്നെ ഈ പെണ്ണ് എന്തിനാ കിടന്നു ബഹളം വെക്കുന്നെ എന്ന് വിചാരിച്ചു ”
അവളുടെ ബഹളത്തിന്റെ അർഥം മനസിലായ പോലെ അമ്മച്ചി ചിരിച്ചു .
“എന്താടാ ഈ നേരത്ത് ?അല്ലെങ്കിൽ നീ നട്ടപ്പാതിരക്കു ആണല്ലോ വന്നു കേറുന്നത് ?”
എന്റെ പ്രതീക്ഷിക്കാത്ത വരവ് കണ്ടു അമ്മച്ചി ചോദിച്ചു..
“ഒന്നും ഇല്ല…ഒരു ചേഞ്ച് ഒകെ വേണ്ടേ ”
ഞാൻ അമ്മയെ നോക്കി കണ്ണിറുക്കി . പിന്നെ റോസ്‌മോളുടെ മൂക്കിന് തുമ്പിൽ എന്റെ മൂക്കുകൊണ്ട് ഉരുമ്മി .
“ചു ചു ചു ….ഉമ്മ്ഹ..താ ..ചാച്ചന് ഉമ്മ താ ”
ഞാൻ അവളെ നോക്കി ചിണുങ്ങി ഉമ്മവെക്കുന്ന പോലെ കാണിച്ചു . അതോടെ കാര്യം മനസിലായ പെണ്ണ് എന്റെ ചുണ്ടത്ത് അവളുടെ കുഞ്ഞി ചുണ്ട് പയ്യെ മുട്ടിച്ചു കൈകൊട്ടി ചിരിച്ചു .
“ഹി ഹി ഹി…ചാ ച്ചാ..ഹി ഹി”
ഉമ്മവെച്ചു മാറികൊണ്ട് അവളെന്റെ മുഖത്ത് ഇടം കൈകൊണ്ട് തഴുകി രസിച്ചു .
“എന്താടി തപ്പി നോക്കുന്നെ ..ഞാൻ തന്നെയാ ”
അവളുടെ ഭാവം കണ്ടു ഞാൻ ചിരിച്ചു . പിന്നെ പെണ്ണിനേയും എടുത്തുകൊണ്ട് സോഫയിലേക്കിരുന്നു . എന്റെ അമ്മച്ചി അതെല്ലാം നോക്കി മന്ദഹാസം പൊഴിക്കുന്നുണ്ട് .
“നിനക്കു ചായ വേണോടാ ?”
അമ്മ എന്നോടായി തിരക്കി .
“ഇനി ഇപ്പൊ വേണ്ടമ്മാ..ഊണ് കഴിക്കാറായില്ലേ ”
ഞാൻ ക്ളോക്കിലോട്ടു നോക്കിക് പയ്യെ പറഞ്ഞു .
“ഹ്മ്മ്….”
അതുകേട്ടു അമ്മച്ചിഗൗരവത്തിൽ മൂളി .
“എന്താ മീൻ ?”
ഞാൻ അമ്മയെ നോക്കി പുരികം ഇളക്കി .
“മത്തി …”
എന്റെ ചോദ്യം കേട്ട് അമ്മച്ചി ചിരിയോടെ മറുപടി നൽകി . ചോറ് കഴിക്കാൻ പറഞ്ഞാൽ ഞാൻ ആദ്യം മീനിന്റെ കാര്യം ആണ് അന്വേഷിക്കാറ് , അതോർത്താവും പുള്ളിക്കാരി ചിരിച്ചത് !
“എന്നും ഇത് തന്നെ ആണല്ലോ ”
ഞാൻ അതുകേട്ടു ആരോടെന്നില്ലാതെ പറഞ്ഞു .
“ഇവിടെ കൊണ്ട് വരുന്നതല്ലേ വാങ്ങാൻ പറ്റൂ..”
എന്റെ മറുപടി കേട്ട് അമ്മച്ചി വീണ്ടും ചിരിച്ചു .പിന്നെ അടുക്കളയിലേക്ക് തന്നെ മടങ്ങി . അതോടെ ഞാൻ റോസിമോളെയും എടുത്തു മുകളിലെ റൂമിലേക്ക് പോയി .