നിയന്ത്രിക്കാൻ പറ്റാത്ത ചിന്തകളുടെ കുടുക്കിലേക്ക് അവളുടെ മനസ്സ് വഴുതി വീണു. കാറിനകത്തെ സ്റ്റീരിയോയിൽ നിന്നും നേർത്ത ഇശലുകൾ ആ അന്തരീക്ഷത്തിനെ കൂടുതൽ അനുഭവ്യമാക്കിയിരുന്നു.
എന്തോ അപകടം കണ്ടത് പോലെ അർജുൻ പെട്ടെന്ന് ബ്രൈക്കിൽ ചവിട്ടിയപ്പോഴാണ് ചിന്തയുടെ ആഴങ്ങളിൽ നിന്നും അനിതടീച്ചർ ഞെട്ടിയുണർന്നത്. ചിരലിലും കല്ലുകളിലും ഉരഞ്ഞു ഭീകര ശബ്ദമുണ്ടാക്കി കാർ നിന്നു.
സീറ്റ് ബെൽറ്റ് ഇട്ടുണ്ടായിരുന്നെങ്കിലും പെട്ടെന്നുള്ള ചവിട്ടലിൽ അനിതയും പിന്നിൽ ഇരിക്കുന്ന നാരായണിയും കുട്ടേട്ടന്റെ വീട്ടിൽ നിന്നും കയറിയ ആ സ്ത്രീയും മുന്നിലേക്ക് ആഞ്ഞു.
“ദേ.. നോക്ക്..” അർജുൻ ഹെഡ് ലൈറ്റിന്റെ വെട്ടത്തിലേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു. അപ്പോഴാണ് അനിതടീച്ചർ മുന്നിലേക്ക് നോക്കിയത്.
“ആന….” അനിതടീച്ചറുടെ കണ്ഠത്തിൽ നിന്നും ഒരു നേർത്ത ശബ്ദമുയർന്നു.
കറുത്ത വലിയൊരു ഗജം തലയുയർത്തി വഴിയിൽ നിൽക്കുന്നു. ഹെഡ് ലൈറ്റിന്റെ വെട്ടത്തിൽ പേടിപ്പെടുത്തുന്ന ഒരു രൂപമായിരുന്നു അത്.
അർജുൻ വണ്ടി പിന്നോട്ടെടുക്കാൻ തയ്യാറായി നിന്നു. ലൈറ്റ് അവൻ ഡിം ചയ്തു. അൽപ്പനേരം നിശ്ചലമായി നിന്നതിന് ശേഷം ആ ദന്തി വനത്തിന്റെ ഇരുട്ടിലേക്ക് പതിയെ ഇഴഞ്ഞു നീങ്ങി. അത് നീങ്ങിയപ്പോൾ ഒരു വലിയ ഇരുട്ട് മറനീക്കിയത് പോലെ അവർക്ക് തോന്നി. അർജുൻ ശ്രദ്ധിച്ച് വണ്ടി വീണ്ടും മുന്നിലേക്കെടുത്തു.
കുറച്ച് ദൂരം സഞ്ചരിച്ചതിന് ശേഷം വണ്ടി നിർത്തി പുറത്തിറങ്ങിയ അനിതടീച്ചർക്ക് താൻ ഇത് വരെ കണ്ടിട്ടില്ലാത്ത മറ്റൊരു ഗ്രഹത്തിൽ വന്നിറങ്ങിയ ഒരു അനുഭവമായിരുന്നു.
ചുറ്റും കൂറ്റാക്കൂരിരുട്ട്. മുന്നിൽ അകെ കാണാൻ കഴിയുന്നത്, ഓല കൊണ്ടും പുല്ലു കൊണ്ടും മേഞ്ഞ മേൽക്കൂരകളോട് കൂടിയ അഞ്ചാറ് മൺ കൂരകൾ, അവയുടെ ഇറയത്ത് കത്തുന്ന മഞ്ഞ വെളിച്ചം. ആ പ്രകാശത്തിന് ചുറ്റും പടർന്ന് കിടക്കുന്ന കോടയുടെ വെളുത്ത പുക.
ശെരീരം തണുക്കുന്നുണ്ടായിരുന്നു. കൈകൾ രണ്ടും കൂട്ടി പിണഞ്ഞു അനിത ഒരു കൂരയുടെ ഇറയത്തേക്ക് കയറി. കൂടെ കയറിയ സ്ത്രീ ടീച്ചർക്ക് ആ കൂരയുടെ വാതിൽ തുറന്നു കൊടുത്തു. പുറത്തെ മൺ ചുമരിൽ ഉണ്ടായിരുന്ന സ്വിച്ചിൽ വിരലമർത്തിയപ്പോൾ ഉള്ളിൽ പ്രകാശം തെളിഞ്ഞു. ഉള്ളിലെ കാഴ്ച കണ്ട് അനിതടീച്ചർ ആശ്ചര്യപെട്ടുപോയി.
മനോഹരമായ കിടപ്പുമുറി. കിടക്കയും കസേരകളും സോഫയും കാർട്ടനും ഒക്കെ കൊണ്ട് അലങ്കരിച്ചിരുന്ന ഒരു ആഡംബര ബെഡ് റൂമിന്റെ എല്ലാ ആഢ്യത്വവും വിളിച്ച് പറയുന്ന ഒരു കാഴ്ചയായിരുന്നു അത്. അവൾ അകത്തേക്ക് കയറി കിടക്കയിൽ ഇരുന്നു. നല്ല പതുപതുപ്പ്.
വണ്ടിയൊതുക്കി അർജുൻ കോമ്പൗണ്ടിന്റെ ഗെയ്റ്റ് ചെന്നടച്ചു. ആനകൾ അകത്തേക്ക് കയറാതിരിക്കാൻ ചുറ്റും അതിരായി കെട്ടിയിരിക്കുന്ന ഇരുമ്പ് കമ്പികളിലേക്ക് വൈദ്യുതി കടത്തി വിടാനുള്ള സ്വിച്ചും അമർത്തിയതിന് ശേഷമാണ് അവൻ കൂരയിലേക്ക് കയറിയത്.
“ചേച്ചി ഭക്ഷണം എന്തെങ്കിലും ഉണ്ടാകണം.. ഞങ്ങൾ കഴിച്ചില്ല..”
“ആഹ്… നിങ്ങൾ ഇരിക്ക് ഞാൻ ഉണ്ടാക്കിയിട്ട് വിളിക്കാം..” എന്നും പറഞ്ഞ് ആ സ്ത്രീ മറ്റൊരു കൂരയിലേക്ക് പോയി. അർജുൻ അനിതടീച്ചറും നാരായണിയുമുള്ള കൂരയിലേക്കും കയറി.