ഇവിടെ അങ്ങനെ പരിചയമുള്ള ആരും ഉണ്ടാകാറില്ല…അല്ലെങ്കിലും ഇവിടെ വരുന്നതിന്റെ ഉദേശം പണ്ടൊക്കെ പൂരപറമ്പിൽ പോകുന്നതിന്റെ തന്നെ ആയിരുന്നു…
വായ്‌നോട്ടം അല്ലാതെന്താ… പക്ഷേ ഇത്രേം കാലത്തിന്റെ ഇടക്ക് ഇവിടെ വരുന്ന ആരെയും എനിക്ക് മനസ്സിൽ പിടിച്ചിട്ടില്ല.. എന്താണെന്ന് അറിയില്ല ആർക്കും നമ്മൾ മനസ്സിൽ കണ്ട ആ മുഖം ഇല്ലായിരുന്നത് കൊണ്ടാവാം…
കുറച്ച് നേരം ഒക്കെ അവിടെ ചിലവഴിച്ച ശേഷം ഞാൻ വീട്ടിലേക്ക് തന്നെ തിരികെ പോന്നു…
പാലും പത്രവും ഒക്കെ ഗേറ്റിൽ തന്നെ ഉണ്ടായിരുന്നു… അതും എടുത്ത് ഞാൻ ഉള്ളിലേക്ക് നടന്നു…
സത്യത്തിൽ പത്രം വരുത്തുന്നത് വിഷ്ണു ആണ്.. അവൻ പൊതുവിജ്ഞാനം വർദ്ധിപ്പിക്കാൻ വേണ്ടി വായിക്കും.. നമുക്കൊന്നും പിന്നെ ആ ശീലം ഇല്ലല്ലോ…
രാവിലെ തന്നെ കുളിച്ചില്ലെങ്കിൽ എന്തോ പോലെ ആണ്..
അവന്മാർ ഉണ്ടെങ്കിൽ നിതിൻ ഇപ്പൊ എഴുന്നേറ്റിട്ട് കൂടി ഉണ്ടാവില്ല.. വിഷ്ണു പിന്നെ ക്ലാസിന് പോകാൻ റെഡി ആവുന്നുണ്ടാവും…
ഏതായാലും ഞാൻ ഒന്ന് കുളിച്ച് ഫ്രഷ് ആയി…
നേരെ അടുക്കളയിൽ പോയി ഒരു ചായ ഒക്കെ ഇട്ടു…
സോഫയിൽ ടിവി ഓൺ ചെയ്ത് വാർത്തയും വച്ച് ഇരുന്നു…
നാട്ടിൽ എന്തൊക്കെ നടക്കുന്നുണ്ട് എന്ന് അറിയണമല്ലോ…
ചായ കുടിച്ചോണ്ട് തന്നെ ഫോൺ എടുത്ത് നെറ്റ് ഓൺ ചെയ്ത് വാട്ട്സ്ആപ് ഓപ്പൺ ആക്കി….
ഒന്ന് രണ്ട് ഗ്രൂപ്പ് മെസ്സേജുകൾക്ക് താഴെ ഇന്നലെ സേവ് ചെയ്ത പ്രിയ എന്ന നമ്പറിൽ നിന്ന് ഒരു മെസ്സേജ് കണ്ടു…
സത്യത്തിൽ എന്തോ അവളുടെ മെസ്സേജ് കണ്ടപ്പോൾ ഒരു ചെറിയ സന്തോഷവും ആകാംഷയും തോന്നി..
ഞാൻ ഓപ്പൺ ചെയ്ത് നോക്കിയപ്പോൾ ഒറ്റ മെസ്സേജ് മാത്രമേ ഒള്ളു.. അതും ഡിലീറ്റ് ചെയ്തത്…
എന്നാലും എന്തായിരിക്കും അവള് ഡിലീറ്റ് ചെയ്തത് എന്നായി പിന്നീടുള്ള ചിന്ത…
എന്റെ പ്രൊഫൈൽ ഫോട്ടോ കണ്ടിട്ടുണ്ട് എങ്കിൽ അവള് ഉദ്ദേശിച്ച ആളല്ല ഞാൻ എന്ന് മനസ്സിലായി കാണും…
വേണമെങ്കിൽ ഇപ്പൊൾ ഇവിടെ വച്ച് ഇത് അവസാനിപ്പിക്കാം.. പക്ഷേ എന്തോ എന്റെ മനസ്സ് അതിന് അനുവദിച്ചില്ല..